കൊച്ചി: ലോകമാകെയുള്ള പ്രേക്ഷകരെ പ്രായഭേദമന്യേ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകുയും ചെയ്ത ചാര്‍ളി ചാപ്ലിന് സിനിമയ്ക്ക് 100 വയസ് തികയുന്നു. നിശബ്ദ സിനിമയുടെ കാലത്തെ സിനിമ സൗന്ദര്യത്തിന്റെ ശബ്ദമായി മാറാന്‍ കഴിഞ്ഞ ചലച്ചിത്ര ലോകത്തെ അസാമാന്യപ്രതിഭയെന്ന് നിരൂപകലോകം ഐകകണ്ഠ്യേന വിലയിരുത്തിയ ചാപ്ലിന് സിനിമയെ ജീവിതത്തെ 100 വര്ഷങ്ങള്ക്കിപ്പുറമിരുന്ന് ലോകമെങ്ങും ആഘോഷിക്കുന്ന വേളയിലാണ് കൊച്ചിയിലും ആഘോഷം.
1914ല്‍ പുറത്തിറങ്ങിയ മേക്കിങ് എ ലിവിങ് എന്ന 13 മിനുട്ട് ദൈര്‍ഘ്യമുള്ള ഹൃസ്വചിത്രത്തിലൂടെയാണ് ലോകം എന്നും ഓര്‍മിക്കുന്ന അഭിനയത്തിന്റെ മഹാപ്രതിഭയുടെ അരങ്ങേറ്റം. നിശബ്ദ ചലച്ചിത്രസരണയില് തന്റേതായ ശബ്ദം മുഴക്കാന്‍ കഴിഞ്ഞ ഒരഭിനേതാവ് ലോക സിനിമയില്‍ തന്നെ വിരളമായിരിക്കും. ചിരിയുടെ മറ പിടിച്ച് തന്റെ കാലത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനും പ്രതികരിക്കാനും ചാപ്ലിന് സിനിമയിലൂടെ ശ്രമിച്ചു.
1913ലെ ഒരു മഞ്ഞുകാലത്ത് കാലിഫോര്‍ണിയയിലെ കീസ്റ്റോണ്‍ സ്റ്റുഡിയോയില്‍ എത്തിയ ചാപ്ലിനോട് ഹാസ്യരംഗം ഷൂട്ടുചെയ്യാനായി കോമഡി മേക്കപ്പിട്ടുവരാനാണ് ഉടമ ആവശ്യപ്പെട്ടത്. എന്തുവേണമെങ്കിലും പരീക്ഷിക്കാനുള്ള അവകാശവും അദ്ദേഹം ചാപ്ലിന് നല്കി. മുന്നൊരുക്കമൊന്നുമില്ലാതിരുന്ന ചാപ്ലിന് ഡ്രസിങ് റൂമിലേക്കുള്ള നടത്തയ്ക്കിടയില്‍ തിരഞ്ഞെടുത്ത വേഷമാണ് ലോകം ചിരിയോടെ മാത്രം ഓര്‍ക്കുന്ന അദ്ദേഹത്തിന്റെ സുപ്രസിദ്ധമായ വേഷവും ശൈലിയും.
നിശബ്ദ സിനിമ ചരിത്രത്തിലും രാഷ്ട്രീയ സിനിമ ചരിത്രത്തിലും കടന്നുകൂടിയ ചാപ്ലിന് കേവലമൊരു ഹാസ്യനടനെന്നതിനേക്കാള് മികവുറ്റ ചലച്ചിത്ര പ്രതിഭയായി വളര്‍ന്നുവന്നത് അക്ഷമയോടെ ഒരുകാലത്തെ അമേരിക്കന്‍ സമൂഹം കണ്ടുനിന്നു. അവരെ വിറളി പിടിപ്പിക്കാന്‍ പോന്ന എല്ലാ ചേരുവകളും അടങ്ങിയതായിരുന്നു ചാപ്ലിന്റെ രാഷ്ട്രീയവീക്ഷണം. അത് ഒരേ സമയം മുറി മീശയിലൂടെ ഏകാധിപത്യത്തിനെതിരായും ആധുനികയുഗത്തിലൂടെ അമേരിക്കന്‍ മൂലധനശക്തികളോടും കലഹിച്ചു.
കൊച്ചി ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (കിസ്ഫി)യുടെ നേതൃത്വത്തില്‍ 29ന് വൈകീട്ട് അഞ്ചിന് എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയറ്ററിലാണ് ആഘോഷം. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജിസിഡിഎ, കെടിഡിസി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് അനുസ്മരണ ചടങ്ങുകള്‍. പ്രമുഖ സിനിമ മാധ്യമപ്രവര്ത്തകന് സഹദേവന്, ഡോ.സെബാസ്റ്റ്യന്‍പോള്‍, ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല എന്നിവര്‍ പങ്കെടുക്കുന്ന അനുസ്മരണത്തിനുശേഷം ചാപ്ലിന് സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: