കൊച്ചി: ജപ്പാനിലെ പ്രശസ്ത നാടക സംവിധായകന് ഹിരോഷി കോയിക്കയുടെ അന്താരാഷ്ട്ര നാടക സംരംഭമായ മഹാഭാരതം രണ്ടാം ഭാഗത്തിന്റെ ആദ്യാവതരണം ജനവരി 12ന് തൃശൂര്‍ അന്താരാഷ്ട്ര നാടകവേദിയില്‍ നടക്കും.
തീയറ്റര്‍ കണക്ട് എന്ന സംഘടനയുമായി ചേര്‍ന്ന് ഇന്ത്യയുള്‍പ്പടെയുള്ള ഏഷ്യന്‍രാജ്യങ്ങളിലെ കലകാരന്മാരെ കോര്‍ത്തിണക്കിയാണ് നാടകം നിര്‍മ്മിച്ചിരിക്കുന്നതെന്ന് സംവിധായകന് ഹിരോഷി കോയിക്ക പത്രസമ്മേളനത്തില്‍ പറഞ്ഞു. മഹാഭാരതത്തിലെ ചതുരംഗം, വനവാസം, അഞ്ജാത വാസം എന്നീ മൂന്ന് ഭാഗങ്ങളാണ് നാടകത്തിന്റെ രണ്ടാം ഭാഗത്തിലുള്ളത്. ഇന്ത്യയില്‍ നിന്നുള്ള 4 അഭിനേതാക്കള്‍ ഉള്‍പ്പടെ ഏഷ്യയില്‍ നിന്നുള്ള പതിനെട്ടോളം കലാകാരന്മാര് നാടകത്തിന്റെ ഭാഗമാണ്.
ശ്രീജിത്ത് രമണന്, മൂണ്‍ മൂണ്‍ സിംഗ്, ഡെന്നി പോള്‍, സുമേഷ് എന്നിവരാണ് ഇന്ത്യയില്‍ നിന്നുള്ള അഭിനേതാക്കള്‍. ലീ സ്വീ കിയോങ്, ടെറ്റ്സ്യൂറോ കൊയാനോ, വിവാഡോ സിറിസൂക്ക, സച്ചിക്കോ ഷിറായ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. മലയാളിയായ ചന്ദ്രന് വേയാട്ടുമ്മല്ലും കെന്സൂക്ക് ഫുജിയും ഷിറ്റമശി ക്യോടൈയും ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 90 മിനിട്ടാണ് നാടക ദൈര്‍ഘ്യം.
തീയറ്റര്‍ കണക്ട് അംഗം അഭിലാഷ് പിള്ള, ലീ സ്വീ കിയോങ്, ശ്രീജിത്ത് രമണന്, വിവാഡോ സിറിസൂക്ക, ടെറ്റ്സ്യൂറോ കൊയാനോ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: