കൊട്ടാരക്കര: മെതിയടി മുതല്‍ ചീനഭരണിവരെയും പഴയകാല പത്രത്താളുകള്‍ മുതല്‍ വേദങ്ങള്‍ വരെയും കോര്‍ത്തിണക്കിയ തലവൂരിലെ പ്രദര്‍ശിനി സന്ദര്‍ശകര്‍ക്കും പുതുതലമുറയ്ക്കും വിജ്ഞാനവും കൗതുകവും പകരുന്നു. തലവൂര്‍ ദേവീവിലാസം സ്കൂളില്‍ നടക്കുന്ന ആര്‍എസ്എസിന്റെ പ്രാഥമികശിക്ഷാവര്ഗിലാണ് ചരിത്രത്തെയും പൗരാണികതയെയും അടുത്തറിയാനുള്ള പ്രദര്‍ശിനി ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശക കവാടത്തോട് ചേര്ന്നായതുകൊണ്ടുതന്നെ നല്ല തിരക്കും അനുഭവപ്പെടുന്നുണ്ട്.
പഴയകാലത്ത് കര്‍ഷകര്‍ ഉപയോഗിച്ചിരുന്ന തടിക്കലപ്പയും നുകവും മരവും ഒക്കെ പലര്‍ക്കും പുതിയ കാഴ്ചയാണ്. തൂക്ക്മൊന്ത, ഊന്നുവടി, കാക്കവിളക്ക്, ആമാടപ്പെട്ടി, കോളാമ്പി,ദശപുഷ്പങ്ങള്‍, ഔഷധസസ്യങ്ങള്‍, വിവിധ വലിപ്പത്തിലുള്ള ചീനഭരണികള്എന്നിവയും ശേഖരത്തിലുണ്ട്. ആറന്മുളയുടെ പൈതൃകസംരക്ഷണത്തിന്റ ആവശ്യകത, കൊല്ലത്തെ പ്രധാന ചരിത്ര സ്മാരകങ്ങള്‍, മഹാഗണപതി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങള്‍ എല്ലാം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മഹാഭാരതം, വേദം തുടങ്ങി ഗ്രന്ഥങ്ങള്‍ പ്രദര്ശിനിയെ വേറിട്ടതാക്കുന്നു. പഴമയുടെ പുതുമയെ അടുത്തറിയാന്‍ പ്രദര്‍ശിനി ഏറെ സഹായകരമായി എന്ന് സന്ദര്‍ശകര്‍ പറയുമ്പോള്‍ പുതുതലമുറയ്ക്ക് മണ്മറയുന്ന സംസ്കാരപ്രതീകങ്ങള് കണ്‍നിറയെ കണ്ടതിന്റെ സന്തോഷുമാണ്. ഇതിനോട് ചേര്‍ന്നുതന്നെ വിജ്ഞാനത്തിന്റെ ഭണ്ഡാരം മലര്‍ക്കെ തുറന്ന് അമൂല്യമായ പുസ്കങ്ങളുടെ വലിയ ഒരു ശേഖരവും ഉണ്ട്. സന്ധ്യനാമം മുതല്‍ ഭാരതചരിത്രകാരന്മാരുടെ കയ്യൊപ്പ് പതിഞ്ഞ പുസ്തകങ്ങള്‍ വരെ ഒരു കുടക്കീഴിലാക്കി കുരുക്ഷേത്ര പ്രകാശനാണ് സ്റ്റാള്‍ ഒരുക്കിയിരിക്കുനത്.
സ്വാമി വിവേകാന്ദന്റേയും ശങ്കരാചാര്യരുടെയും ജീവിത കഥകള്‍, ഛത്രപതി ശിവജി സത് ഭരണത്തിന്റ മാതൃക, രാഷ്ട്ര ചിന്തനം വേദങ്ങളില്‍, ഭാരതചരിത്രത്തിലെ സുവര്‍ണ്ണഘട്ടങ്ങള്‍ തുടങ്ങി 1000 ത്തിലധികം വിവിധ എഴുത്തുകാരുടെ പുസ്തകങ്ങളാണ് ഇവിടെ നിന്നും ലഭിക്കുന്നത്.
കുണ്ടറ: സംഘവളര്‍ച്ചയുടെ ചരിത്രം കാട്ടിത്തരുകയാണ് ഇളമ്പള്ളൂര്‍ സ്കൂളില്‍ കൊല്ലം മഹാനഗരത്തിന്റെ പ്രാഥമിക ശിക്ഷാവര്ഗിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന പ്രദര്‍ശിനി. ആര്‍എസ്എസിന്റെ ആരംഭം മുതല്‍ ഇതുവരെയുണ്ടായ ഓരോ ചുവടുവെപ്പുകളും പ്രദര്‍ശിനിയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കല്‍ സമരവും തളിക്ഷേത്ര വിമോചനസമരവും അയിത്തത്തിനെതിരെയുള്ള പോരാട്ടവും ചരിത്രത്തിന്റെ ഭാഗമായത് പ്രദര്ശിനിയിലൂടെ അടുത്തറിയാം. സമരങ്ങളിലുണ്ടായ ജനപങ്കാളിത്തവും വ്യക്തമാക്കുന്നതാണ് പ്രദര്‍ശിനി.
1992 തൃശൂരില്‍ നടന്ന യുവസംഗമ പരിപാടിയുടെ ചുവരെഴുത്ത് മുതല്‍ മഹാസമ്മേളനംവരെ ഉള്‍പ്പെടുത്തിയ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തളി ക്ഷേത്ര വിമോചനസമരനായകന്‍ കെ.കേളപ്പന്റെ അവിസ്മരണീയ ചിത്രങ്ങളും 1980ല്‍ പുത്തരികണ്ടം മൈതാനത്തു നടന്ന വിശാല ഹിന്ദുസമ്മേളനവും ആര്‍എസ്എസിന്റെ സാമൂഹികസംഘടനാ പ്രവര്‍ത്തനത്തിന്റെ ആദ്യകാലവളര്‍ച്ചയുടെ പടവുകള്‍ കാട്ടിത്തരുന്നു. 1977ല്‍ അടിയന്തരാവസ്ഥക്കുശേഷം എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ നടന്ന സാംഘിക്കില്‍ പങ്കെടുക്കുന്ന അന്നത്തെ സര്‍സംഘചാലക് ദേവറസ്ജിയുടെ ചിത്രവും വ്യത്യസ്തമാണ്.
സംഘപ്രവര്‍ത്തനത്തിനിടയില്‍ ബലിദാനികളായവരുടെ ചിത്രങ്ങള്‍ മനസ്സിനെ ഈറനണിയിക്കും. ഐതിഹാസികമായ മാറാട് സമരവും മോഹന്‍ജി ഭാഗവതിന്റെ മാറാട് സന്ദര്‍ശനവും പ്രദര്‍ശിനിയുടെ ഭാഗമാണ്. 2001ല്‍ സുദര്‍ശന്‍ജിയുമായി ക്രൈസ്തവ മേലധ്യക്ഷന്മാര് നടത്തിയ ചര്‍ച്ചയെ പിറ്റേദിവസത്തെ മാധ്യമങ്ങള്‍ ആര്‍എസ്എസിനു ഹിന്ദുവിഭാഗത്തിന്റെ നേതൃത്വം അംഗീകരിച്ചു കൊടുത്തതിനുതുല്യമായി എന്ന വാര്‍ത്തകള്‍ നല്കിയതും പ്രദര്‍ശനിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഓരോ നിമിഷവും സംഘം കേരളസമൂഹത്തില്‍ ചെയ്തിട്ടുള്ള ഐതിഹാസിക സമരങ്ങളും വ്യക്തിത്വവികസനവും കാട്ടിത്തരുന്നതായി മാറുകയാണ് പ്രദര്‍ശിനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: