അഞ്ചല്‍: അഞ്ചല്‍ പട്ടണത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി ആരംഭിച്ച അഞ്ചല്‍ ബൈപ്പാസ് നിര്‍മ്മാണം ഇഴയുന്നു. ലക്ഷ്യം പ്രശസ്തമായ അഞ്ചല്‍ തിരുമുടി എഴുന്നള്ളിപ്പെന്ന് ആരോപണമുയരുന്നു.
മലയോര പട്ടണമായ അഞ്ചലിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ ആശ്വാസമാകുമായിരുന്ന ബൈപ്പാസ് റോഡാണ് പാതിവഴിയില്‍ നിര്‍മ്മാണം വഴിമുട്ടിനില്ക്കുന്നത്.
അഞ്ചല്‍-ആയൂര്‍ റോഡില്‍ അഞ്ചല്‍ കുരിശുംമൂട്ടില്‍ നിന്നാരംഭിച്ച് അഞ്ചല്‍ സെന്റ് ജോര്‍ജ് സ്കൂളിനുമുന്നില്‍ അവസാനിക്കുന്ന റോഡാണിത്. ഇതിന്റെ നിര്‍മ്മാണത്തിനായി നിലവിലുണ്ടായിരുന്ന റോഡ് മണ്ണ് ഭാഗികമായി ഇട്ടുമൂടിയ നിലയിലാണ്.
ഇപ്പോഴുള്ള നിലയിലാണെങ്കില്‍ ബൈപ്പാസ് നിര്‍മ്മാണം തിരുമുടി എഴുന്നള്ളിപ്പ് തീയതിയായ മാര്‍ച്ച് 12ന് പൂര്‍ത്തിയാകാന്‍ സാധ്യതയില്ല. കുരിശുംമൂട് മുതല്‍ ഗണപതിക്ഷേത്രം വരെ മണ്ണിട്ട് മൂടുന്നതിനും റോഡ് ഉയര്‍ത്തുന്നതിനും ഏകദേശം എണ്ണൂറ് ലോഡ് മണ്ണ് വേണമെന്ന് പറയപ്പെടുന്നു. മണ്ണെടുക്കുന്നതിലുള്ള സാങ്കേതികതടസമാണ് റോഡ് നിര്‍മ്മാണം വൈകുന്നതിന് പറയുന്ന കാരണം. റോഡുനിര്‍മ്മാണം മനപൂര്‍വം വൈകിക്കുന്നതാണെന്ന ആരോപണം ബലപ്പെടാന്‍ കാരണമിതാണ്. അഞ്ചല്‍ മേഖലയില്‍ വ്യാപകമായി മണ്ണെടുപ്പ് നടക്കുന്നതാണ് ഇതിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
2160 മീറ്റര്‍ നീളവും പതിനെട്ട് മീറ്റര്‍ വീതിയുമുള്ള റോഡ് പൂര്‍ത്തീകരിക്കുന്നതിനും ദേശീയപാത നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിനുമായി ഏകദേശം പതിഞ്ചുകോടി രൂപയാണ് ആവശ്യമുള്ളത്. രണ്ടരകോടിരൂപ പ്രാരംഭനിര്‍മ്മാണത്തിനായി അനുവദിച്ചിട്ടുള്ളതാണ്. എന്നാല്‍ റോഡ് നിര്‍മ്മാണം തുടങ്ങിയിടത്തു തന്നെയാണെന്നുള്ളതാണ് ആശ്ചര്യം. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന അഞ്ചല്‍ മുടിഎഴുന്നള്ളിപ്പ് കടന്നുപോകുന്ന പ്രധാന പാതയായ ഈ വഴിയാണ് ഇപ്പോള്‍ മണ്‍കൂനയായി മാറിയിരിക്കുന്നത്. ഇവിടെ ഇപ്പോള്‍ കാല്‍നടയാത്രപോലും ദുസഹമായിരിക്കുകയാണ്.
ലക്ഷക്കണക്കിന് ആളുകള്‍ കാല്‍നടയായി പോകേണ്ടുന്ന ആചാരപരമായി പ്രത്യേകതയുള്ളതും പൊന്നിന് തിരുമുടി ഇറക്കി പൂജയുള്ളതുമായ സ്ഥലമാണ് റോഡ് നിര്‍മ്മാണത്തിനായി ഏറ്റെടുത്ത് അലങ്കോലമാക്കിയിട്ടിരിക്കുന്നത്. റോഡുനിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ മുടി എഴുന്നള്ളിപ്പ് മഹോത്സവം സുഗമമായി നടക്കാനുള്ള സാധ്യതയാണ് ഇല്ലാതാകുന്നത്. റോഡുനിര്‍മ്മാണം വേഗതയിലാക്കുന്നതിന് ചിലര്‍ ഭരണതലത്തില്‍ തടസം നില്‍ക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: