ശബരിമല: ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ച് പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് പോലീസ് ജീപ്പ് ഓടിച്ചുകയറ്റി. അയ്യപ്പഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ ഇന്നലെ പുലര്‍ച്ചെ 1.30 ഓടെയാണ് സ്വാമി അയ്യപ്പന് റോഡിലൂടെ പോലീസ് ജീപ്പ് സന്നിധാനത്തേക്ക് പോയത്.
ഇതുമായി ബന്ധപ്പെട്ട് സി.ഐയും രണ്ട് എഎസ്ഐ മാരുമടക്കം നാലുപേരെ സസ്പെന്റു ചെയ്തു. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള കല്‍പ്പറ്റ സി.ഐ സുഭാഷ്ബാബു, കല്‍പ്പറ്റ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ മാരായ ജോര്‍ജ്ജ്, എ.വിജയന്, ഡ്രൈവര്‍ രാജേഷ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
സി.ഐഎയും എഎസ്ഐ മാരേയും മരക്കൂട്ടത്ത് ഇറക്കിയ ശേഷം ഡ്രൈവര്‍ ജീപ്പുമായി പമ്പയിലേക്ക് മടങ്ങുകയായിരുന്നു. സ്വാമി അയ്യപ്പന് റോഡിലൂടെ പോലീസ് ജീപ്പ് പോകുന്നതുകണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍തന്നെ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ജീപ്പ് നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞത്.
സംഭവം സംബന്ധിച്ച് എഡിജിപി പത്മകുമാര്‍ സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ എന്‍.രാമചന്ദ്രനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാലുപേരെ സസ്പെന്റ് ചെയ്തത്. ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇതുസംബന്ധിച്ച വകുപ്പുതല അന്വേഷണത്തിന് വയനാട് നാര്‍ക്കോട്ടിക്സെല്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. നിരോധനം ലംഘിച്ച് വാഹനം ഓടിച്ചതിന് വനംവകുപ്പും കേസെടുക്കും. നിലവില്‍ സ്വാമി അയ്യപ്പന് റോഡിലൂടെ സന്നിധാനത്തേക്ക് സാധനസാമഗ്രികള്‍ എത്തിക്കാനായി ട്രാക്ടറുകള്‍ക്ക് മാത്രമാണ് അനുവാദമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: