ആലപ്പുഴ: ഗതകാലപ്രൗഡി വിളിച്ചോതുന്ന ഗുജറാത്തി തെരുവു നവീകരണത്തിന് കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ ജില്ലാ ഭരണകൂടം പദ്ധതി തയ്യാറാക്കുന്നു. ആലപ്പുഴ മെഗാടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഗുജറാത്തി സ്ട്രീറ്റ് വികസന പദ്ധതി നടപ്പാക്കുന്നത്. ഗുജറാത്തി വ്യവസായ സമൂഹം ഒന്നൊന്നായി നാട് വിട്ടെങ്കിലും ഏതാനും കുടുംബങ്ങള്‍ അവശേഷിക്കുന്നുണ്ട്. അമ്പതോളം ഗുജറാത്തി കുടുംബങ്ങളാണ് ആലപ്പുഴയില്‍ ശേഷിക്കുന്നത്. ഇതില്‍ 15 കുടുംബങ്ങള്‍ ജൈനരും ബാക്കിയുള്ളത് വൈഷ്ണവരുമാണ്.വൈഷ്ണവര്‍ക്ക് മാത്രമായി മൂന്ന് ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്.
നാല് പതിറ്റാണ്ട് മുമ്പ് ഇരുനൂറോളം ഗുജറാത്തി കുടുംബങ്ങളാണിവിടെയുണ്ടായിരുന്നത്. കേരളത്തിന് പുറത്തും കേരളത്തില്‍ തന്നെ ഇതര ജില്ലകളിലുമായി പറിച്ചുനടപ്പെട്ട വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് ആലപ്പുഴയില്‍ സ്ഥിരതാമസമാക്കിയ ഗുജറാത്തികള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.പുതിയ തലമുറ ആലപ്പുഴയില്‍ നിന്ന് മടങ്ങാന്‍ താല്പര്യം കാട്ടുന്നവരാണ്. നഷ്ടപ്രതാപങ്ങളിലും പോയകാലത്തെ സ്മരണകള്‍ അയവിറക്കി ഇവിടെ തന്നെ കഴിയാനാണ് പഴയതലമുറയില്‍ പെട്ടവര്‍ക്ക് താത്പര്യം. ഗുജറാത്തികള്‍ കൂട്ടമായി താമസിക്കുന്ന ഗുജറാത്തി തെരുവും ജൈനക്ഷേത്രവുമെല്ലാം ഇന്നും സജീവമായി നില്‍ക്കുന്നത് ശേഷിക്കുന്ന ഈ കുടുംബങ്ങള്‍ ആലപ്പുഴ വിട്ടുപോകാത്തത് കൊണ്ട് മാത്രമാണ്. ആലപ്പുഴയുടെ പ്രതാപകാലത്ത് ഗുജറാത്തി തെരുവിനുണ്ടായിരുന്ന പ്രാമുഖ്യം ഇന്നില്ലെങ്കിലും ഈ പ്രദേശവുമായി ബന്ധപ്പെട്ട ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വികസന പദ്ധതി തയാറാക്കുന്നത്.
ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഗുജറാത്തി സ്കൂള്‍ പൂട്ടിയിട്ട് പതിറ്റാണ്ടുകളായി. ഗുജറാത്തി ട്രസ്റ്റിന് കീഴിലുള്ള സ്കൂള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. ഗുജറാത്തി തെരുവ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ നവീകരിച്ചാല്‍ വടക്കേ ഇന്ത്യയില്‍ നിന്നും മറ്റും എത്തുന്ന വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഗുജറാത്തി തെരുവിനെ പരമ്പരാഗത രീതിയില്‍ വികസിപ്പിച്ച് ഗുജറാത്തി, കേരള ഭക്ഷണ വില്‍പ്പന കേന്ദ്രങ്ങളും കൗതുക വസ്തുക്കളുടെ വിപണനകേന്ദ്രവും,ഗുജറാത്തികളുടെ പൈതൃക കെട്ടിടങ്ങളുടെ സംരക്ഷണത്തിനും പദ്ധതി ആവിഷ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: