മാവേലിക്കര: ചെട്ടികുളങ്ങരയില്‍ നാലു കടകളില്‍ മോഷണം. ഒരിടത്ത് മോഷണ ശ്രമവും നടന്നു. ഡിസംബര്‍ 30ന് പുലര്‍ച്ചെയാണ് ചെട്ടികുളങ്ങര ചന്തയിലെ കടകളിലും ക്ഷേത്രത്തിനു സമീപത്തെ ഹോട്ടലിലും മോഷണം നടന്നത്. ചന്തയില്‍ ഈരേഴ തെക്ക് വന്മേലില് പടീറ്റതില്‍ രാഘവന്റെ വിറകുവില്പന കടയുടെ താഴു തകര്‍ത്ത് അടത്തു കടന്ന മോഷ്ടാക്കള്‍ വെട്ടുകത്തിയും കമ്പിപ്പാരയും അപഹരിച്ചു.
മേശയ്ക്കുള്ളിലുണ്ടായിരുന്ന 500 രൂപയും കവര്‍ന്നു. ഈ കമ്പിപ്പാര ഉപയോഗിച്ച് സമീപത്തെ ആറന്മുള കൊട്ടാരത്തില്‍ മധുസൂദനന്‍നായരുടെ ഉടമസ്ഥതയിലുള്ള ഉഷാ മെഡിക്കല്‍സിന്റെ താഴു തകര്‍ത്ത് 2,100 രൂപയും മൊബൈല്‍ ഫോണും അപഹരിച്ചു. ഇതിനോടു ചേര്‍ന്നുള്ള കൈതതെക്ക് കുറ്റിയില്‍ മത്തായിയുടെ കടയുടെ താഴു തകര്‍ത്ത് 500 രൂപയും നാലു ലിറ്റര്‍ ശീതളപാനീയവും മോഷ്ടിച്ചു.
ഇതിനു സമീപത്തെ പാരഡൈസ് മൊബൈല്‍സിന്റെ പൂട്ടു തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനുശേഷം ക്ഷേത്രത്തിനു സമീപം കൈത തെക്ക് കന്നാശേരില് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ശരണ്യാ ഹോട്ടലില്‍ കയറിയ ഇവിടെ നിന്നും 4,500 രൂപയും ഭക്ഷ്യസാധനങ്ങളും മോഷ്ടിച്ചു. അടുക്കളയില്‍ കയറി മൂത്രവിസര്‍ജനവും നടത്തി.
ബ്ലാക്മാന്റെ പേരില്‍ വ്യാജപ്രചരണം നടക്കുന്നതിനാല്‍ രാത്രി കാലങ്ങളില്‍ ശബ്ദം കേട്ടാലും ആളുകള്‍ പുറത്തിറങ്ങാന്‍ മടിക്കുകയാണ്. ഈ സാഹചര്യം മുതലെടുത്ത് സാമൂഹ്യവിരുദ്ധരും മോഷ്ടാക്കളും അഴിഞ്ഞാടുകയാണ്. രാത്രികാല പട്രോളിങ് ഊര്ജിതമാണെന്നു പോലീസ് പറയുമ്പോഴും മോഷ്ടാക്കള്‍ വിഹരിക്കുന്നത് ജനത്തെ കൂടുതല്‍ ഭീതിയിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: