കോട്ടയം: അക്ഷരനഗരിയെ കാവിമയമാക്കി വീരശൈവ മഹാസഭയുടെ മഹാസംഗമം നഗരത്തിന് പുത്തന്‍ അനുഭവമായി. പതിനായിരക്കണക്കിന് വീരശൈവ മഹാസഭാഗംങ്ങള് പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് അക്ഷരനഗരിയുടെ വീഥിയിലൂടെ ചിട്ടയായി നടത്തിയ പ്രകടനത്തിന്റെ മുന്‍നിര സമ്മേളന സ്ഥലമായ നെഹ്റു സ്റ്റേഡിയത്തിലെത്തിയിട്ടും പ്രകടനം ആരംഭിച്ച കോടിമതയില്‍ ആയിരങ്ങള്‍ അണിചേര്ന്നുകൊണ്ടായിരുന്നു. സമീപകാലത്ത് നഗരം കണ്ട സംഘാടന മികവുകൊണ്ട് ചിട്ടയായ പ്രകടനമായിരുന്നു മഹാസംഗമത്തിന്റേത്. എന്നാല്‍ പതിനായിരക്കണക്കിനാളുകള്‍ പ്രകടനമായി നഗരത്തിലെത്തിയിട്ടും പോലീസ് വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നു. അതുകൊണ്ടുതന്നെ വാഹനങ്ങള്‍ പലപ്പോഴും പ്രകടനത്തിന് തടസ്സം സൃഷ്ടിക്കുംവിധം ഇടയില്‍ കടന്നത് അലോരസമുണ്ടാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് മഹാസംഗമത്തിന് വാഹനങ്ങളില്‍ എത്തിച്ചേര്‍ന്നത്. സമ്മേളന നഗരിയില്‍ ഉദ്ഘാടനവും കഴിഞ്ഞ് ആശംസാ പ്രസംഗങ്ങള്‍ തുടരുമ്പോഴും വിവിധ ജില്ലകളില്നിന്നെത്തിയവര് പ്രകടനമായി നെഹ്റു സ്റ്റേഡിയത്തിലേക്ക് പ്രവഹിക്കുകയായിരുന്നു.
മഹാസംഗമത്തിന് മുന്നോടിയായി രാവിലെ എഐവിഎം സീനിയര്‍ വൈസ് പ്രസിഡന്റ് എന്‍. തിപ്പണ്ണ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിദ്ധ്യത്തില്‍ പതാക ഉയര്‍ത്തി. ഉച്ചക്ക് 2ന് ആരംഭിച്ച മഹാസംഗമ റാലി 3.30ഓടെ സ്റ്റേഡിയത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന് വീരശൈവ പഞ്ചപീഠ മഠാധിപതികളുടെയും കര്‍ണ്ണാടകത്തിലെയും തമിഴ്നാട്ടിലെയും മഠാധിപതികളുടെ സാന്നിദ്ധ്യത്തില്‍ സഭാ ദേശീയപ്രസിഡന്റ് ഡോ. ഷാമന്നൂര്‍ ശിവശങ്കരപ്പ മഹാസംഗമം ഉദ്ഘാടനം ചെയ്തു. മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയും ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായ ബി.എസ്. യദിയൂരപ്പ എംപി മുഖ്യപ്രഭാഷണം നടത്തി. സിദ്ധാന്തശിഖാമണിയുടെ മലയാള പതിപ്പിന്റെ പ്രകാശനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ജോസ് കെ. മാണി എംപി, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. മാധ്യമ പ്രവര്‍ത്തകരായ ഷാലു മാത്യു, അജിത് കുമാര്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങി. വിശ്വഗുരു ബസവേശ്വരന് എന്ന ഡോക്യുമെന്ററി ഫിലിമിന്റെ പ്രകാശനം ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് നിര്‍വ്വഹിച്ചു. ബസവഗീതങ്ങള് എന്ന സിഡിയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. അധ്വാനം തന്നെ ഈശ്വരസേവ എന്ന തത്വത്തിന്റെ പ്രായോഗിക ആവിഷ്കാരത്തിന്റെ ഭാഗമായി വിവിധ തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് ബസവശ്രീ പുരസ്കാരം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് സമ്മാനിച്ചു. ഡോ. എം.കെ. രംഗനാഥന്, മനോജ് ടി.വി, ജി. നിര്‍മ്മല, പി.വി. ആനന്ദവിദ്യസാഗര്, എം. മുരുകന്, പി.കെ. ചന്ദ്രന് തുടങ്ങിയവര്‍ പുരസ്കാരം ഏറ്റുവാങ്ങി.
ശ്രീശ്രീശ്രീ 1008 ജഗദ്ഗുരു സിദ്ധലിംഗ ശിവാചാര്യ മഹാസ്വാമി, ശ്രീശ്രീശ്രീ 108 ജഗദ്ഗുരു ചന്നസിദ്ധരാമ പണ്ഡിതാരാദ്ധ്യ ശിവാചാര്യ മഹാസ്വാമി, ശ്രീശ്രീശ്രീ 108 ജഗദ്ഗുരു ഡോ. ചന്ദ്രശേഖര ശിവാചാര്യ മഹാസ്വാമി, നിരഞ്ജന പ്രണവ സ്വരൂപി ശിവാനുഭവചരമൂര്ത്തി ശ്രീ ശിവരുദ്ര മഹാസ്വാമി, ശ്രീശ്രീ ജഗദ്ഗുരു നീലകണ്ഠ സാരംഗ ദേശികേന്ദ്ര മഹാസ്വാമി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: