ശബരിമല: അരവണ വിതരണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അധികാരദുര്‍വിനിയോഗം മൂലമാണമെന്ന് ദേവസ്വം എംപ്ലോയീസ് സംഘ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. പ്രസാദത്തിന്റെ വിതരണത്തിലുണ്ടായ തിരിച്ചടി തീര്‍ത്ഥാടനം തന്നെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.അയ്യപ്പന്റെ പ്രസാദത്തിന് നിയന്ത്രണം നിശ്ചയിക്കപ്പെടുമ്പോള് സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും എംപ്ലോയീസ് സംഘ് നേതാക്കള്‍ കുറ്റപ്പെടുത്തി.
നിശ്ചിത കാലയളവ് കണക്കാക്കി മാര്‍ക്കറ്റ് ചെയ്യുന്ന ഉല്പന്നമല്ല അരവണ. ഇതര മതവിഭാഗത്തിന്റെ ആരാധനാലയങ്ങളില്‍ ഇത്തരം നിയന്ത്രണങ്ങള്‍ നിലവിലില്ല. ഭക്ഷ്യസുരക്ഷാകുപ്പിനെ നിലയ്ക്കുനിര്‍ത്തിയില്ലെങ്കില്‍ മറ്റ് ഹൈന്ദവ സംഘടനകളെയും ഉള്‍പ്പെടുത്തി എംപ്ലോയീസ് സംഘ് സര്‍ക്കാറിനെതിരെ പ്രക്ഷോഭത്തിനിറങ്ങുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭഗവാന് അഭിഷേകം ചെയ്യുന്ന നെയ്യ് കൊണ്ടുമാത്രമെ അരവണ ,അപ്പം എന്നിവ നിര്‍മ്മിക്കാന്‍ പാടുള്ളു. ഭക്തരുടെ ഈ വികാരം മനസിലാക്കി പുറത്തുനിന്ന് നെയ് വാങ്ങാനുള്ള നീക്കം പുനഃപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ശബരിമല ഗസ്റ്റ് ഹൗസ്, ഡോണര്‍ ഹൗസ് തുടങ്ങിയ സ്ഥലങ്ങളില്‍ ജോലിചെയ്യുന്ന ചില ദിവസവേതനക്കാര്‍ നെയ്യഭിഷേകം നടത്താമെന്ന് സൂചിപ്പിച്ച് ഭക്തരെ കബളിപ്പിക്കുന്ന പ്രവണത നിലവിലുണ്ട്. അതിനാല്‍ ഇവരെ ഒഴിവാക്കി പകരം ദേവസ്വം ജീവനക്കാരെ നിയോഗിക്കണം.കോടികള്‍ സര്‍ക്കാരിന് നേട്ടമുണ്ടാക്കുന്ന ശബരിമലക്കായി യാതൊരു പരിഗണനയും സംസ്ഥാന ഭരണനേതൃത്വം നല്‍കുന്നില്ല. ശബരിമലയെ ദേശീയതീര്ത്ഥാടനകേന്ദ്രമാക്കുകയും സുരക്ഷാചുമതല കേന്ദ്ര സേനയെ ഏല്‍പ്പിക്കുകയും വേണം . ഇതിനായി എംപ്ലോയീസ് സംഘ് പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിട്ട് സന്ദര്‍ശിച്ച് നിവേദനം നല്‍കും.
മറ്റുള്ളവരില്‍നിന്നും വ്യത്യസ്തമായി ഭണ്ഡാര വിഭാഗത്തില്‍ പത്ത് മണിക്കൂര്‍ ഡ്യുട്ടിയാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഇത് ഒഴിവാക്കണം. ഭണ്ഡാരം ജീവനക്കാര്‍ക്കും ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തണം. ഭണ്ഡാരം ആധുനീകവല്ക്കരിച്ച് പുതുക്കിപ്പണിയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ദേവസ്വം ജീവനക്കാരുടെ പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കാനുള്ള നീക്കം ഒഴിവാക്കണം. യോഗ്യതാ പരീക്ഷപാസായവര്ക്ക് പ്രൊമോഷന് നല്‍കുക , അതിനനുസരിച്ച് നിലവിലുള്ള ലിസ്റ്റില്‍നിന്നും നിയമനം നടത്തുക എന്നീആവശ്യങ്ങളും അവര്‍ ഉന്നയിച്ചു.
ക്ഷേത്ര ജീവനക്കാര്‍ക്ക് കെ എസ് ആര് ബാധകമാക്കണമെന്നും ഡ്യൂട്ടി അലവന്‍സ് വര്‍ദ്ധിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ദേവസ്വം എംപ്ലോയീസ് സംഘ് സന്നിധാനത്ത് നടത്തിയ ശുചീകരണപരിപാടി ദേവസ്വം ബോര്‍ഡ് അംഗം സുഭാഷ് വാസു ഉദ്ഘാടനം ചെയ്തു.ദേവസ്വം കമ്മീഷണര്‍ വേണുഗോപാല്‍, എക്സിക്യുട്ടീവ് ഓഫീസര്‍ വി.എസ്. ജയകുമാര്‍,എപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് കൃഷ്ണകുമാര്‍, സെക്രട്ടറി രാകേഷ്, ശങ്കരന്‍കുട്ടി, ശ്രീകുമാര്‍, കൊട്ടാരക്കര സന്തോഷ്, ശ്രീനാഥ്,ശക്തിധരന് നായര്‍,വിജയകൃഷ്ണന്,ജയകുമാര്‍,ചന്ദ്രബാബു തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: