ചാത്തന്നൂര്‍: സിപിഎം ഏരിയാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇരുപക്ഷവും മത്സരത്തിന് കച്ചമുറുക്കി രംഗത്തുണ്ട്. വെട്ടിപിടിച്ചും മത്സരിച്ചു ജയിച്ചും ചാത്തന്നൂരില്‍ വി.എസ്-പിണറായി പക്ഷങ്ങള്‍ ലോക്കല്‍ കമ്മിറ്റികള്‍ പിടിച്ചെടുക്കാന്‍ മത്സരിച്ച കാഴ്ചയാണ് ലോക്കല്‍ സമ്മേളനങ്ങളില്‍ കണ്ടത്. ചാത്തന്നൂര്‍ ഏരിയയിലെ ഏഴ് ലോക്കല്‍ കമ്മിറ്റികളില്‍ പിണറായി പക്ഷം മൂന്നും വിഎസ് പക്ഷം നാലും നേടി ഒരു പടി കൂടി മുന്നില്‍തന്നെ വിഎസ് പക്ഷം നില്ക്കുമ്പോള് ഏരിയാ കമ്മിറ്റിയില്‍ കടുത്ത മത്സരം ഉണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.
ചാത്തന്നൂര്‍ ലോക്കല്‍ സമ്മേളനത്തില്‍ പിണറായി പക്ഷക്കാരനായ എല്‍സി സെക്രട്ടറിയെ തന്നെ മാറ്റികൊണ്ട് വിഎസ് പക്ഷം ഘടകം പിടിച്ചപ്പോള്‍ കല്ലുവാതുക്കല്‍ പഞ്ചായത്തിലെ മൂന്ന് എല്‍സി കമ്മിറ്റികളും പിടിച്ചെടുത്ത് വിഎസ് പക്ഷത്തിനെ മൂടോടെ പിഴുതുകളഞ്ഞ് പിണറായിപക്ഷം മിടുക്ക് കാട്ടി. തുടര്‍ന്ന് പഞ്ചനക്ഷത്ര സമ്മേളനം നടത്തി മിടുക്ക് കാട്ടിയ ചിറക്കര എല്‍സിയില്‍ പിണറായിപക്ഷം തന്നെ ഇല്ലാതായി. പരവൂരിലും പരവൂര്‍ നോര്‍ത്തിലും പൂതക്കുളത്തും പിണറായി പക്ഷത്തെ നിഷ്പ്രഭമാക്കി എംഎല്‍എ കൂടിയായ മുതിര്‍ന്ന മാര്‍ക്സിസ്റ്റ് നേതാവ് പി.കെ ഗുരുദാസന്റെ തട്ടകം നിലനിര്‍ത്താന്‍ ഒരുങ്ങിതന്നെയാണ് വിഎസ് പക്ഷം.
ലോക്കല്‍ സമ്മേളനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിഭാഗീയത നടമാടിയത് ചാത്തന്നൂര്‍ ലോക്കല്‍ സമ്മേളനത്തിലാണ്. പിണറായി പക്ഷക്കാരെ തിരഞ്ഞുപിടിച്ച് തോല്‍പ്പിച്ചെന്ന് മാത്രമല്ല ശക്തമായ മത്സരത്തിലൂടെ പിണറായി പക്ഷകാരനായ എല്‍സി സെക്രട്ടറിയെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു. സമ്മേളനം കഴിഞ്ഞതിന് ശേഷവും വിഭാഗീയത തുടരുകയാണിവിടെ കശുവണ്ടിസമര പന്തലില്‍ ഡിവൈഎഫ്ഐക്കാര്‍ ചേരി തിരിഞ്ഞ് തമ്മില്‍ തല്ലിയതും പാര്‍ട്ടിയില്‍ നില്ക്കുന്ന രൂക്ഷമായ വിഭാഗീയതയും ചര്‍ച്ചാവിഷയമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.
വിഎസ് പക്ഷക്കാരെ മൂടോടെ വെട്ടിനിരത്തിയ കല്ലുവാതുക്കല്‍ എല്‍സിയില്‍ രൂക്ഷമായ വാക്പോരു തന്നെ നടന്നു. നടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന ഭരണമാറ്റവും നടമാടുന്ന അഴിമതികളും എല്ലാം തന്നെ ചര്‍ച്ചാവിഷയമായി. ബാങ്കില്‍ സിപിഎം നേതാക്കളുടെ ആശ്രിതര്‍ക്ക് നടത്തിയ നിയമനങ്ങളുമെല്ലാം ചര്‍ച്ചാവിഷയമാകും എന്ന കാര്യത്തില്‍ സംശയമില്ല. മുന്‍ ഏരിയാ കമ്മിറ്റി അംഗമായ സലിം വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ബാങ്കില്‍ ജോലി സ്ഥിരപ്പെടുത്താന്‍ ശ്രമിച്ചതും തുടര്‍ന്ന് ഏരിയാ കമ്മിറ്റിയില്‍ നിന്നും പുറത്തു പോയതും ഏരിയാ സമ്മേളനത്തില്‍ ചര്‍ച്ചക്ക് വരും.
മുന്‍ നടയ്ക്കല്‍ സഹകരണ ബാങ്ക് പ്രസിഡന്റും പിണറായി പക്ഷത്തെ പ്രമുഖനുമായ ജയപ്രകാശിനെതിരെ സഹകരണ ബാങ്കില്‍ നടന്ന അഴിമതികള്‍ മുന്‍നിര്‍ത്തി ഏരിയാ കമ്മിറ്റിയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സാധ്യത ഏറുന്നു
പാരിപ്പള്ളി ലോക്കല്‍ കമ്മിറ്റിയിലും രൂക്ഷമായ വിഭാഗീയതയാണ്. ബ്രാഞ്ച് സമ്മേളനം നടത്തിയില്ലെന്ന് ആരോപിച്ച് ചാവര്‍കോട് ബ്രാഞ്ച് സെക്രട്ടറിയും കല്ലുവാതുക്കല്‍ പഞ്ചായത്ത് മുന്‍പ്രസിഡന്റുമായ സുലത ശിവപ്രസാദിനുനേരെ ഒരു പ്രമുഖ സിപിഎം നേതാവ് വീട്ടിലെത്തി അസഭ്യവര്‍ഷം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സുലത ശിവപ്രസാദ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. പ്രവര്‍ത്തനം മതിയാക്കി പാര്‍ട്ടി വിടാനൊരുങ്ങുകയാണ്. അതിനു മുന്നോടിയായി എസ്.എന്‍.ഡി.പി വേദികളില്‍ സജീവമായി കഴിഞ്ഞു, ഡിവൈ എഫ്ഐ ഏരിയാ സെക്രട്ടറിയും വിഎസ് പക്ഷക്കാരനുമായ ബിനുവിനെ ഒഴിവാക്കിയ പാരിപ്പള്ളി ലോക്കല്‍ സമ്മേളന തീരുമാനത്തിനെതിരെ ഏരിയാ സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനം ഉണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.
വേളമാനൂര്‍ ലോക്കല്‍ കമ്മിറ്റിയിലും വിഎസ് പക്ഷത്തെ വെട്ടിനിരത്തി പിണാറായിപക്ഷം ആധിപത്യം ഉറപ്പിച്ചു. കല്ലുവാതുക്കല്‍ പഞ്ചായത്തിലെ മൂന്ന് ഏരിയാസമ്മേളനങ്ങളിലും വിഎസ് പക്ഷത്തെ വെട്ടിനിരത്തിയ പിണറായി പക്ഷത്തെ മൂടോടെ വെട്ടാന്‍ ഏരിയാസമ്മേളനം വിഎസ് പക്ഷം ഉപയോഗിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പൂതക്കുളം ലോക്കല്‍ കമ്മിറ്റിയില്‍ മൃഗിയ ഭൂരിപക്ഷമുള്ള വിഎസ് പക്ഷം പിണറായി പക്ഷത്തോട് മൃദുസമീപനം പുലര്‍ത്തുന്ന സെക്രട്ടറിയെ മാറ്റി കടുത്ത വിഎസ് പക്ഷക്കാരനെ വച്ചുകൊണ്ട് ആധിപത്യം ഉറപ്പിച്ചു.
പരവൂരിലെ ലോക്കല്‍ സമ്മേളനത്തില്‍ ശക്തമായ ആരോപണങ്ങളാണ് സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ പരവൂരില്‍ പ്രതിനിധികള്‍ ഉന്നയിച്ചത്. പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമാണ്. ജനകീയ സമരങ്ങള്‍ എന്ന് അവകാശപ്പെടുന്നതല്ലാതെ സമരങ്ങള്‍ ചീറ്റിപോകുന്നതാണ് മറ്റൊരു പ്രശ്നം. സെക്രട്ടറിയേറ്റ് സ്തംഭിപ്പിക്കല്‍ സമരം പോലും പ്രഹസനമായി മാറി. ജനങ്ങളുടെ മുന്നില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ അനുദിനം മോശമായി വരുന്നു. അഴിമതിക്കും ജനദ്രോഹ ഭരണത്തിനുമെതിരെ സന്ധിയില്ലാത്ത പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. തുടങ്ങി പാര്‍ട്ടി നേതൃത്വത്തിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചും വിഎസിനെ ന്യായീകരിച്ചും പ്രതിനിധികള്‍ ആഞ്ഞടിച്ചു.
വിഎസ് ഉയര്‍ത്തുന്ന ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ പാര്‍ട്ടി തയാറാവണമെന്ന് പ്രതിനിധികള്‍ ഒറ്റക്കെട്ടായി ആവശ്യമുന്നയിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ അഴിമതികള്‍ സംസ്ഥാനത്തുണ്ടായിട്ടും ഇതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. അതിനുപകരം യു.ഡി.എഫ് സര്‍ക്കാരുമായി ഉടമ്പടിരാഷ്ട്രീയമാണ് നടക്കുന്നതെന്നും പ്രതിനിധികള്‍ ആരോപിച്ചു.
വി.എസ് പക്ഷത്തിന് ശക്തമായ സ്വാധീനമുള്ള പരവൂര്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തില്‍ വിഎസ് പക്ഷം ചേരിതിരിഞ്ഞുള്ള വിഭാഗീയത ശക്തമാണ്. ലോക്കല്‍കമ്മിറ്റി സെക്രട്ടറിയെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ പ്രതിനിധികള്‍ ചേരി തിരിഞ്ഞതും ഇവിടെയാണ്. ഇവിടെ വി.എസ് പക്ഷം രണ്ടു ചേരിയായി നില്‍ക്കുന്നതാണ് പിണറായി പക്ഷത്തിന് ഏകപ്രതീക്ഷ.
മദ്യപാനികളായ അംഗങ്ങളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തരുതെന്ന കര്‍ശന നിര്‍ദ്ദേശം സംസ്ഥാന കമ്മിറ്റി പുറപ്പെടുവിച്ചതോടെ നിലവിലുള്ള ഏരിയ കമ്മിറ്റിയിലെ ചിലരെ ഔദ്യോഗിക പാനലില്‍ നിന്ന് ഒഴിവാക്കും എന്ന കാര്യത്തില്‍ സംശയമില്ല
സിപിഐക്കും സിപിഐക്കാരനായ സ്ഥലം എംഎല്‍എയുമായ ജി.എസ് ജയലാലിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ലോക്കല്‍ സമ്മേളനങ്ങളില്‍ പ്രതിനിധികള്‍ ഉന്നയിച്ചത്.ഒരു കമ്മ്യുണിസ്റ്റുകാരന് ചേര്‍ന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളല്ല എംഎല്‍എ നടത്തുന്നത് എന്നും എംഎല്‍എ സിപിഎമ്മിനെ അവഗണിച്ചുകൊണ്ടാണ് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സമിതികള്‍ രൂപീകരിക്കുന്നതെന്നുമുള്ള കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. സംസ്ഥാന രാഷ്ട്രീയവും പ്രാദേശിക വിഷയങ്ങളും ചര്‍ച്ച ചെയ്ത സമ്മേളനങ്ങള്‍ വരാന്‍പോകുന്ന ഏരിയാ സമ്മേളനത്തില്‍ വിഎസ് പിണറായി പക്ഷങ്ങള്‍ തമ്മില്‍ ശക്തമായ മത്സരം തന്നെ നടക്കുമെന്നതിന്റെ സൂചനകളായി, പുതുതായി തിരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ 19 അംഗങ്ങളെ മാത്രമെ ഉള്‍പ്പെടുത്താനാവു.
ഇപ്പോള്‍ കമ്മിറ്റിയില്‍ 18 അംഗങ്ങള്‍ മാത്രമേയുള്ളൂ. കമ്മിറ്റിയില്‍ ഇല്ലാത്ത ചില ലോക്കല്‍ സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി വേണം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാന്‍. ഏരിയാ സമ്മേളനത്തില്‍ മത്സരത്തിനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി പിണറായിപക്ഷക്കാര്‍ കല്ലുവാതുക്കലില്‍ രഹസ്യയോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ എടുത്തത് മണത്തറിഞ്ഞ ഔദ്യോഗിക നേതൃത്വം ജില്ലാ സംസ്ഥാനകമ്മിറ്റികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഏരിയാ സമ്മേളനം അടുത്തതോടെ നേതാക്കള്‍ എല്ലാം തന്നെ കൂട്ടത്തോടെ അമ്പലദര്‍ശനത്തിന്റെ തിരക്കിലാണ് എന്നാണ് അണികള്‍ പറയുന്നത്. ഇതില്‍ കൂടുതലും പിണറായിപക്ഷക്കാരാണ്. ചാത്തന്നൂരില്‍ നിന്നുള്ള ഒരു അഭിഭാഷകന് കൂടിയായ പിണറായിപക്ഷ നേതാവ് കൊട്ടാരക്കാര ഗണപതി അമ്പലം മുതല്‍ തിരുവനന്തപുരം ആറ്റുകാല്‍ അമ്പലത്തില്‍ വരെ ദര്‍ശനം ചെയ്ത് ഉരുള്‍ നേര്‍ച്ചവരെ നടത്തി കഴിഞ്ഞു.ഇദ്ദേഹത്തിന് വേണ്ടി ചാത്തന്നൂരിലെ ക്ഷേത്രങ്ങളില്‍ ദിനവും അര്‍ച്ചന നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: