ആലപ്പുഴ: കയര്‍ ഉത്പന്നങ്ങള്‍ കൂടുതല്‍ വിറ്റഴിക്കുന്നതിനുള്ള വിപണനതന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതിന് സ്ഥാപനങ്ങള്‍ പ്രാധാന്യം നല്‍കണമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഫോംമാറ്റിങ്സ് ഇന്ത്യാ ലിമിറ്റഡ് ആലപ്പുഴ ബീച്ച് റോഡില്‍ ആരംഭിച്ച പുതിയ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനവും ഓണത്തോടനുബന്ധിച്ച് വിപണനമേളയില്‍ പ്രഖ്യാപിച്ച സമ്മാനങ്ങളുടെ വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കയര്‍ ഉത്പന്നങ്ങള്‍ കൂടുതല്‍ വിറ്റഴിക്കപ്പെടേണ്ടത് പ്രധാനമാണ്. കൊല്ലം പെരുമണ്ണില്‍ ഫോംമാറ്റിങ്സിന്റെ പിവിസി ടഫ്റ്റഡ് ഫാക്ടറി ആരംഭിക്കാനുള്ള നടപടികളായി. സ്ഥലം സംബന്ധിച്ച തര്‍ക്കം പരിഹരിച്ചാലുടന്‍ നിര്‍മാണം ആരംഭിക്കും. ഫോംമാറ്റിങ്സിന്റെ വരുമാനം ഇത്തവണ 5.80 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം ഇതേസമയം വരുമാനം 4.60 കോടി രൂപയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ജി. സുധാകരന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ഓണക്കാല വില്പനയില് നല്കിയ സമ്മാനക്കൂപ്പണിലൂടെ 53 പേര് വിജയികളായി. ഇവര്‍ക്കുള്ള സമ്മാനങ്ങള്‍ മന്ത്രി വിതരണം ചെയ്തു. ഈ വര്‍ഷം ഓണക്കാലത്ത് മാത്രം 1.76 കോടി രൂപയുടെ വില്പന നടത്തി. കഴിഞ്ഞവര്‍ഷം ഇത് 1.16 കോടി രൂപയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: