ആലപ്പുഴ: സെന്റ് ജോസഫ്സ് വനിതാ കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ ജനുവരി മൂന്നിനു സമാപിക്കും. രാവിലെ 10ന് നടക്കുന്ന സമ്മേളനത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മുഖ്യാതിഥിയായിരിക്കും. കെ.സി. വേണുഗോപാല്‍ എംപി, തോമസ് ഐസക് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി, കളക്ടര്‍ എന്‍. പത്മകുമാര്‍, മദര്‍ പ്രോവിന്ഷ്യല് സിസ്റ്റര്‍ ഗെട്രൂഡ് മൈക്കിള്‍, മോണ്‍. പയസ് ആറാട്ടുകുളം, കോളേജ് മാനേജര്‍ സിസ്റ്റര്‍ ഫിലോമിന പുത്തന്‍പുര തുടങ്ങിയവര്‍ പങ്കെടുക്കും.
കോളേജിന്റെ 60 വര്‍ഷത്തെ ചരിത്ര മുഹൂര്‍ത്തങ്ങളെ ആസ്പദമാക്കി ഫോട്ടോഗ്രാഫര്‍ ഷീലുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനം കനോഷ്യന്‍ സന്യാസിനി സഭയുടെ മുന്‍ മദര്‍ ജനറല്‍ സിസ്റ്റര്‍ മാര്‍ഗ്രേറ്റ് പീറ്റര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിനു പുനലൂര്‍ രൂപതാദ്ധ്യക്ഷന് ഡോ. സെല്‍വിസ്റ്റര്‍ പൊന്മുത്തന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാ ബലിയും തുടര്‍ന്ന് അദ്ധ്യാപക, അനദ്ധ്യാപക, വിദ്യാര്‍ത്ഥിനികള്‍, പൂര്‍വാദ്ധ്യാപക, വിദ്യാര്‍ത്ഥിനികള്‍ തുടങ്ങിയവരുടെ കലാപരിപാടികള്‍ എന്നിവ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ജാനറ്റ് അഗസ്റ്റിന്, അദ്ധ്യാപികമാരായ ഡോ. എന്‍.ആര്. ചിത്ര, ഡോ. സുശീല കുരിവിള, ഡോ. ജസീന്ത ജോണ്‍, പ്രൊഫ. റോസ് മൈക്കിള്‍, പിടിഎ ഭാരവാഹികളായ രാജുപള്ളിപ്പറമ്പില്‍, കെ. അല്‍ഫോണ്‍സ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: