ആലപ്പുഴ: കായല്‍ സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കാനും പ്രഖ്യാപിച്ച പദ്ധതികള്‍ ഒന്നും ഇതുവരെ നടപ്പായില്ല. കായല്‍ ടൂറിസം മേഖലയില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ച സാഹപര്യത്തില്‍ മുഖ്യമന്തിയുടെ സാന്നിദ്ധ്യത്തില്‍ എടുത്ത തീരുമാനങ്ങളാണ് വര്‍ഷങ്ങളായി നടപ്പാക്കാതെ അട്ടിമറിച്ചത്.
പ്രധാനമായും ഹൗസ്ബോട്ടുകള്‍ക്ക് നിയന്ത്രണം എര്‍പ്പെടുത്താനുള്ള ശ്രമങ്ങളാണ് ടൂറിസം കുത്തകകളുടെ സ്വാധീനങ്ങള്‍ കാരണം നടപ്പാകാതെ പോയത്. ലോകത്തെങ്ങുമില്ലാത്ത ഇത്തരം ബോട്ടുകളില്‍ സഞ്ചരിക്കാനും കായല്‍ക്കാഴ്ചകള്‍ കാണാനും മറ്റുമായി പതിനായിരകണക്കിന് വിദേശികളും ലക്ഷക്കണക്കിനു ആഭ്യന്തര സഞ്ചാരികളുമാണ് എത്തുന്നത്. ആയിരത്തിലേറെ ഹൗസ്ബോട്ടുകളാണ് ഇവിടെയുള്ളത്. എന്നാല്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ഏതാണ്ട് അറുന്നൂറോളം മാത്രമാണ്. പലതും ഇരുനിലകളും നക്ഷത്ര ഹോട്ടലിലെ ആധുനിക സൗകര്യങ്ങളും ഉള്ളവ പോലും ഇന്നും രജിസ്റ്റര്‍ ചെയ്യാതെ സര്‍വീസ് നടത്തുന്നുണ്ട്.
സര്‍ക്കാരിന് വന്‍ നികുതി നഷ്ടവും ഇതു മൂലമുണ്ടാകുന്നു. ഒന്നിലേറെ ഹൗസ്ബോട്ടുകള്‍ ഉള്ളവര്‍ പലതും ഒരു ഹൗസ്ബോട്ടുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ബാക്കിയുള്ളവയില്‍ രജിസട്രേഷന്റെ ഭാഗമായുള്ള സുരക്ഷാ നടപടികള്‍ ഒഴിവാക്കാന്‍ കഴിയുന്നതും ഇവര്‍ക്ക് നേട്ടമാകുന്നു. ഈ മേഖലയില്‍ യാതൊരു നിയന്ത്രണവുമില്ലാത്ത സ്ഥിതി വിശേഷമുണ്ടായതോടെ ഹൗസ്ബോട്ട് നിര്‍മ്മിച്ചു കായലില്‍ ഇറക്കാന്‍ മത്സരമായി. തീപ്പിടിത്തം ഉള്‍പ്പെടെ അനേകം അപകടങ്ങളും മുങ്ങിമരണങ്ങളും ഹൗസ്ബോട്ടുകളിലുണ്ടായി. ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ സുരക്ഷാക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.
മനുഷ്യമാലിന്യ സംസ്കരണം, സഞ്ചാരികള്‍ക്കു ബോര്‍ഡിങ് പാസ്, ജിപിഎസ് സംവിധാനം, സുരക്ഷിതത്വ പരിശോധന, യാത്രക്കാര്‍ക്കു ലൈഫ് ജാക്കറ്റ്, എല്ലാ ഹൗസ്ബോട്ടുകള്‍ക്കും രജിസ്ട്രേഷന്, ജീവനക്കാര്‍ക്കു നീന്തലിലും അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാനുമുള്ള പരിശീലനം തുടങ്ങി ഒട്ടേറെ പ്രഖ്യാപനങ്ങള്‍ ഉണ്ടായി. പക്ഷേ നടപ്പായത് മനുഷ്യമാലിന്യം ഇപ്പോള്‍ കായലില്‍ തള്ളാതെ സംസ്കരിക്കുന്നുതിനുള്ള പദ്ധതി മാത്രമാണ്.
നാനൂറിലെറെ ബോട്ടുകള്‍ ഇപ്പോഴും രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തില്‍ അതും വിജയമാണെന്ന് പറയാന്‍ കഴിയില്ല. ഹൗസ്ബോട്ടില്‍ ആരൊക്കെ വരുന്നു, എങ്ങോട്ട് പോകുന്നു, എത്ര ദിവസം തങ്ങുന്നു. വിദേശികള്‍ എത്താറുണ്ടോ, ഇത്തരം കാര്യങ്ങള്‍ ഒക്കെ ഇന്നും അധികൃതര്‍ക്ക് അജ്ഞാതമാണ്. യാതൊരു നിയന്ത്രണവുമില്ലാതെ കുത്തഴിഞ്ഞ നിലയിലാണ് കായല്‍ ടൂറിസം മേഖല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: