മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രമായ വിഗതകുമാരന് പ്രദര്‍ശനത്തിനെത്തിയത് എണ്‍പത്തിനാല് വര്‍ഷങ്ങള്‍ക്കു മുമ്പാണ്. 1930 ഒക്ടോബര്‍ 23ന്. അങ്ങനെയാകുമ്പോള്‍ 2014 മലയാള സിനിമയെ സംബന്ധിച്ച് ഏറെപ്രാധാന്യമുള്ള വര്‍ഷമായിരുന്നു. മനുഷ്യായുസ്സിന്റെ കണക്കുവച്ചു നോക്കുമ്പോള്‍ മലയാള സിനിമ 2014 ല്‍ ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ ദര്‍ശിച്ചു. എന്നാല്‍ കടന്നു പോകുന്ന വര്‍ഷം പുറത്തിറങ്ങിയ സിനിമകളുടെ കണക്കെടുപ്പും വിശകലനവും നടത്തുമ്പോള്‍ അത്ര മെച്ചമൊന്നും അവകാശപ്പെടാനില്ല. നൂറ്റിനാല്പതോളം സിനിമകള്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയെങ്കിലും പതിനഞ്ചെണ്ണം മാത്രമാണ് വിജയിച്ചത്. മുടക്കുമുതല്‍ പോലും തിരിച്ചു നല്‍കാതെ നിര്‍മ്മാതാവിനെ കുത്തുപാളയെടുപ്പിച്ച സിനിമകളായിരുന്നു കൂടുതലും.
സാറ്റലൈറ്റ്റേറ്റിനെ മാത്രം ആശ്രയിച്ച് ഏതു ചവറു സിനിമയുമിറക്കാമെന്ന ചിലരുടെ മോഹത്തിനും കടന്നു പോകുന്ന വര്‍ഷം തിരിച്ചടി നല്കി. താരങ്ങളെ നോക്കിയായിരുന്നു മുമ്പ് സാറ്റലൈറ്റ് റേറ്റ് കിട്ടിയിരുന്നത്. എന്നാല്‍ നല്ല സിനിമകളും തീയറ്ററില്‍ ആളുകയറിയ സിനിമകളും മാത്രംമതി തങ്ങള്‍ക്കെന്ന് ടിവി ചാനലുകാര് തീരുമാനിച്ചപ്പോള്‍ കൂണുപോലെ പൊട്ടിമുളച്ച ധാരാളം സിനിമാ പിടുത്തക്കാര്‍ പിന്‍വാങ്ങി. 2013നെ അപേക്ഷിച്ച് 2014ല്‍ പുറത്തുവന്ന ചിത്രങ്ങളുടെ എണ്ണം വളരെ കുറവാകാനുള്ള പ്രധാന കാരണവും അതായിരുന്നു. സിനിമ പ്രഖ്യാപിച്ച ശേഷം പിന്നീടൊന്നുമാവാതെ നിര്ജ്ജീവാവസ്ഥയിലിരിക്കുന്ന സിനിമകളാണ് വെള്ളിത്തിരയിലെത്തിയ ചിത്രങ്ങളേക്കാള്‍ കൂടുതല്‍.
2014ലെ വിജയിച്ച ചിത്രങ്ങളില്‍ ഹിറ്റുകളായത് പത്തില്‍താഴെ മാത്രം സിനിമകളാണ്. അതില്‍ സൂപ്പര്‍താര ചിത്രങ്ങളില്ലെന്നതും പ്രത്യേകതയാണ്. 2013ല്‍ കളക്ഷന്‍ റിക്കോര്‍ഡുകള്‍ ഭേദിച്ചത് മോഹന്‍ലാലിന്റെ ദൃശ്യമായിരുന്നു. എന്നാല്‍ യുവതാരങ്ങളുടെയും രണ്ടാംനിര നായകന്മാരുടെയും സിനിമകളാണ് 2014ലെ വിജയചിത്രങ്ങള്‍. മുന്‍ വര്‍ഷങ്ങളില്‍ പുറത്തു വന്ന നിരവധിയായ ന്യൂജനറേഷന് ചിത്രങ്ങളുടെ ആധിക്യവും 2014നെ പിടികൂടിയില്ല. ന്യൂജനറേഷന് ചലച്ചിത്ര സംവിധായകരില്‍ പലരും പിന്‍വാങ്ങിയപ്പോള്‍ പിന്നീട് ചിത്രങ്ങളെടുത്തവര്‍ കൂടുതല്‍ പക്വതയോടെയുള്ള സമീപനമാണ് സ്വീകരിച്ചത്. വിജയിച്ച ചിത്രങ്ങളുടെ കണക്കെടുക്കുമ്പോള്‍ 2014 ലെ താരം നവിന് പോളിയാണ്. നവീന്പോളിയുടെ ബാംഗ്ലൂര്‍ ഡെയ്സാണ് ഈ വര്‍ഷത്തെ ബ്ലോക്ബസ്റ്റര്‍ ചലച്ചിത്രം. ഓം ശാന്തി ഓശാന, 1983 എന്നീ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളായി.
ക്രിക്കറ്റ് ആസ്പദമാക്കി തയ്യാറാക്കിയ 1983, ഗ്രാമീണ ജീവിതത്തിന്റെ ഗൃഹാതുര സ്മരണകളിലേക്കാണ് പ്രേക്ഷകനെ കൊണ്ടുപോയത്. തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമകളുടെ പട്ടികയില്‍ 1983 ഇടം പിടിച്ചു. ‘ഓലഞ്ഞാലി കുരുവി…’ എന്ന ഈ ചിത്രത്തിലെ ഗാനം 2014ലെ ഹിറ്റ് സിനിമാഗാനവുമായി. വര്‍ഷങ്ങള്‍ക്കു ശേഷം ജയചന്ദ്രനും വാണിജയറാമും ചേര്ന്നാലപിച്ചതാണീ ഗാനം. കോമഡിയും റൊമാന്സും ഇടകലര്‍ന്ന സിനിമയായിരുന്ന ഓംശാന്തി ഓശാന നൂറു ദിവസത്തിലധികമാണ് ഓടിയത്. മലയാളി ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള അവതരണ ശൈലിയും ഈ ചിത്രത്തെ മനോഹരമാക്കി.
അഞ്ജലി മേനോന് സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്സ് മലയാളത്തിലെ എക്കാലത്തെയും മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ ഗണത്തില്‍പ്പെടുന്നു. അതോടൊപ്പം ഏറ്റവും അധികം പ്രേക്ഷകര്‍ കണ്ട സിനിമ എന്ന ബഹുമതിയും 2014ല്‍ ബാംഗ്ലൂര്‍ ഡെയ്സിന് സ്വന്തം. ഈ മൂന്നു ചിത്രങ്ങളുടെ മികച്ച വിജയമാണ് നവീന്പോളിയെ 2014ലെ നായകനാക്കിയത്.
കടന്നു പോകുന്ന വര്‍ഷം നായികയെന്ന പേരെടുത്ത ഒരു നടിയില്ല. പതിനാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മഞ്ജുവാര്യര്‍ മലയാള സിനിമയിലേക്ക് തിരികെ വന്നു എന്ന പ്രത്യേകതയുണ്ട്. മഞ്ജുവാര്യര്‍ സിനിമയിലഭിനയിക്കാന്‍ തുടങ്ങിയതു കൊണ്ട് മലയാള സിനിമയ്ക്ക് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടായില്ല എന്നു തന്നെയാണ് ഉത്തരം. എങ്കിലും മഞ്ജു അഭിനയിച്ച ഹൗ ഓള്‍ഡ് ആര് യു എന്ന സിനിമ വേറിട്ട അനുഭവം സമ്മാനിച്ചു. സിനിമയുടെ പ്രമേയവും അത് കൈകാര്യം ചെയ്ത രീതിയുമാണ് പ്രത്യേകതയായത്. പ്രേക്ഷകന് ആസ്വദിച്ച സിനിമയിലെ നല്ല നായികയായി മഞ്ജുമാറി. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്സ് എന്നീ ചിത്രങ്ങളിലൂടെ നസ്റിയ മികച്ച അഭിനയമാണ് കാഴ്ചവച്ചത്. ഓം ശാന്തി ഓശാന എന്നതിലെ നസ്റിയയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചായിരുന്നു കഥയുടെ വികാസം.
മമ്മൂട്ടി , മോഹന്‍ലാല്‍ എന്നിവരുടെ ചിത്രങ്ങള്‍ 2014ല്‍ ഉണ്ടായിരുന്നെങ്കിലും പ്രത്യേകമായ പരാമര്‍ശത്തിന് വിധേയമാക്കാന്‍ തരത്തില്‍ പ്രേക്ഷക മനസ്സുകീഴടക്കാന്‍ അവയ്ക്കൊന്നുമായില്ല. എങ്കിലും കലാപരമായ മികവിലും മമ്മൂട്ടിയുടെ അഭിനയ വൈഭവത്തിലും മുന്നറിയിപ്പ് എന്ന സിനിമ വ്യത്യസ്തമായി. പ്രത്യേകതയുള്ള ഒരു ദൃശ്യാനുഭവം സമ്മാനിക്കാന്‍ ഛായാഗ്രാഹകനായ വേണു സംവിധാനം ചെയ്ത മുന്നറിയിപ്പിന് കഴിഞ്ഞു. മോഹന്‍ലാലിനും പറയത്തക്ക നേട്ടമുണ്ടാക്കാന്‍ 2014ല്‍ കഴിഞ്ഞില്ല. അരുണ്‍ വൈദ്യനാഥന്റെ പെരുച്ചാഴി എന്ന സിനിമയാണ് കുറച്ചെങ്കിലും പ്രേക്ഷകനെ രസിപ്പിച്ചത്.
ദുല്‍ഖര്‍ സല്മാന് അഭിനയിച്ച രണ്‍ജിത് സിനിമ ‘ഞാന്‍’ കലാപരമായി മികച്ച സിനിമയായിരുന്നുവെങ്കിലും സിനിമാ തീയറ്ററുകളിലേക്ക് പ്രേക്ഷകനെ ആകര്‍ഷിക്കാന്‍ പോന്ന കരുത്തുള്ളതായിരുന്നില്ല. ലാല്‍ജോസ്, ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ രചനയില്‍ ദുല്‍ക്കര്‍ സല്മാന്, ഉണ്ണി മുകുന്ദന് എന്നിവരെ നായകന്മാരാക്കി ഒരുക്കിയ വിക്രമാദിത്യന് വന്‍വിജയം നേടി. സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം പറഞ്ഞുപഴകിയ വിഷയമായിട്ടും അവതരണരീതി പ്രേക്ഷകരെ തൃപ്തിപ്പെടുത്തി.
അമല്‍ നീരദിന്റെ മുന്‍കാല ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഇയ്യോബിന്റെ പുസ്തകം എന്ന സിനിമ, പ്രേക്ഷകനെ ആകര്‍ഷിക്കുകയും കണ്ണിനും മനസ്സിനും സന്തോഷം പകരുകയും ചെയ്യുന്ന കാഴ്ചകള്‍കൊണ്ട് സമ്പന്നമായിരുന്നു ഇയ്യോബിന്റെ പുസ്തകം. നോര്‍ത്ത് 24 കാതം എന്ന മികച്ച ചിത്രത്തിനുശേഷം അനില്‍ രാധാകൃഷ്ണന് മേനോന് സംവിധാനം ചെയ്ത സപ്തമശ്രീ തസ്കരാഃ എന്ന ചിത്രവും വിജയിച്ച ചലച്ചിത്രമാണ്. ‘ഐശ്വര്യമുള്ള ഏഴു കള്ളന്മാരുടെ കഥ’ പറഞ്ഞ ചിത്രം പ്രേക്ഷകരെ ഏറെ രസിപ്പിച്ചു.
അപ്പോത്തിക്കിരിയിലൂടെ സുരേഷ്ഗോപിയും സ്വപാനത്തിലൂടെ ജയറാമും 2014ല്‍ സാന്നിധ്യമറിയിച്ചു. ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്ത റിംഗ് മാസ്റ്റര്‍, അനൂപ് മേനോന് നായകനായ സജി സുരേന്ദ്രന്റെ ആംഗ്രി ബേബീസ്, രഞ്ജിത്ത് ശങ്കറിന്റെ മമ്മൂട്ടിച്ചിത്രം വര്‍ഷം, ശ്യാംധറിന്റെ പൃഥ്വിരാജ് ചിത്രം സെവന്ത് ഡേ, സനല്‍ വാസുദേവിന്റെ ഗോഡ്സ് ഓണ്‍ കണ്ട്രി തുടങ്ങിയവ കഷ്ടിച്ചു രക്ഷപ്പെട്ട ചലച്ചിത്രങ്ങളായി.
അപ്രതീക്ഷിതമായ ചില വന്‍വിജയങ്ങള്‍ക്കു കൂടി സാക്ഷ്യം വഹിച്ചാണ് രണ്ടായിരത്തി പതിനാല് അവസാനിക്കുന്നത്. ബിജുമേനോന്റെ വെള്ളിമൂങ്ങയാണ് ഈ അത്ഭുത വിജയം നേടിയ സിനിമ. അഞ്ചു കോടിയില്‍ താഴെയായിരുന്നു ഈ ചിത്രത്തിന്റെ നിര്മാണച്ചെലവെങ്കിലും ഇരുപത് കോടിയിലധികമാണ് നേടിയത്. ബിജു മേനോന് നായകനായ സിനിമ ഏതാനും തിയറ്ററുകളില്മാത്രമായിരുന്നു ആദ്യം റിലീസ് ചെയ്തത്. ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെ രാഷ്ട്രീയം പറഞ്ഞ ചിത്രത്തെ പ്രേക്ഷകര്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: