ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് 5.30ന് തന്ത്രി കണ്ഠര് രാജീവരരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി ഇ.എന്‍. കൃഷ്ണദാസ് നമ്പൂതിരി തിരുനട തുറന്ന് നെയ്ത്തിരി ജ്വലിപ്പിച്ച് ഭഗവാനെ ഭക്തജനസാന്നിദ്ധ്യം അറിയിക്കും.
തുടര്‍ന്ന് അയ്യപ്പന്മാരെ പതിനെട്ടാംപടി ചവിട്ടാന്‍ അനുവദിക്കും. 14 നാണ് ഭക്തസഹസ്രങ്ങള്‍ ദര്‍ശനത്തിനായി കാത്തിരിക്കുന്ന മകരവിളക്ക്. ഇതിന് മുന്നോടിയായി 11 നാണ് എരുമേലി പേട്ടതുള്ളല്‍. 12 ന് പന്തളത്തുനിന്നും തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്ക് പുറപ്പെടും. മകരവിളക്ക് ദിവസം തിരുവാഭരണങ്ങള്‍ ഭഗവാന് ചാര്‍ത്തിയാണ് ദീപാരാധന നടക്കുക.
മകരവിളക്ക് മഹോത്സവത്തിനായി ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ അവസാനവട്ട ഒരുക്കങ്ങളാണ് സന്നിധാനത്ത് നടക്കുന്നത്. സന്നിധാനവും പമ്പയും വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം ശുചീകരിച്ചിരുന്നു. ഭക്തജനത്തിരക്ക് മുന്നില്‍ക്കണ്ട് ബാരിക്കേഡുകള്‍ അടക്കമുള്ള അറ്റകുറ്റപ്പണികള്‍ ദേവസ്വംബോര്‍ഡ് മരാമത്ത് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്നു. മണ്ഡല ഉത്സവക്കാലത്ത് മുമ്പൊരിക്കലും ഉണ്ടാവാത്ത തരത്തിലുള്ള ഭക്തജനപ്രവാഹമാണ് സന്നിധാനം ദര്‍ശിച്ചത്.
മകരവിളക്ക് മഹോത്സവത്തിന് നടതുറക്കുന്നതോടെ ഭക്തരുടെ തിരക്ക് നിയന്ത്രണാതീതമാകുമെന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്. മണ്ഡല ഉത്സവക്കാലത്ത് ഉണ്ണിയപ്പവും അരവണയുമടക്കമുള്ള പ്രസാദങ്ങളുടെ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നടതുറക്കുന്നതോടെ പ്രസാദ വിതരണം സുഗമമാക്കാന്‍ നടപടി സ്വീകരിച്ചതായി ദേവസ്വം അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: