പട്ടാമ്പി: താലൂക്ക് രൂപീകരണം നടന്ന് ഒരുവര്‍ഷം തികയുമ്പോഴും പട്ടാമ്പി പരാധീനതയുടെ നടുവില്‍. പട്ടാമ്പി താലൂക്ക് പ്രവര്‍ത്തനംതുടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. 2013 ഡിസംബര്‍ 23നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പട്ടാമ്പിതാലൂക്ക് ഉദ്ഘാടനം ചെയ്തത്.
ഏറെക്കാലത്തെ പ്രതീക്ഷയ്ക്കുശേഷം കൈവന്ന താലൂക്ക് പക്ഷേ ഇപ്പോഴും ബാലാരിഷ്ഷതകളില് തന്നെയാണ്. ഒരുവര്‍ഷം പിന്നിടുമ്പോഴും താലൂക്ക് സപ്ലൈ ഓഫീസടക്കമുള്ള സൗകര്യങ്ങള്‍ വരേണ്ടതുണ്ട്. നിലവില്‍ സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് പട്ടാമ്പി താലൂക്കിലുള്ളവര്‍ക്ക് ഒറ്റപ്പാലത്തെത്തേണ്ട ഗതികേട് തുടരുകയാണ്. റേഷന്‍കാര്‍ഡില്‍ പേര് ചേര്‍ക്കുന്നതിനും പുതിയവ എടുക്കുന്നതിനും മറ്റുമായി ദിവസേന നിരവധിപേര്‍ ഒറ്റപ്പാലത്തെത്തുന്നുണ്ട്.
സിവില്‍ സപ്ലൈസ് ഓഫീസ് കൂടി പ്രവര്‍ത്തനമാരംഭിച്ചാല്‍ മാത്രമേ പട്ടാമ്പി താലൂക്ക് വന്നതിന്റെ പ്രയോജനം പൂര്‍ണമായും താലൂക്ക് നിവാസികള്‍ക്ക് ലഭിക്കയുള്ളൂ.
താലൂക്ക് സപ്ലൈ ഓഫീസ് വരുന്നതിന് പട്ടാമ്പി മിനി സിവില്‍സ്റ്റേഷനില്‍ മതിയായ സ്ഥലമില്ലാത്തതും പ്രശ്നമാണ്. സപ്ലൈ ഓഫീസ് സ്ഥാപിക്കുന്നതിനായി വകുപ്പ് ഡയറക്ടര്‍ക്ക് സ്റ്റാഫ് പാറ്റേണ്‍ അടക്കമുള്ളവ ഉള്‍ക്കൊള്ളിച്ചുള്ള റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.
താലൂക്കോഫീസ് പ്രവര്‍ത്തിക്കുന്ന മിനി സിവില്‍സ്റ്റേഷനിലെ പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള അന്വേഷണകൗണ്ടറും ഇനിയും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല.
മതിയായ ജീവനക്കാരില്ലാത്തതാണ് കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള തടസ്സം. താലൂക്കോഫീസുമായി ബന്ധപ്പെട്ട് വരുന്ന അപേക്ഷകള്‍ സ്വീകരിച്ച് അതത് വകുപ്പുകളിലെത്തിക്കയാണ് കൗണ്ടര്‍ വഴി ചെയ്യേണ്ടത്. എന്നാല്‍, പട്ടാമ്പി താലൂക്കോഫീസിലേക്കുള്ള മുഴുവന്‍ സ്റ്റാഫിനെയും നിയമിക്കാത്തതുമൂലം കൗണ്ടറിലേക്കുള്ള സ്റ്റാഫില്ലാത്ത സ്ഥിതിയാണ്.
നിലവില്‍ പ്രായംചെന്നവരടക്കമുള്ളവര്ക്ക് അതത് സെക്ഷനുകളിലേക്ക് തിരഞ്ഞുചെല്ലേണ്ട അവസ്ഥയാണ്. 38 ക്ലര്‍ക്കുമാര്‍ വേണ്ടിടത്ത് 20 പേരുടെ നിയമനം മാത്രമാണ് ഇവിടേക്ക് നടന്നിട്ടുള്ളത്. അതിനാല്‍ത്തന്നെ ഇപ്പോള്‍ നിലവിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ജോലിഭാരവും കൂടുതലാണ്.
അധികാരകേന്ദ്രങ്ങളായ സര്‍ക്കാര്‍ ഓഫീസുകളും ജനങ്ങളും തമ്മിലുള്ള ദൂരം കുറയ്ക്കാനായതാണ് പട്ടാമ്പിതാലൂക്ക് വന്നതിനുശേഷം നാട്ടുകാര്‍ക്കുണ്ടായ ഗുണം. പട്ടാമ്പി, തൃത്താല നിയോജകമണ്ഡലങ്ങളിലെ ജനങ്ങള്‍ക്ക് ഒറ്റപ്പാലംതാലൂക്ക് ആസ്ഥാനത്തെത്തി കാര്യനിര്‍വഹണം നടത്തുന്നതിനുള്ള യാത്രാദൂരം, ചെലവ് എന്നിവ താലൂക്ക് വന്നതോടെ ഇല്ലാതായി. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയുള്‍പ്പെടുന്ന തൃത്താല നിയോജകമണ്ഡലത്തിലെ പലേടത്തുനിന്നും ഒറ്റപ്പാലത്തെത്താന്‍ കിലോമീറ്ററുകള്‍ താണ്ടണമെന്ന ദുഃസ്ഥിതിയും ഇല്ലാതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: