തൃശൂര്‍: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ടെമ്പിള്‍ എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയുടെ വീട്ടിലും ക്വാര്‍ട്ടേഴ്സിലും വിജിലന്‍സ് റെയ്ഡ്.
നെല്ലുവായ് ദേവസ്വം ഓഫീസറായ എം.മുരളീധരന്റെ പനമുക്കിലുള്ള വീട്ടിലും ബോര്‍ഡ് ഓഫീസിന് അടുത്തുള്ള ദേവസ്വം ക്വാര്‍ട്ടേഴ്സിലുമാണ് ഇന്നലെ രാവിലെ വിജിലന്‍സ് സിഐ ബെന്നി ജേക്കബിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടക്കുന്നത്.
മുരളീധരന്റെ അയല്‍വാസി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. 1989-ല്‍ താല്കാലിക ജീവനക്കാരനായി കൊച്ചിന് ദേവസ്വം ബോര്‍ഡില്‍ ജോലിക്ക് കയറിയ ഇയാള്‍ 96ലാണ് സ്ഥിരം ജീവനക്കാരനാകുന്നത്. 2007ല്‍ എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് ഉയര്‍ത്തി. നിലവില്‍ പനമുക്കില്‍ ഒന്നര കോടി രൂപ ചെലവഴിച്ച് വലിയൊരു വീടും 8 ലക്ഷം രൂപ വിലവരുന്ന സ്വിഫ്റ്റ് കാറും കൈവശമുണ്ട്. കൂടാതെ നിരവധി സ്ഥലങ്ങളും ബാങ്ക് അക്കൗണ്ടും ഉള്ളതായും അറിയുന്നു.
96-ല്‍ പ്യൂണായി വടക്കുന്നാഥ ക്ഷേത്രത്തിലായിരുന്നു ആദ്യനിയമനം. ഈ സമയത്ത് കൗണ്ടറില്‍ ടിക്കറ്റ് നല്കുന്നതില് തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് നടപടിയുണ്ടാകുകയും സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന സ്ഥലങ്ങളില്‍ നിയമിക്കരുതെന്നും അന്ന് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാല്‍ ഇതെല്ലാം മറികടന്നുകൊണ്ടാണ് എല്‍ഡിക്ലര്‍ക്ക് തസ്തികയിലേക്ക് ഉയര്‍ത്തുകയും ദേവസ്വം ഓഫീസറായി ചുമതല നല്‍കുകയും ചെയ്തത്.
നെല്ലുവായ് ദേവസ്വം ഓഫീസറായിരിക്കേ കര്‍ക്കിടക കഞ്ഞിക്കൂട്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ ആരോപണമുണ്ടായിരുന്നതായും പറയുന്നു. ദേവസ്വം എംപ്ലോയീസ് കോണ്‍ഗ്രസിന്റെ ജോയിന്റ് സെക്രട്ടറിയെന്ന നിലയില്‍ ഭരണതലത്തിലുള്ള സ്വാധീനം ഉപയോഗിച്ചാണ് അഴിമതി മറച്ചുവെച്ചിരുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: