കൊല്ലം: തൃക്കടവൂര്‍ കോട്ടക്കകം തെക്കേഴത്ത് ബിനുവിന്റെ മരണം പോലീസ് മര്‍ദ്ദനംമൂലമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. ബിനുവിനെ കൊലപ്പെടുത്തിയതിനുത്തരവാദികളായവര് തന്നെ കേസ് അന്വേഷിക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നും അച്ഛന് കരുണാകരന്‍നായരും അനുജന് ബിനോയിയും പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാജന്, സീനിയര്‍ സിപിഒ ജോയി, ഹോംഗാര്‍ഡ് ജയചന്ദ്രന് എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ക്രിസ്തുമസ് തലേന്ന് കായല്‍വാരത്തുള്ള ഷെഡില്‍വച്ചാണ് പോലീസ് അക്രമം നടന്നത്. ബിനുവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് രാജേഷിന്റെ മൊഴി തെറ്റായാണ് പോലീസ് രേഖപ്പെടുത്തിയതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
രാജേഷിനെ ഗ്രേഡ് എസ്ഐ രാജന് ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് കുനിച്ചിരുത്തുകയും സീനിയര്‍ സിപിഒ ജോയി ബിനുവിനെ മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് ആരോപണം. രാജേഷിന്റെ പോക്കറ്റിലിരുന്ന രണ്ടായിരം രൂപയും മൊബൈല്‍ഫോണും പോലീസ് തട്ടിയെടുത്തതായും പരാതിയുണ്ട്. എന്നാല്‍ ഇതാദ്യം താന്‍ പറഞ്ഞിട്ടും അത് രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായില്ലെന്ന് രാജേഷ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. മര്‍ദ്ദനത്തിന്റെ ശബ്ദം കേട്ടുവെന്ന തന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടില്ലെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.
മര്‍ദ്ദനമുണ്ടായിട്ടില്ലെന്നും പോലീസിനെ കണ്ട് ഓടിയ വഴി മറിഞ്ഞുവീണ് കല്ലില്‍ തലയടിച്ചാണ് ബിനുവിന് പരിക്കേറ്റതെന്നുമുള്ള പോലീസിന്റെ വിശദീകരണം തെറ്റാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബിനു വീണുകിടന്ന സ്ഥലം പൂഴിനിറഞ്ഞ് പുല്ലുമൂടിയ പ്രദേശമാണ്. അവിടെ കല്ലുണ്ടായിരുന്നില്ല. നേരത്തെ മണ്ണ് കച്ചവടം നടത്തിയിരുന്ന ബിനു സീനിയര്‍ സിപിഒ ജോയിയെ പരിഗണിക്കാതിരുന്നതിന്റെ ശത്രുത ഈ സംഭവത്തില്‍ കാരണമായിട്ടുണ്ടാകുമെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിന്റെ പേരില്‍ നിരവധി തവണ ബിനുവിനും സുഹൃത്തുക്കള്‍ക്കുമെതിരെ ജോയി പ്രതികാരനടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബിനുവിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ബിജു.എസ്, അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: