ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരുടെയും വന്താരങ്ങളെടും ദിനങ്ങളിലൊന്നു കടന്നുപോയി. വെള്ളിയാഴ്ച രാവിനെ ത്രസിപ്പിച്ച പോരാട്ടങ്ങളില്‍ ആഴ്സനല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം ജയം കണ്ടു. അവര്‍ക്കുവേണ്ടി തുറുപ്പുചീട്ടുകള്‍ സ്കോര്‍ ഷീറ്റില്‍ കയറിപ്പറ്റി.
സ്വന്തം കാണികളുടെ നെഞ്ചിടിപ്പേറ്റിയ കൡില്‍ ആഴ്സനല്‍ മറികടന്നത് ക്യൂപിആറിനെയായിരുന്നു. സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയെങ്കിലും 53-ാം മിനിറ്റില്‍ എതിര് താരം നീദും ഒനൂഹയെ ഒരു കാര്യവുമില്ലാതെ തലകൊണ്ടിടിച്ച ഒളിവര്‍ ജിറോഡ് ചുവപ്പുകാര്‍ഡ് വാങ്ങി മടങ്ങിയപ്പോള്‍ ഗണ്ണേഴ്സ് പത്തുപേരായി ചുരുങ്ങി. എന്നാല്‍ ചിലിയന്‍ സൂപ്പര്‍ സ്റ്റാര്‍ അലക്സി സാഞ്ചസ് ആഴ്സന്‍ വെംഗറുടെ ടീമിന്റെ രക്ഷകവേഷം കെട്ടി. 37-ാം മിനിറ്റില്‍ ക്യൂപിആറിന്റെ വലകുലുക്കിയ സാഞ്ചസ് രണ്ടാം പകുതിയില്‍ തോമസ്
റോസിക്കിക്ക് (65-ാം മിനിറ്റ്) ഗോളടിക്കാന്‍ അവസരവും ഒരുക്കിക്കൊടുത്തു. ചാര്‍ളി ആസ്റ്റിന്റെ (79) വക ക്യൂപിആറിന്റെ ആശ്വാസ ഗോള്‍. വെയ്ന്‍ റൂണിയുടെ (23, 36) ഇരട്ടഗോളുകളുടെ ബലത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ന്യൂകാസിലിനെ 3-1ന് പരാജയപ്പെടുത്തി. റോബിന് വാന്‍ പെഴ്സി (53) മാന്‍.യുവിന്റെ ഇതര സ്കോറര്‍. പാപ്പിസ് സിസെ (87) ന്യൂകാസിലിന്റെ മറുപടിക്കാരന്. കഴിഞ്ഞ എട്ടുമത്സരങ്ങളില്‍ ചുവന്ന ചെകുത്താന്മാര് നേടുന്ന ഏഴാമത്തെ ജയമാണിത്.
റഹീം സ്റ്റെര്‍ലിങ് (62) ബേണ്ലിക്കുമേല് ലിവര്‍പൂളിന് ജയമൊരുക്കിക്കൊടുത്തു (1-0). വെസ്റ്റ് ബ്രോമിനെതിരെ ഫെര്‍ണാണ്ടോ (8) യായ ടൂറെ (13) ഡേവിഡ് സില്‍വ (34) എന്നിവര്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം പതിച്ചുനല്‍കി (3-1). ബ്രൗണ്‍ ഇദേയെ വെസ്റ്റ്ബ്രോമിനുവേണ്ടി സിറ്റിയുടെ വലയില്‍ ഒരുവട്ടം പന്തെത്തിച്ചു.
മറ്റു മത്സരങ്ങളില്‍ സതാംപ്റ്റന് ക്രിസ്റ്റല്‍ പാലസിനെയും (3-1) സ്റ്റോക്ക് സിറ്റി എവര്‍ട്ടനെയും (1-0) സ്വാന്‍സി ആസ്റ്റണ്‍ വില്ലയെയും (1-0) ടോട്ടനം ലെയ്സെസ്റ്റര്‍ സിറ്റിയെയും (2-1) തോല്‍പ്പിച്ചു. 18 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ചെല്‍സി (45 പോയിന്റ്) ഒന്നാംസ്ഥാനത്തു തുടര്‍ന്നു. മാഞ്ചസ്റ്റര്‍ സിറ്റി (42), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (35) എന്നിവര്‍ തൊട്ടുപിന്നില്‍. ആഴ്സനല്‍ (30) ആറാമതും ലിവര്‍പൂള്‍ (25) ഒമ്പതാമതും നിലകൊള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: