നെയ്യാറ്റിന്‍കര: സാംസ്ക്കാരിക പൈതൃകങ്ങള്‍ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയെന്ന് ചലച്ചിത്ര താരം സുരേഷ് ഗോപി. സ്വദേശാഭിമാനി രാമകൃഷ്ണപിളളയുടെ ജന്മഗൃഹമായ അതിയന്നൂര്‍ കൂടില്ലാ തറവാട് വിലയ്ക്ക് വാങ്ങി അതിന്റെ രേഖകള്‍ തിരുവനന്തപുരം പ്രസ് ക്ലബിന് കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വദേശാഭിമാനിയുടെ സിനിമ നിര്‍മ്മിക്കുകയാണെങ്കില്‍ അതില്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹത്തരമായ ആശയത്തിന്റെ പേരില്‍ സ്വന്തം ജീവിതം ഹോമിച്ച ആദ്യ വിപ്ലവകാരിയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിളളയെന്ന് എം.എ. ബേബി എംഎല്‍എ പറഞ്ഞു. പത്രപ്രവര്‍ത്തനവും പ്രസിദ്ധീകരണവും പെയ്ഡ് ന്യൂസാകുന്ന ഈ കാലഘട്ടത്തില്‍ സമുചിതമായി പ്രതികരിച്ച സുരേഷ്ഗോപി ആദരവ് ആര്ഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കൂടില്ലാ തറവാടിന്റെ രേഖകള്‍ പ്രസ് ക്ലബ് പ്രസിഡന്റ് പി.പി. ജെയിംസ് സുരേഷ്ഗോപിയില്‍ നിന്ന് ഏറ്റുവാങ്ങി. മലയിന്‍കീഴ് ഗോപാലകൃഷ്ണന്, അതിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ശശികുമാര്‍, മെമ്പര്‍ സുധകുമാരി, കെ.പി. ശശിധരന്‍നായര്‍, എം വേണുഗോപാലന്‍ തമ്പി, കെ. ആന്‍സലന്‍, ജി. സോമശേഖരന്‍നായര്‍, സ്വദേശാഭിമാനി ജേര്‍ണലിസ്റ്റ് ഫോറം സെക്രട്ടറി അജി ബുധന്നൂര്‍, രാമാനന്ദകുമാര്‍, ഗിരീഷ് പരുത്തിമഠം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: