കൊല്ലം: കൊല്ലത്തെ ദേശീയ ഗെയിംസ് ഹോക്കി സ്റ്റേഡിയം ജനുവരി 18ന് മുമ്പ് ഉദ്ഘാടനംചെയ്യുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
കൊല്ലം ജില്ലയില്‍ ദേശീയ ഗെയിംസിനുവേണ്ടി നടത്തുന്ന തയ്യാറെടുപ്പുകള്‍ വിലയിരുത്താനായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഹോക്കി സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം എണ്പതു ശതമാനത്തോളം പൂര്‍ത്തിയായി. ആസ്ട്രോ ടര്‍ഫ് വിരിക്കുന്ന ജോലിയാണ് ശേഷിക്കുന്നത്. ചുറ്റുമതിലും അനുബന്ധ സൗകര്യങ്ങളും ജനുവരി പതിനഞ്ചിനു മുമ്പ് പൂര്‍ത്തിയാകും. തുടര്‍ന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ പ്രതിനിധി സംഘം സ്റ്റേഡിയം പരിശോധിക്കാനെത്തും.
ഹോക്കി സ്റ്റേഡിയം ഉള്‍പ്പെടെ ദേശീയ ഗെയിംസിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ തൃപ്തികരമാണ്.
എല്ലാ സജ്ജീകരണങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ജനപ്രതിനിധികളും കായികസംഘടനകളും ജില്ലാ ഭരണകൂടവും പരിശ്രമിക്കുന്നു. ശ്രദ്ധയില്‍പെടുന്ന ചെറിയ പോരായ്മകള്‍പോലും പരിഹരിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്.
മറ്റു ജില്ലകളിലും ഗെയിംസിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ജനുവരി 15നു മുന്‍പ് സംസ്ഥാനത്ത് ഏഴു സ്റ്റേഡിയങ്ങള്‍ ഉദ്ഘാടനം ചെയ്യും. കായിക മേഖലയില്‍ കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാനുള്ള അവസരംകൂടിയാണ് ദേശീയഗെയിംസെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ഷിബു ബേബിജോണ്‍, മേയര്‍ ഹണി ബഞ്ചമിന്, എംഎല്‍എമാരായ എ.എ.അസീസ്, കെ.രാജു, ദേശീയ ഗെയിംസിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(ഓപ്പറേഷന്‍സ്) എസ്. ഗോപിനാഥ്, എഡിഎം എസ്.രാധാകൃഷ്ണന്‍നായര്‍, ശൂരനാട് രാജശേഖരന്, വിവിധ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് സ്റ്റേഡിയം സന്ദര്‍ശിച്ച മന്ത്രിമാര്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തി.
എന്‍.കെ. പ്രേമചന്ദ്രന് എം.പി, എ.എ. അസീസ് എം.എല്‍.എ, ദേശിയ ഗെയിംസിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറി ജനറല്‍ ജേക്കബ് പുന്നൂസ്, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(ഓപ്പറേഷന്‍സ്) എസ്.ഗോപിനാഥ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: