കഴിഞ്ഞ ദിവസം അന്തരിച്ച ബിജെപി പട്ടികജാതി മോര്‍ച്ച മുന്‍ ജില്ലാ പ്രസിഡണ്ടായിരുന്ന പി.ബാലന് (ബാലേട്ടന്) അവശ ജനവിഭാഗത്തിനു വേണ്ടി എല്ലാ കാലത്തും പോരാടിയ വ്യക്തിത്വത്തിനുടമയായിരുന്നു. തികഞ്ഞ രാഷ്ട്രീയ പ്രവര്ത്തകന് എന്നതിലുപരി അവശ ജനവിഭാഗത്തിന്റെ സകല കഴിവുകളും ഉപയോഗപ്പെടുത്തിയ വ്യക്തിയാണ് അദ്ദേഹം. അവശ ജനവിഭാഗത്തിന്റെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നിടത്ത് ,അത് ഉദ്യോഗസ്ഥരായാലും ഭരണാധികാരികളായാലും അതിനെതിരെ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ അദ്ദേഹം യാതൊരു മടിയും കാണിച്ചില്ല.
പട്ടിക ജാതിവര്ഗ്ഗക്കാരുടെ ഊരുകളിലും കോളനികളിലും ചെന്ന് അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കാനും ഇവ നേടിയെടുക്കുന്നതിനാവശ്യമായ സഹായങ്ങള്‍ നല്‍കാനും അദ്ദേഹം മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. ഇത് അദ്ദേഹത്തെ മറ്റുളളവരില്‍ നിന്നും വിത്യസ്തനാക്കി. പേരട്ട മുതല്‍ കാഞ്ഞിരക്കൊല്ലി വരെ നീണ്ടുകിടക്കുന്ന മലയോര മേഖലയിലും ജില്ലയുടെ മറ്റുമേഖലകളിലും പട്ടിക ജാതി-വര്‍ഗ്ഗക്കാരുള്‍പ്പെടെ ബാലേട്ടനെ അറിയാത്തവരായി ആരും ഉണ്ടാകില്ല. തന്നെ സമീപിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടേയും പ്രശ്നങ്ങളില്‍ ഇടപെടാനും പരിഹാരമുണ്ടാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതു കൊണ്ടു തന്നെ എല്ലാവിഭാഗം ജനങ്ങള്‍ക്കിടയിലും വലിയൊരു സുഹൃത്ത് വലയം അദ്ദേഹത്തിനുണ്ടായിരുന്നു.
നന്നെ ചെറുപ്പത്തില്‍ തന്നെ സാമൂഹ്യ പ്രവര്‍ത്തനം ആരംഭിച്ച് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായി പാര്‍ട്ടിയിലെ വിഭാഗീയതയിലും തെറ്റായ പ്രവര്‍ത്തന രീതിയിലും മനം മടുത്ത് രാജിവെച്ച് ദേശീയ പ്രസ്ഥാനമായ ബിജെപിയുടെ ഭാഗമാവുകയും ശ്കതമായ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയിലും പട്ടിക ജാതി മോര്‍ച്ച രൂപം കൊണ്ടപ്പോള്‍ അതിന്റെ പ്രഥമ ജില്ലാ പ്രസിഡണ്ടുമായി.
പട്ടിക ജാതി മോര്‍ച്ചയുടെ സംസ്ഥാന സമിതിയംഗമായും ബിജെപി ജില്ലാ കമ്മിറ്റിയംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. അസുഖ ബാധിതനായി വിശ്രമ ജീവിതം തുടരുമ്പോഴും പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളേ കുറിച്ച് മറ്റുളളവരില്‍ നിന്നും ചോദിച്ച് മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. എതാനും ദിവസം മുമ്പ് അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ സന്തോഷത്തോടെ മോദിജിയുടെ വിജയം, നമ്മുടെ നാട് രക്ഷപ്പെടാനുളള മാര്‍ഗ്ഗമാണെന്നും അദ്ദേഹത്തിന്റെ ഭരണ കാലത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ടെന്നും പറയുകയുണ്ടായി.
സംഘ പരിവാര്‍ പ്രസ്ഥാനങ്ങളോട് അവസാനകാലം വരെ അദ്ദേഹത്തിനുണ്ടായിരുന്ന കടപ്പാട് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. എല്ലാവര്ക്കും മാതൃകയും പ്രസ്ഥാനത്തിനു വേണ്ടി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച് ആത്മസമര്‍പ്പണം നടത്തിയ ബാലേട്ടന് ഓര്‍മ്മയായെങ്കിലും അദ്ദേഹത്തിന്റെ നേതൃ ഗുണവും പ്രവര്‍ത്തന ശൈലിയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് എന്നും പ്രചോദനമാവട്ടെ. അദ്ദേഹത്തിന് ഒരായിരം അശ്രുപുഷ്പങ്ങള്‍ അര്‍പ്പിക്കട്ടെ.
പി.കെ.വേലായുധന് (ബിജെപി ദേശീയ സമിതിയംഗം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: