തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പ്രക്ഷോഭം ആരംഭിക്കാന്‍ എല്‍ഡിഎഫ് തീരുമാനം. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫിസിനേയും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്താനും മുഖ്യമന്ത്രിയെ വിസ്തരിക്കാനും ജുഡീഷ്യല്‍ കമ്മീഷന് തീരുമാനിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സമരം. ജനുവരി അഞ്ചിന് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലാ കേന്ദ്രങ്ങളിലും ജനപ്രതിനിധികള്‍ ധര്‍ണ നടത്തും.
തുടര്‍സമരപരിപാടികള്‍ പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സോളാര്‍ വിവാദത്തില്‍ എല്‍ഡിഎഫ് നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍, മുഖ്യമന്ത്രിയെയും ഓഫിസിനെയും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്താത്ത സാഹചര്യത്തിലാണ് കമ്മീഷനുമായി സഹകരിക്കില്ലെന്ന് എല്‍ഡിഎഫ് വ്യക്തമാക്കിയത്.
എന്നാല്‍, ഇപ്പോള്‍ മുഖ്യമന്ത്രിയെയും ഓഫിസിനെയും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയതും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ കമ്മീഷന് തീരുമാനിച്ചതും എല്‍ഡിഎഫ് നിലപാടിനെ സാധൂകരിക്കുന്നതാണ്. നിലവിലെ ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണത്തോട് മുഖംതിരിച്ചുനില്‍ക്കുന്ന സമീപനം സ്വീകരിക്കില്ല. സോളാര്‍ കേസില്‍ ആരോപണമുന്നയിച്ച എംഎല്‍എമാര്‍ കമ്മീഷനു മുന്നില്‍ തെളിവുകള്‍ നല്‍കും.
ബാര്‍കോഴ ഇടപാടില്‍ ആരോപണവിധേയനായ കെ.എം. മാണിയുടെ രാജിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭം തുടരും. പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിനെതിരെ നിയമസഭയില്‍ ഗണേഷ്കുമാര് ഉന്നയിച്ച ഗുരുതരമായ അഴിമതി ആരോപണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ക്യാമ്പെയിന് സംഘടിപ്പിക്കും.
കേരളാ കോണ്‍ഗ്രസിലെ പി.സി. തോമസ്, സ്കറിയ തോമസ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം തുടരുന്നതിനാല്‍ യോജിപ്പിലെത്തും വരെ അവരെ മുന്നണിയോഗത്തില്‍ പങ്കെടുപ്പിക്കില്ലെന്ന നിലപാട് എല്‍ഡിഎഫ് നേതൃത്വം ആവര്‍ത്തിച്ചു. ഇരുവിഭാഗവും ഇന്നലെയും രണ്ടുഗ്രൂപ്പായാണ് എകെജി സെന്ററിലെത്തിയത്. ഇതേത്തുടര്‍ന്ന് ഇരുവരെയും നേതൃത്വം തിരിച്ചയക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: