ആലപ്പുഴ: ഭരണം എന്നതു തുടര്‍ച്ചയായ പ്രക്രിയയാണെന്നും മുന്‍കാലത്ത് വകുപ്പുദേ്യാഗസ്ഥര്‍ വരുത്തിയ വീഴ്ചയ്ക്കു പരിഹാരം കാണുന്നതിനു പകരം നിലവിലെ ഉദേ്യാഗസ്ഥര്‍ ഉപേക്ഷ കാട്ടി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും പരാതികള്‍ക്കായുള്ള നിയമസഭാ സമിതി ചെയര്മാന് തോമസ് ഉണ്യാടന്‍ എംഎല്‍എ പറഞ്ഞു. നിയമസഭാസമിതി സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹരിപ്പാട് ബ്ളോക്കില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രതേ്യക ജവഹര്‍ റോസ്ഗാര്‍ യോജന പദ്ധതി പ്രകാരം പാടശേഖരവികസനപ്രവൃത്തി ചെയ്ത കരാറുകാരന്റെ വിധവയ്ക്ക് പണം അനുവദിച്ചില്ലെന്ന പരാതിയില്‍ തീര്‍പ്പുകല്‍പ്പിക്കുകയായിരുന്നു സമിതി. പണിപൂര്ത്തിയാക്കിയതു സംബന്ധിച്ച് അക്കാലത്തെ അസിസ്റ്റന്റ് എന്‍ജിനീയര്‍ മെഷര്‍മെന്റ് എടുത്ത് ബില്ലു പാസാക്കാതിരുന്നതു മൂലമാണ് പണം നല്കാന് കഴിയാത്ത സാഹചര്യമുണ്ടായതെന്നു ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു.
എന്നാല്‍ ഇത് സമിതി അംഗീകരിച്ചില്ല. അന്നത്തെ ഉദ്യോഗസ്ഥനു ചെയ്യാന്‍ കഴിയാതിരുന്നത് പൂര്‍ത്തീകരിക്കാന്‍ പിന്നീടു വരുന്ന ഉദ്യോഗസ്ഥന് ബാധ്യസ്ഥനാണ്.റവന്യൂ റിക്കവറി നടപടി അടിയന്തരമായി നിര്‍ത്തിവയ്ക്കാനും സമിതി നിര്‍ദ്ദേശിച്ചു. പരാതി എത്രയും വേഗം തീര്‍പ്പാക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതികളും സമിതിക്കു മുമ്പാകെ എത്തി. മാവേലിക്കരയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിക്കു പൊലീസ് മര്‍ദ്ദനമേറ്റെന്ന വിഷയത്തില്‍, കാരണക്കാരനായ അന്നത്തെ എസ്ഐ ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പരാതി, പരാതിക്കാരുടെ അഭാവത്തിലും സമിതി പരിഗണിച്ചു. പോലീസ് മര്‍ദ്ദനം പോലുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സമിതി കര്‍ശനനിര്‍ദ്ദേശം നല്കി.
ആലപ്പുഴയിലെ സ്വാത്രന്ത്യസമരസേനാനിയുടെ വഴി തടസ്സപ്പെടുത്തുന്നതായുള്ള പരാതിയില്‍, കോടതിയുടെ നിലവിലുള്ള ഇടക്കാല ഉത്തരവു പ്രകാരം പോലീസ് നടപടി സ്വീകരിക്കണമെന്നും വീണ്ടും വഴി തടസ്സപ്പെടുത്തിയാല്‍ അത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കമെന്നും ജില്ലാ പൊലീസ് മേധാവിയോട് സമിതി നിര്‍ദ്ദേശിച്ചു.
അയല്‍വാസികള്‍ തന്റെ പറമ്പിലെ മണ്ണു വാരിക്കൊണ്ടുപോയതായും വീട് ഉപരോധിച്ചതായുമുള്ള മധ്യവയസ്കയുടെ പരാതി പരിഗണിച്ചപ്പോള്‍ പരാതിക്കാരി സമീപവാസികളുടെ ജല ലഭ്യത തടസ്സപ്പെടുത്തിയെന്ന വിവരം ലഭിച്ചതിനാല്‍ പ്രത്യേകപരിശോധന നടത്താന്‍ സമിതി കളക്ടറോട് ആവശ്യപ്പെട്ടു. പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്ന അപേക്ഷയും തീര്‍പ്പാക്കിയ സമിതി തുടര്‍ നടപടിക്കായി ഡി.എം.ഒ.യെ ചുമതലപ്പെടുത്തി. നഗരസഭയില്‍ നിന്നു ശമ്പളം ലഭിക്കാത്തതു സംബന്ധിച്ചും അനധികൃത കശാപ്പു ശാല സംബന്ധിച്ചുമുള്ള പരാതികളിലും സമിതി നടപടി സ്വീകരിച്ചു.
സമിതിക്കു മുമ്പാകെ വരുന്ന പരാതികളില്‍ റിപ്പോര്‍ട്ട് നല്കാന് കാലതാമസം വരുത്തുന്ന ഉദേ്യാഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടിക്കു ശുപാര്‍ശ ചെയ്യുമെന്ന് ചെയര്മാന് പറഞ്ഞു. സിറ്റിങ്ങില്‍ സമിതിയംഗങ്ങളും എംഎല്‍എമാരുമായ സി.കെ. നാണു, കെ. കുഞ്ഞമ്മദ് മാസ്റ്റര്‍, പി. ഉബൈദുള്ള, കളക്ടര്‍ എന്‍. പത്മകുമാര്‍, ജില്ലാ പൊലീസ് മേധാവി കെ.കെ. ബാലചന്ദ്രന്, എഡിഎം ആന്റണി ഡൊമിനിക്, ഡെപ്യൂട്ടി കളക്ടര്‍ ആര്. സന്തോഷ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: