കൊച്ചി: തനതു ശൈലി നിലനിറുത്തിക്കൊണ്ട് മോഹിനിയാട്ടത്തെ ജനകീയമാക്കിയ പ്രശസ്ത നര്‍ത്തകി സുധാ പീതാംബരന്റെ സില്‍വര്‍ ജൂബിലി നൃത്ത പരിപാടിയാണ് എറണാകുളത്ത് അരങ്ങേറിയത്.
കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി സുധ അവതരിപ്പിച്ചു വന്ന നൃത്തഇനങ്ങളിലെ തിരഞ്ഞെടുത്ത 6 ശ്രദ്ധേയമായ ഇനങ്ങളാണ് 2 മണിക്കൂര്‍ നീണ്ടുനിന്ന മോഹിനിയാട്ട കച്ചേരിയില്‍ അവതരിപ്പിച്ചത്.കാവാലം നാരായണ പണിക്കര്‍ രചിച്ച് പത്മശ്രീ ജേത്രി കലാമണ്ഡലം ക്ഷേമാവതി ചിട്ടപ്പെടുത്തിയ ഗണപതി സ്തുതിയോടെയാണ് നൃത്തപരിപാടി ആരംഭിച്ചത്. പുറനീര് രാഗത്തില്‍ ആദിതാളത്തില്‍ ചിട്ടപ്പെടുത്തിയ ഈ ഇനത്തില്‍ ആനന്ദ നര്‍ത്തനമാടുന്ന ഗണപതിയെയാണ് സ്തുതിച്ചത്. തുടര്‍ന്ന് മോഹിനിയാട്ടത്തിലെ പരമ്പരാഗതമായ ചൊല്‍ക്കെട്ട് അവതരിപ്പിച്ചു.
രാഗാലിക താളമാലികയില് ചിട്ടപ്പെടുത്തിയ ഈ ഇനത്തില്‍ ബ്രഹ്മാവ്, വിഷ്ണു, ശിവന് എന്നീ ദേവന്മാരാല്സദാ പൂജിക്കുന്നവളായ സരസ്വതി ദേവിയെ വര്‍ണ്ണിച്ചു കൊണ്ടാണ് നൃത്താവതരണം നടത്തിയത്.ശ്രീശങ്കരാചാര്യരുടെയും ശ്രീനാരായണഗുരുദേവന്റെയും ദേവീ സങ്കല്പം വിശദമാക്കുന്ന ശക്തിത്രയീശ്വരി എന്ന ഇനം പ്രത്യേക വെളിച്ച നിയന്ത്രണത്തോടെ അവതരിപ്പിച്ചത് ആസ്വാദകരുടെ മനം നിറച്ചു. ആദിശങ്കരാചാര്യരുടെ കൃതിയായ കനകധാരാ സ്തോത്രം, ശ്രീനാരായണ ഗുരുദേവ കൃതിയായ കാളിനാടകം, അസുരാരായ ചണ്ഡ മുണ്ഡ•ാരുടെ നിഗ്രഹം എന്നിവ ഈ ഇനത്തില്‍ സഞ്ചാരിയായി അവതരിപ്പിച്ചു. ഡോ.സി.പി.ഉണ്ണികൃഷ്ണന് രചനയും സംവിധാനവും നിര്‍വഹിച്ചു. ചെരുമ്പാവൂര്‍ ഉണ്ണികൃഷ്ണന് സംഗീത സംവിധാനം നിര്‍വഹിച്ചു.
25 മിനിട്ട് നീണ്ടുനിന്ന ശ്രീകൃഷ്ണായ നമ: ഭഗവാന് കൃഷ്ണന്റെ ജീവിത സന്ദേശം വിവിധ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അവതരിപ്പിച്ചത് ഏറെ ഹൃദ്യമായി. മേല്‍പ്പത്തൂരിന്റെ പാണ്ഡിത്യത്തേക്കാള്‍ ഭഗവാന് ഇഷ്ടപ്പെടുന്നത് പൂന്താനത്തിന്റെ നിറഞ്ഞ ഭക്തിയാണെന്ന് ആംഗികാഭിനയത്തിലൂടെ കൃഷ്ണഭക്ത കൂടിയായ നര്‍ത്തകി അവതരിപ്പിച്ചു.
ശ്രീകുമാര്‍ ഊരകം(വായ്പ്പാട്ട്), ആര്.എല്‍.വി.വേണു കുറുമശ്ശേരി (മൃദംഗം, മദ്ദളം), എം.എസ്.ഉണ്ണികൃഷ്ണന്(സംഗീത സംവിധാനം (പുല്ലാങ്കുഴല്‍),തൃപ്പൂണിത്തുറ കൃഷ്ണദാസ്(ഇടക്ക), ഇടപ്പളളി അനില്‍കുമാര്‍(വയലിന്) രശ്മി നാരായണന്(നട്ടുവാങ്കം), നിഷ ബാബു (ചമയം) എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു. പ്രൊഫ.പി.വി.പീതാംബരന് ഏകോപനം വിര്‍വഹിച്ചു. ശ്രീശങ്കരനാട്യസഭ, കൂത്തമ്പലം റിസേര്‍ച്ച് സെന്റര്‍ ഫോര്‍ ടെമ്പിള്‍ ആര്‍ട്സ്, സനാതന ധര്‍മ്മ ട്രസ്റ്റ്, പി.ടി.എ., എസ്.എസ്.ഡി, എന്നീ സമിതികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സീനിയര്‍ കലാകാരാരും വിദേശികലുമടക്കം നിരവധിപേര്‍ ആസ്വാദകരായി എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: