കണ്ണൂര്‍: തട്ടുകടകളിലെ രുചിയുടെയും ബേക്കറികളിലെ നിറങ്ങളുടേയും വൈവിധ്യത്തിനു പിന്നില്‍ പലപ്പോഴും ഒളിഞ്ഞിരിക്കുന്നത് മാരകമായ രാസവസ്തുക്കളുടെ സാന്നിധ്യം. ക്രിസ്മസ് തിരക്കിനിടയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ബേക്കറികളില്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ കേക്കുകള്‍ ഉണ്ടാക്കുന്നത് ശ്രദ്ധയില്‍ പെട്ടതായി സീനിയര്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ടി അജിത് കുമാര്‍ പറഞ്ഞു.
ജില്ലയിലെ എണ്പതു ശതമാനത്തോളം തട്ടുകടകളിലും ഉപയോഗിക്കുന്ന വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വളരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപഭൊക്തൃ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭക്ഷ്യവസ്തുക്കളില്‍ നിരോധിക്കപ്പെട്ടതും തുണികള്‍ക്ക് നിറം നല്കാന് ഉപയോഗിക്കുന്നതുമായ മാരകമായ പല രാസവസ്തുക്കളും ബേക്കറികളില്‍ പലഹാരങ്ങള്‍ക്ക് നിറം പകരുന്നുണ്ട്.
ഉപഭോക്താവിനെ ആകര്‍ഷിക്കാന്‍ മനോഹരമായ പാക്കറ്റില്‍ പൊതിഞ്ഞ് വില്‍ക്കുന്ന എല്ലാ ഭക്ഷ്യവസ്തുക്കളിലും രാസവസ്തുക്കളുടെ സാന്നിദ്ധ്യമുണ്ട്. രാസവസ്തുക്കളൊന്നും ചേര്‍ക്കാതെ നേന്ത്രക്കായ വറുത്താല്‍ അത് പരമാവധി ഒന്‍പതു ദിവസം മാത്രമേ കേടുകൂടാതെ നില്ക്കൂ. എന്നാല്‍ ഇപ്പോള്‍ പായ്ക്കറ്റില്‍ ലഭിക്കുന്ന ചിപ്സ് മുപ്പതു ദിവസത്തില്‍ കൂടുതല്‍ ഇരുന്നാലും ചീത്തയാകില്ല. ഇതിനു കാരണം രാസവസ്തുക്കളുടെ സാന്നിധ്യമാണ്.
വെളിച്ചെണ്ണയില്‍ ദ്രാവക പാരഫിനും പാം കര്‍ണല്‍ ഓയിലും ചേര്‍ത്തു വില്പന നടത്തിയ പത്തോളം കേസുകള്‍ ഓണത്തിനുശേഷം ജില്ലയില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. അജിനോമോട്ടോ ചേര്‍ത്ത് ഭക്ഷണം വിളമ്പുന്നതിലൂടെ ഉപഭോക്താക്കളെ വീണ്ടും വീണ്ടും ആകര്‍ഷിക്കുന്ന തട്ടുകടകളും ജില്ലയിലുണ്ട്. ഒരേ വെള്ളത്തില്‍ തന്നെ ആവര്‍ത്തിച്ച് പാത്രങ്ങള്‍ കഴുകുന്നത് മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ പകരാന്‍ കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് 1800-425-1125 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ഫുഡ് സേഫ്റ്റി വകുപ്പിന് പരാതി നല്‍കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: