ഇരിക്കൂര്‍: ബിജെപി പടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഫല്ഗുനനും മറ്റ് രണ്ട് പ്രവര്‍ത്തകര്‍ക്കും നേരെ ബ്ലാത്തൂരില്‍ സിപിഎമ്മുകാര്‍ നടത്തിയ അക്രമം ആസൂത്രിതമെന്ന് സൂചന. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുളളില്‍ നിരവധി സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബ്ലാത്തൂരെന്ന സിപിഎമ്മിന്റെ ശക്തികേന്ദത്തില്‍ നിന്നും ദിനംപ്രതി പാര്‍ട്ടിവിട്ട് സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതില്‍ വിറളി പൂണ്ടാണ് സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെ കഴിഞ്ഞദിവസം ബിജെപി നേതാവിനും പ്രവര്‍ത്തകര്‍ക്കും നേരെ അക്രമം നടത്തിയത്. പാര്‍ട്ടിയുടെ തെറ്റായ നയങ്ങളിലും നേതാക്കളുടെ ഏകാധിപത്യ പ്രവണതകളും കാരണം സിപിഎം എന്ന പ്രസ്ഥാനത്തോടുളള പ്രതീക്ഷ നഷ്ടപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ നിരവധി ചെറുപ്പക്കാര്‍ ഉള്‍പ്പെടെ ബിജെപിയില്‍ അണിചേര്‍ന്നിരുന്നു. നിരവധി പേര് സിപിഎം വിട്ട് ബിജെപിയില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയുമാണ്. രണ്ടു മാസം മുമ്പ് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന് കണ്ണൂര്‍ ജില്ലയിലെ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലൂടെ നടത്തിയ ജനശക്തിയാത്രയ്ക്ക് ബ്ലാത്തൂരില്‍ ഒരുക്കിയ സ്വീകരണ പരിപാടിയില്‍ ആയിരങ്ങള്‍ അണിനിരന്നിരുന്നു.
ബിജെപിയില്‍ ചേര്‍ന്നവരേയും പുതുതായി സിപിഎം വിടുന്നവരേയും ഭീഷണിപ്പെടുത്തുകയെന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് അക്രമമെന്ന് വ്യക്തമാവുകയാണ്. കഴിഞ്ഞ ദിവസം നടന്ന സമാധാനകമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകനെ സിപിഎം സംഘം ഭീഷണിപ്പെടുത്തുകയും വധ ഭീഷണിമുഴക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് വ്യാഴാഴ്ച രാത്രി നടന്ന അക്രമം. പുതുതായി ബിജെപിയിലെത്തിയ പ്രവര്‍ത്തകരുടെ വീടുകളില്‍ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം ഗൃഹസമ്പര്‍ക്കം നടത്തി വരികയായിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ ആസൂത്രിതമായി മാരകായുധങ്ങളുമായി സംഘടിച്ച് സിപിഎമ്മുകാര്‍ കൊല്ലാന്‍ ശ്രമം നടത്തുകയായിരുന്നു. ഭാഗ്യംകൊണ്ട് അപായപ്പെടുത്താനുളള ശ്രമത്തില്‍ നിന്ന് ബിജെപി പ്രവര്‍ത്തകര്‍ രക്ഷപ്പെടുകയായിരുന്നു. തലയ്ക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് ഫല്ഗുനന് ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. പാര്‍ട്ടി പ്രാദേശിക നേതാവും ബ്ലാത്തൂര്‍ സ്ക്കൂള് അധ്യാപകനും, പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടെയുളളവരുടെ നേതൃത്വത്തിലാണ് അക്രമമെന്നത് ആസൂത്രിതമാണ് അക്രമമെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.
ഊരത്തൂര്‍ സ്വദേശിയും സാമൂഹ്യ പ്രവര്‍ത്തകനും പഞ്ചായത്തിലുടനീളം അന്യ പാര്‍ട്ടിക്കാര്‍ക്കിടയില്‍ പോലും സ്വീകാര്യനുമായ സ്വകാര്യ കോളേജ് അധ്യാപകനും സൗമ്യ പ്രകൃതനുമായ ബിജെപി പഞ്ചായത്ത് പ്രസിഡണ്ടിന് നേരെ നടന്ന അക്രമത്തില്‍ ബ്ലാത്തൂരിലേയും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങളായി യാതൊരു രാഷ്ട്രീയ സംഘര്‍ഷങ്ങളുമില്ലാതെ സമാധാനം നിലനില്‍ക്കുന്ന ബ്ലാത്തൂര്‍ മേഖലയില്‍ അക്രമം നടത്തി സമാധാനം തകര്‍ക്കാനുളള സിപിഎം ശ്രമത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.മറ്റ് പാര്‍ട്ടികളുടെ പഞ്ചായത്ത്-മണ്ഡലം ഉപരിയുളള ഭാരവാഹികളെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന സിപിഎം നിലപാടിനെതിരെ ജനകീയമായ സമര പരിപാടികള്‍ നടത്താനുളള നീക്കത്തിലാണ് സംഘപരിവാര്‍ നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: