തിരുവനന്തപുരം: മതപരിവര്‍ത്തനത്തെക്കുറിച്ച് പരസ്യമായ തുറന്ന ചര്‍ച്ചയ്ക്ക് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്. കേരളത്തില്‍ സ്വാധീനമുറപ്പിക്കാനാണ് ബിജെപി മതപരിവര്‍ത്തന വിവാദമുയര്ത്തുന്നതെന്ന സുധീരന്റെ പ്രസ്താവന വിലകുറഞ്ഞതും യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ചുകൊണ്ടുള്ളതുമാണെന്ന് വി. മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തില്‍ ബിജെപിക്ക് പിന്‍വാതിലിലൂടെ അധികാരത്തിലെത്തേണ്ട കാര്യമില്ല. അപ്രാപ്യമെന്ന് പലരും കരുതിയിരുന്ന ജമ്മുകാശ്മീരില്‍ പോലും ബിജെപി അധികാരത്തിലെത്തുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ ഇനി ബിജെപിയെ വിട്ട് ചിന്തിക്കില്ല. അടുത്ത തെരഞ്ഞെടുപ്പുകളില്‍ അത് പ്രതിഫലിക്കും. കേരളത്തിലെ ജനങ്ങളുടെ പിന്തുണയോടെ തന്നെ ബിജെപി നിര്‍ണ്ണായക ശക്തിയായിമാറും.
തമ്മിലടി മൂര്‍ച്ഛിച്ച കോണ്‍ഗ്രസില്‍ തന്റെ സ്ഥാനം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് സുധീരന്. ചരിത്രം മറന്ന് ബിജെപിക്കെതിരെ പ്രസ്താവന നടത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് അതാണ്. രാജ്യമെമ്പാടും ബിജെപി തരംഗം അലയടിക്കുകയാണിപ്പോള്. തെരഞ്ഞെടുപ്പു നടന്ന എല്ലാ സംസ്ഥാനങ്ങളിലും ബിജെപി വന്‍ മുന്നേറ്റം നടത്തുകയും കോണ്‍ഗ്രസ് തറപറ്റുകയും ചെയ്തു. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി മാറി. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ജനങ്ങള്‍ നിരാകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായി സുധീരന്റെ പാര്‍ട്ടി മാറിക്കൊണ്ടിരിക്കുന്നു.
ഇപ്പോള്‍ വന്‍ ഭൂരിപക്ഷത്തോടെ കേന്ദ്രത്തിലും മറ്റ് സംസ്ഥാനങ്ങളിലുമെല്ലാം ബിജെപി അധികാരത്തിലെത്തിയത് സുധീരന് പറഞ്ഞതുപോലെ മതപരിവര്‍ത്തനത്തെ തുടര്‍ന്നല്ല. എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങള്‍ ബിജെപിയുടെ വികസന അജണ്ടയ്ക്കും കോണ്‍ഗ്രസ് മുക്ത സര്‍ക്കാരിനുമാണ് വോട്ടു ചെയ്തത്. കേരളത്തിലെ ജനങ്ങളും അതംഗീകരിച്ച് ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് സുധീരനുമറിയാം. സ്വന്തം പാര്‍ട്ടില്‍ സ്ഥാനം നഷ്ടപ്പെടുകയും തുടര്‍ന്ന് അധികാരത്തില്‍ നിന്ന് പുറത്തേക്ക് പോകേണ്ടിവരികയും ചെയ്യുമെന്ന ഭയമാണ് സുധീരന്റെ ജല്പനങ്ങള്ക്ക് പിന്നില്‍.
ബംഗ്ലാദേശില്‍ നിന്ന് ഭാരതത്തിലേക്ക് വന്ന രണ്ടുകോടിയോളം വരുന്ന അഭയാര്‍ത്ഥികള്‍ക്ക് ആധാര്‍കാര്‍ഡും റേഷന്‍കാര്‍ഡും നല്കി വോട്ടു സംഘടിപ്പിച്ച പ്രസ്ഥാനമാണ് സുധീരന്റേത്. കുറച്ച് വോട്ടിനു വേണ്ടി അധാര്‍മ്മികവും നിയമ വിരുദ്ധവുമായി അഭയാര്‍ത്ഥികള്‍ക്ക് അംഗീകാരം നല്കി രാജ്യത്തിന്റെ സുരക്ഷിതത്വത്തെ ഇല്ലായ്മ ചെയ്തവരാണ് കോണ്‍ഗ്രസുകാര്‍.
29മതപരിവര്‍ത്തനം വളരെ മുന്നേ രാജ്യത്ത് ഗൗരവമായ ചര്‍ച്ചയ്ക്ക് വിധേയമാകേണ്ടതായിരുന്നു. വര്‍ഷങ്ങളായി തുടരുന്ന മതപരിവര്‍ത്തനത്തിലൂടെ ലക്ഷക്കണക്കിന് ഹിന്ദു സമൂഹത്തിലെ ദുര്ബലവിഭാഗങ്ങളെയാണ് മതംമാറ്റിയിട്ടുള്ളത്. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഇത് ചെയ്തിട്ടുള്ളത്. മതപരിവര്‍ത്തനത്തെ കുറിച്ച് തുറന്ന ചര്‍ച്ച നടത്തി യഥാര്‍ത്ഥ വസ്തുതകള്‍ വെളിച്ചെത്തുകൊണ്ടുവരുന്നതിന് സുധീരന് തയ്യാറാകണമെന്ന് വി. മുരളീധരന് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: