മരട്: പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സ്ഥലം എംഎല്‍എകൂടിയായ മന്ത്രിയും ഭരണകക്ഷി കൗണ്‍സിലറും തമ്മില്‍ വാക്കുതര്‍ക്കം. പല പ്രദേശങ്ങളിലും ആഴ്ചകളായി കുടിവെള്ളം കിട്ടാത്തതും ചില പ്രദേശങ്ങളില്‍ പൈപ്പുകള്‍പൊട്ടി കുടിവെള്ളം പാഴാകുന്നതുംമൂലം നാട്ടുകാര്‍ പ്രതിഷേധവുമായി പരസ്യമായി രംഗത്തുവന്ന സാഹചര്യത്തിലാണ് സ്ഥലം എംഎല്‍എകൂടിയായ മന്ത്രി കെ. ബാബുവിന്റെ സാന്നിദ്ധ്യത്തില്‍ മരട് മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ തിങ്കളാഴ്ച രാവിലെ പത്തരയോടെ യോഗം നടന്നത്.
നഗരസഭാ ചെയര്‍മാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളിലെ കൗണ്‍സിലര്‍മാരും മുനിസിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ജലഅതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ളവരുമാണ് പങ്കെടുത്തത്.
രാവിലെ 10ന് ചേരുമെന്ന് അറിയിച്ചിരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ മന്ത്രിയെത്തിയപ്പോള്‍ അഞ്ചു കൗണ്‍സിലര്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് മറ്റൊരു പരിപാടി ഉണ്ടെന്നും പറഞ്ഞ് മന്ത്രി ഇറങ്ങിപ്പോയി. സ്ഥലത്തെത്തിയ നഗരസഭാ ചെയര്‍മാനും ഉദേ്യാഗസ്ഥരും യോഗനടപടികള്‍ ആരംഭിച്ചു. തിരിച്ചെത്തിയ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് ചൂടേറിയ ചര്‍ച്ചയ്ക്ക് വേദിയായി.
പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നതും ചിലയിടങ്ങളില്‍ കുടിവെള്ളം കിട്ടാത്തതിനും നാട്ടുകാര്‍ തങ്ങളെ കുറ്റപ്പെടുത്തുകയാണെന്ന് നഗരസഭയിലെ ഭരണ-പ്രതിപക്ഷ ഭേദമന്യേ കൗണ്‍സിലര്‍മാര്‍ മന്ത്രിയോടും വാട്ടര്‍ അതോറിറ്റിയിലെ ഉദേ്യാഗസ്ഥരോടും പരാതി പറഞ്ഞു. കരാറുകാര്‍ക്ക് കൊടുക്കാന്‍ പണം ലഭിക്കാതത്തുകൊണ്ടാണ് സമയബന്ധിതമായി പ്രശ്നം പരിഹരിക്കാന്‍ സാധിക്കാത്തതെന്ന് ജല അതോറിറ്റി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മറുപടി പറഞ്ഞു.
പണംഇല്ലെന്ന കാരണം പറഞ്ഞ് പൈപ്പിടലും മറ്റും നടത്താതിരിക്കുന്നത് പ്രശ്നം പരിഹരിക്കുന്നതിന് തടസ്സമാണെന്ന് ഭരണകക്ഷിയംഗംകൂടിയായ 14-ാം ഡിവിഷന് കൗണ്‍സിലര്‍ ജോര്‍ജ്ജ് ആന്റണി മന്ത്രിയോട് പറഞ്ഞു. ഇതില്‍ പ്രകോപിതനായ മന്ത്രി കെ. ബാബു കൗണ്‍സിലറോട് ‘എന്നാല്‍ നിന്റെ സ്വന്തം തറവാട്ടുവീട്ടില്‍നിന്നും പണം കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കെടാ’ എന്നു രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് അടിയന്തരമായി കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുവാന്‍ യോഗത്തില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: