കുന്നത്തൂര്‍: അശാസ്ത്രീയമായി കെട്ടിടനികുതി വര്‍ദ്ധിപ്പിച്ച പഞ്ചായത്തുകളുടെ നടപടിക്കെതിരെ താലൂക്കില്‍ വന്‍പ്രതിഷേധം. കുന്നത്തൂര്‍ താലൂക്കിലെ ശാസ്താംകോട്ട, പോരുവഴി, ശൂരനാട് വടക്ക് എന്നീ ഗ്രാമപഞ്ചായത്തുകളാണ് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ കെട്ടിടനികുതി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
2013 മാര്‍ച്ചില്‍ തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറി ഇറക്കിയ ഉത്തരവുപ്രകാരം 20 ശതമാനം വരെയാണ് കെട്ടിടനികുതി വര്‍ദ്ധനവിന് പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പഞ്ചായത്തുകളുടെ വരുമാനവര്ദ്ധനവിനുവേണ്ടി താലൂക്കിലെ മുഴുവന്‍ പഞ്ചായത്തുകളും തോന്നിയതുപോലെ കെട്ടിടനികുതി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
ഒരു സ്ക്വയര്‍ഫീറ്റിന് 60 രൂപ എന്ന നിരക്കിലാണ് ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ഉടമകള്‍ക്ക് കെട്ടിടനികുതി നല്‍കിയത്. എന്നാല്‍ നഗരസഭകളിലെ കടകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കുമാണ് ഈ നികുതി ബാധകം. അതേപോലെ കഴിഞ്ഞ വര്‍ഷം വരെ 230 രൂപ കെട്ടിടനികുതി നല്കികൊണ്ടിരുന്ന ചക്കുവള്ളിയിലെ ഒരു കടയുടമയ്ക്ക് ഈ വര്‍ഷം ശൂരനാട് ഗ്രാമപഞ്ചായത്തിന്റെ വക ലഭിച്ചത് 7356 രൂപയുടെ നോട്ടീസ്. മണ്‍കട്ട കെട്ടിയ ഓല മേഞ്ഞ വീടുകളുടെ കരം 40 രൂപയില്‍ നിന്ന് 400 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്.
വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന കടകള്‍ക്ക് 5000 രൂപയില്‍ കുറയാത്ത നോട്ടീസും ലഭിച്ചു. ഭീമമായ കെട്ടിടനികുതി നോട്ടീസ് ലഭിച്ചവര്‍ പഞ്ചായത്തിന് പരാതി നല്‍കിയെങ്കിലും പുതിയ സര്‍ക്കാര്‍ ഉത്തരവുപ്രകാരമാണ് നികുതിവര്‍ദ്ധനവ് എന്നാണ് അധികൃതരുടെ വിശദീകരണം.
പൊതുജനങ്ങളെ കൊള്ളയടിക്കുന്ന പഞ്ചായത്തുകളുടെ നടപടി പിന്‍വലിക്കണമെന്ന് ബിജെപി കുന്നത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ബിജെപി പഞ്ചായത്തുസമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ്.
വര്‍ദ്ധിപ്പിച്ച കെട്ടിടനികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയുടെയും ബിജെപിയുടെയും നേതൃത്വത്തില്‍ പോരുവഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്കി. തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധയോഗത്തില്‍ യുവമോര്‍ച്ച ജില്ലാവൈസ്പ്രസിഡന്റ് രഞ്ജിത്, പഞ്ചായത്ത് സമിതിപ്രസിഡന്റ് അനികുറുപ്പ്, മണ്ഡലം സെക്രട്ടറി പ്രദീപ്കുമാര്‍, അഖിലേഷ്കുമാര്‍, സന്തോഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: