തിരുവനന്തപുരം: ഹാരിസണ്‍ മലയാളം പ്ലാന്റേഷന് അനധികൃതമായി കയ്യേറിയ ഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ വ്യത്യസ്ത ബഞ്ചുകള്‍ പുറപ്പെടുവിച്ച വിധികളിലെ വൈരുദ്ധ്യം ഉദ്യോഗസ്ഥരെ വെട്ടിലാക്കി. ഹാരിസന്റെ കൈവശം അനധികൃത ഭൂമിയുണ്ടെങ്കില്‍ അത് കണ്ടെത്താനും സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനും ഹൈക്കോടതി ഡിവിഷന് ബഞ്ച് ഉത്തരവുണ്ട്. ഹാരിസണ്‍ ഭൂമി ഏറ്റെടുക്കുന്നതിന് നിയോഗിച്ച സ്പെഷ്യല്‍ ഓഫീസര്‍ എം ജി. രാജമാണിക്യത്തിന് വിവാദഭൂമിയില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ അധികാരമുണ്ടെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവുമുണ്ട്. ഹാരിസണ്‍ വ്യാജ ഉടമ്പടി ഉപയോഗിച്ച് ഭൂമി കൈമാറ്റം ചെയ്ത കേസില്‍ വിജിലന്‍സ് തുടരന്വേഷണം നടത്താനും ഉത്തരവുണ്ട്. ഇതിനെല്ലാം കടകവിരുദ്ധമായി വ്യാജകരാര്‍ ഉടമ്പടിയിലൂടെ ഹാരിസണ്‍ അനധികൃതമായി മറിച്ചുവിറ്റ ഭൂമി പോക്കുവരവ് ചെയ്തുകൊടുക്കണമെന്ന മറ്റൊരു ഹൈക്കോടതി ബഞ്ചിന്റെ ഉത്തരവാണ് ഉദ്യോഗസ്ഥരെ വെട്ടിലാക്കിയിരിക്കുന്നത്.
വ്യാജകരാര്‍ ഉടമ്പടിയാണെന്ന് വിജിലന്‍സ് കണ്ടെത്തിയ ഹാരിസന്റെ കൈവശമുള്ള 1600/1923 -ാം നമ്പര്‍ ഉടമ്പടിയില്‍പ്പെട്ട, ഇപ്പോള്‍ റിയ റിസോര്‍ട്സ് ആന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമുള്ള 207 ഏക്കര്‍ തെന്മല എസ്റ്റേറ്റും കേസില്‍ കക്ഷി ചേര്‍ന്ന ആനന്ദവല്ലിയമ്മയുടെ പേരിലുണ്ടെന്നു പറയുന്ന 62 ഏക്കറും പോക്കുവരവ് ചെയ്ത് നല്കാന് 2014 ഒക്ടോബര്‍ 21ന് പുറപ്പെടുവിച്ച വിധിയാണ് മറ്റു വിധികള്‍ക്ക് വൈരുദ്ധ്യമായി നിലനില്‍ക്കുന്നത്.
2013 ഫെബ്രുവരി 28ലെ ഡിവിഷന് ബഞ്ച് ഉത്തരവ് പ്രകാരമാണ് ഹാരിസണ്‍ കമ്പനിയുടെ കൈവശമുള്ള അനധികൃത ഭൂമി കമ്പനിയില്‍ നിന്നും അനധികൃതമായി ഭൂമി വാങ്ങിയവര്‍, മറ്റു കയ്യേറ്റക്കാര്‍ എന്നിവരുടെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചത്. 2013 ഏപ്രിലില്‍ സ്പെഷ്യല്‍ ഓഫീസര്‍ എം.ജി.രാജമാണിക്യം ചുമതലയേറ്റെടുത്ത് മുന്നോട്ടു പോയെങ്കിലും ഇടയ്ക്ക് ഹാരിസണ്‍ സ്പെഷ്യല്‍ ഓഫീസറുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേ സമ്പാദിച്ചു. ആറുമാസത്തിനുശേഷം ഹൈക്കോടതി തന്നെ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാമെന്ന് ഉത്തരവ് പുറപ്പെടുവിച്ചു. 2014 ഒക്ടോബര്‍ 15ന് വന്ന ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്പെഷ്യല്‍ ഓഫീസര്‍ നവംബര്‍ 28ന് 8 ജില്ലകളിലെ 62,548 ഏക്കര്‍ ഏറ്റെടുക്കുന്നതിനുള്ള അധികാരപരിധി തെളിയിച്ചുകൊണ്ട് ഉത്തരവിറക്കുകയും ഡിസംബര്‍ 1ന് ഭൂമി ഏറ്റെടുത്തതായി കാട്ടി ഹാരിസണ്‍ നോട്ടീസ് നല്‍കുകയും ചെയ്തത്. ഭൂ സംരക്ഷണനിയമപ്രകാരം ഈ ഭൂമികളില്‍ നിന്നും മരംമുറിക്കുന്നതും പോക്കുവരവ് ചെയ്ത് നികുതി സ്വീകരിക്കുന്നതും കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും സ്പെഷ്യല്‍ ഓഫീസര്‍ നിരോധിച്ചു. ഇതിനിടെ മരംമുറി തടഞ്ഞുകൊണ്ടുള്ള ഉത്തരവിനെതിരെ ഹാരിസണ്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്പെഷ്യല്‍ ഓഫീസര്‍ക്ക് അത്തരം ഉത്തരവിറക്കാന്‍ അധികാരമുണ്ടെന്ന് ഡിസംബര്‍ 3ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വിധിക്കുകയും ചെയ്തു.
റിയ എസ്റ്റേറ്റുള്പ്പെടുന്ന ഹാരിസന്റെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ ആധാരം വ്യാജമാണെന്ന് കണ്ടെത്തി വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്ഐ ആര് റദ്ദാക്കണമെന്ന ആവശ്യം തള്ളി ഒക്ടോബര്‍ 20ന് ഹൈക്കോടതി വിജിലന്‍സിന് തുടരന്വേഷണം നടത്താമെന്ന് വിധിക്കുകയും ചെയ്തു. ഇതിനിടെയാണ് ഒക്ടോബര്‍ 21 ന് റിയക്കും മറ്റൊരു കക്ഷിയായ ആനന്ദവല്ലിക്കും വിവാദഭൂമി പോക്കുവരവ് ചെയ്തുകൊടുക്കാന്‍ മറ്റൊരു ബെഞ്ച് ഉത്തരവിട്ടത്.
ഒക്ടോബര്‍ 15ന് സ്പെഷ്യല്‍ ഓഫീസറുടെ അധികാര പരിധി തെളിയിച്ച് ഭൂമി ഏറ്റെടുക്കാനും 20ന് വിജിലന്‍സ് അന്വേഷണം തുടരാനും ഉത്തരവിട്ടതിന്റെ തൊട്ടുപുറകെയാണ് ഒക്ടോബര്‍ 21ന് റിയക്ക് ഭൂമി പോക്കുവരവ് ചെയ്തു നല്കാന് ഉത്തരവ് വന്നത്. ശ്രദ്ധേയമായ വസ്തുത, 2013 ഒക്ടോബര്‍ 5ന്റെ തീയതിയില്‍ വിധി പറയാന്‍ മാറ്റിവെച്ച ഹര്‍ജിയിലാണ് ഒരു വര്ഷത്തിനുശഷം ഒക്ടോബര്‍ 21ന് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ഉത്തരവ് സര്‍ക്കാരിനും കക്ഷികള്‍ക്കും കിട്ടുന്നത് ഒക്ടോബര്‍ 24നാണ്. സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യാത്തതിനാല്‍ കക്ഷികള്‍ക്ക് ഇനിയും കാത്തിരിക്കാന്‍ കഴിയില്ല എന്നതിനാല്‍ പോക്കുവരവ് ചെയ്തുകൊടുക്കണമെന്നാണ് വിധി ന്യായം.
ഹൈക്കോടതിയുടെ ‘പോക്കുവരവ് ചെയ്യണം’എന്ന നിര്‍ദ്ദേശം വന്നതോടെ ഉദ്യോഗസ്ഥര്‍ വെട്ടിലായി. സ്പെഷ്യല്‍ ഓഫീസറുടെ നിരോധന ഉത്തരവ് നിലവിലുള്ളതിനാല്‍ എന്തുചെയ്യണമെന്നറിയാതെ പുനലൂര്‍ തഹസീല്‍ദാര്‍ സ്പെഷ്യല്‍ ഓഫീസറുടെ അഭിപ്രായം തേടി. സ്വാഭാവികമായും സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പോക്കുവരവ് ചെയ്തു നല്കാന് കഴിയാത്തതിനാലും റിയയുടെ മുന്‍ ആധാരമെന്ന് വാദിക്കുന്ന കരാര്‍ ഉടമ്പടി വ്യാജമാണെന്ന് വിജിലന്‍സ് കണ്ടെത്തുകയും റിയയ്ക്ക് ഭൂമി വില്ക്കാന് കൂട്ടു നിന്ന സബ് രജിസ്ട്രാര്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കുകയും ചെയ്തതിനാല്‍ പോക്കുവരവ് ചെയ്തുനല്‍കേണ്ട എന്നു സ്പെഷ്യല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്കി. ഹാരിസണ്‍ ഇത് ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹര്‍ജിയും സമര്‍പ്പിച്ചു.
ഇതിനിടെ റിയയുടെ കൈവശമുള്ള വിവാദ ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് വ്യക്തമാക്കി 13 തെളിവുകള്‍ നിരത്തി സര്‍ക്കാര്‍ പ്ലീഡര്‍ സുശീലഭട്ട് ഹൈക്കോടതി ബെഞ്ച് മുമ്പാകെ റിവ്യൂ ഹര്‍ജി നല്കി. എന്നാല്‍ സര്‍ക്കാരിനെ അമ്പരപ്പിച്ച് ഈ റിവ്യൂഹര്‍ജി തള്ളുകയായിരുന്നു. ഇതിനെതിരെ അപ്പീല്‍ ഫയല്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.
റിയയ്ക്കൊപ്പം ഭൂമി പോക്കുവരവ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച ആനന്ദവല്ലിയമ്മയുടെ ഭൂമി ആര്യങ്കാവ് ദേവസ്വം പാട്ടത്തില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഭൂമിയാണെന്നാണ് സര്‍ക്കാരിന്റെ വാദം. ആര്യങ്കാവ് വില്ലേജില്‍ ഇംഗ്ലീഷ് കമ്പനിയായ മലയാളം പ്ലാന്റേഷ (യുകെ)ന്റെ കൈവശമുണ്ടായിരുന്നുവെന്നു പറയുന്ന 707.11 ഏക്കര്‍ ഭൂമി 84 ല്‍ രൂപീകരിച്ച ഹാരിസണ്‍ മലയാളം ലിമിറ്റഡിന് കിട്ടിയില്ല. സെറ്റില്‍മെന്റ് രേഖകള്‍ പ്രകാരം ഈ ഭൂമി ആര്യങ്കാവ് ദേവസ്വം പാട്ടം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ഭൂമിക്ക് ഹാരിസണ്‍ അവകാശം ഉന്നയിക്കുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. ഈ ഭൂമി കയ്യേറിയിരുന്നത് എപി നൈനാന്, എസി നൈനാന് എന്നീ കക്ഷികളാണ്. 2006 ല്‍ നിവേദിത പി ഹരന്റെ നേതൃത്വത്തില്‍ ഹൈലെവല്‍ കമ്മറ്റി രൂപീകരിച്ചപ്പോള്‍ തന്നെ ഈ ഭൂമി മറിച്ചുവിറ്റു തുടങ്ങി. നിലവില്‍ 45 കക്ഷികളുടെ പേരിലാണ് ഭൂമി. ഇതില്‍ 485 ഏക്കര്‍ കൈലാസ് പ്ലാന്റേഷന്റെ കൈവശമാണ്. 45 കക്ഷികളില്‍ ഒരാളാണ് 62 ഏക്കറിന് അവകാശമുന്നയിക്കുന്ന ആനന്ദവല്ലിയമ്മ. റിയക്കൊപ്പം 62 ഏക്കറിനുകൂടി പോക്കുവരവ് ചെയ്യാനാണ് നിര്‍ദ്ദേശം. ഭൂപരിഷ്കരണ നിയമപ്രകാരം ഒരു വ്യക്തിക്ക് പരമാവധി 6 ഏക്കറോ ഒരു കുടുംബത്തിന് 15 ഏക്കറോ അഞ്ചംഗങ്ങളില്‍ കൂടുതലുള്ള ഒരു കുടുംബത്തിന് പരമാവധി 20 ഏക്കറോ മാത്രമേ ഭൂമി കൈവശം വയ്ക്കാനാവൂ എന്നും അധികമുള്ള ഭൂമി മിച്ചഭൂമിയാണെന്നുമിരിക്കെ 62 ഏക്കര്‍ പോക്കുവരവ് ചെയ്തു നല്കണമെന്നുള്ള നിര്‍ദ്ദേശവും ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: