കുമരകം: നവതിയുടെ നിറവില്‍ നില്ക്കുന്ന വാജ്പേയിക്ക് ഭാരതരതനം ബഹുമതി ലഭിക്കുമ്പോള്‍ ഏറെ സന്തോഷിക്കുന്നത് കുമരകം നിവാസികള്‍. മുന്‍ പ്രധാനമന്ത്രിയായിരിക്കെ കുമരകം സന്ദര്‍ശിക്കുകയും ഒരാഴ്ചയോളം കുമരകത്തിന്റെ പച്ചപ്പും കായല്‍ത്തിരകളുടെ സൗന്ദര്യവുമൊക്കെ ആസ്വദിച്ച് കുമരകം താജ് ഹോട്ടലില്‍ അദ്ദേഹം താമസിച്ചതോടെ കുമരകമെന്ന കൊച്ചുഗ്രാമം വാനോളം ഉയരുകയും വിശ്വപ്രസിദ്ധമായ ടൂറിസ്റ്റുകേന്ദ്രമായി മാറിയതും കുമരകത്തിന് മറക്കാനാകാത്ത ഓര്‍മ്മകളാണ്. ആ നാളുകളില്‍ കുമരകമെന്ന കൊച്ചുഗ്രാമം അക്ഷരാര്‍ത്ഥത്തില്‍ ഭാരതത്തിന്റെ തലസ്ഥാന നഗരിയായി മാറുകയായിരുന്നു.
തലസ്ഥാനത്തെ ഉദ്യോഗസ്ഥ വൃന്ദങ്ങളും പട്ടാളവ്യൂഹവും സുരക്ഷയും മോഡികൂട്ടലുമൊക്കെക്കൊണ്ട് കുമരകം ഇളകിമറിയുകയായിരുന്നു. അന്ന് കുമരകതത്ത് ആറ്റാമംഗലം പള്ളിയുടെ ഹാളില്‍ നടന്ന സമ്മേളനത്തില്‍ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുകയും നിറഞ്ഞ സദസ്സിന്റെ കയ്യടി നേടിക്കൊണ്ട് കുമരകം പാക്കേജ് പ്രഖ്യാപിച്ചതുമൊക്കെ ഇന്നും കുമരകം കാരുടെ നല്ലഓര്മ്മകളില് ഒന്നായി അവശേഷിക്കുന്നു.
90ലെത്തിയ സംശുദ്ധമായ വ്യക്തിത്വത്തിനുടമയായ അദ്ദേഹത്തിന് നവതി സമ്മാനമായി ഭാരതരത്നവും കേന്ദ്രസര്‍ക്കാര്‍ സദ്ഭരണദിനമായും ആചരിക്കുമ്പോള്‍ ഒരു സന്ദര്‍ശനം കൊണ്ട് കുമരകത്തിന്റെ ഗതിമാറ്റിമറിച്ച അടല്‍ബിഹാരി വാജ്പേയിക്ക് മനമലര്‍കൊണ്ട് പുഷ്പാര്‍ച്ചന നടത്തി അഹ്ലാദം പങ്കുവയ്ക്കുകയാണ് കുമരകം നിവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: