തിരുവനന്തപുരം: ഡീസല്‍ നിരക്ക് കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ ബസ് യാത്രാനിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകള്‍ക്ക് മുന്നില്‍ കൂട്ടധര്‍ണ്ണ നടത്തും. ഡീസല്‍ വിലയില്‍ വന്ന കുറവുകാരണം കെഎസ്ആര്‍ടിസിയുടെ പ്രതിദിന ചെലവില്‍ ചുരുങ്ങിയത് ഒരുകോടി രൂപയുടെ കുറവ് വന്നിട്ടുണ്ട്.
എന്നിട്ടും ബസ് യാത്രാനിരക്ക് കുറയ്ക്കാത്ത സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് ധര്‍ണ്ണയുടെ ലക്ഷ്യം വിശദീകരിച്ച് ബിജെപി ജനറല്‍ സെക്രട്ടറി കെ.പി. ശ്രീശന് പ്രസ്താവിച്ചു. ഡീസല്‍ വിലവര്‍ദ്ധനവിന്റെ പേരില്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച യാത്രാനിരക്ക് വര്‍ദ്ധനവ് ഡീസല്‍ വില കുറഞ്ഞ സാഹചര്യത്തില്‍ പിന്‍വലിച്ചേ തീരൂ. മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വ്വം ജനങ്ങള്‍ക്കു ലഭ്യമാക്കാതിരിക്കുകയാണ്. ജനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ കൊള്ളയടിക്കുകയാണ്.
യുഡിഎഫ് സര്‍ക്കാര്‍ ബസ് ചാര്‍ജ്ജ് കുറയ്ക്കുന്നതിനു പകരം ഇന്‍ഷുറന്‍സ് സെസിന്റെ പേരില്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമായേ കാണാനാകൂ. 15 രൂപ മുതല്‍ 24 രൂപ വരെയുള്ള ടിക്കറ്റിന് ഒരു രൂപയും 100 രൂപയ്ക്ക് മുകളില്‍ 10 രൂപയും വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. ഇതുവഴി വര്‍ഷംതോറും 160 കോടി രൂപ ജനങ്ങളില്‍ നിന്നും പിഴിഞ്ഞെടുക്കാനാണ് നീക്കം
മോട്ടോര്‍ വാഹന നിയമമനുസരിച്ച് ഇന്‍ഷൂറന്‍സ് തുക കൂടി ഉള്‍പ്പെടുത്തിയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത്. ഇതു മറച്ചുപിടിച്ച് ഇന്‍ഷുറന്‍സിന്റെ പേരുപറഞ്ഞ് സര്‍ക്കാര്‍ വീണ്ടും സെസ്സ് ചുമത്തി ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ ട്രാന്‍സ്പോര്‍ട്ട് യാത്രാനിരക്ക് കൂടുതലാണ്.
എന്നിട്ടും ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനുപകരം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. വിലക്കയറ്റത്തിന്റെ വേലിയേറ്റത്തില്‍ ജനങ്ങള്‍ മുങ്ങിത്താഴുമ്പോള്‍ എരിതീയിലേക്ക് എണ്ണയൊഴിക്കുന്ന ഈ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് ശ്രീശന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: