കൊല്ലം: പ്രായം തെല്ലും തളര്‍ത്താതെ, കായികക്ഷമതയോടെ അശോകന് കുന്നുങ്ങല്‍ കളം നിറയുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും അതിശയമാണ്. മാമൂട്ടില്‍ക്കടവ് പുതിയകാവ് സെന്‍ട്രല്‍ സ്കൂളില്‍ നടക്കുന്ന കേരള കായികവേദിയുടെ തയ്ക്വോണ്ഡോ സംസ്ഥാനശിബിരത്തിന്റെ മാര്‍ഗനിര്‍ദേശിയും ചുമതലക്കാരനുമാണ് ഇദ്ദേഹം.
എണ്പതു പിന്നിട്ട മനുഷ്യനാണെന്ന് പറഞ്ഞാല്‍ ആര്‍ക്കും അതിശയം തോന്നും. അത്രയ്ക്ക് ചുറുചുറുക്കാണ് ഈ മുന്‍ ദേശീയ അത്ലറ്റിക് താരത്തിന്. മുപ്പത് വയസിന് മുകളിലുള്ള കായികതാരങ്ങളുടെ ദേശീയരൂപമായ മാസ്റ്റേഴ്സ് അത്ലറ്റിക് ഫെഡറേഷന്റെ വൈസ് പ്രസിഡന്റാണ് നിലവില്‍ ഇദ്ദേഹം. ജനിച്ചത് എറണാകുളത്ത് ചെറായിയില്‍ ആണെങ്കിലും വളര്‍ന്നതും പേരെടുത്തതുമെല്ലാം തിരുവനന്തപുരം കേന്ദ്രീകരിച്ചാണ്. ആയിരക്കണക്കിന് അത്ലറ്റുകള്‍ക്ക് തന്റെ ജീവിത കാലയളവില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് അശോകന്. 1947ല്‍ പതിനാലാം വയസില്‍ റോയല്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നു.
നാലുവര്‍ഷം ഇംഗ്ലണ്ടില്‍ പരിശീലനം നേടി. അന്ന് ഇന്ത്യന്‍ നേവി രൂപീകൃതമായിട്ടില്ല. 1961ല്‍ നാവികസേനയില്‍ നിന്നും വിരമിച്ച അശോകന് പിന്നീട് ആഡിറ്റര്‍ ജനറല്‍ ഓഫീസില്‍ സീനിയര്‍ ഓഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു. 1979ല്‍ റിട്ടയര്‍മെന്റ്.
കമ്യൂണിസ്റ്റ് ആശയങ്ങളെ ചെറുപ്പം മുതലെ താലോലിച്ചിരുന്നെങ്കിലും രാഷ്ട്രത്തിന്റെ സംസ്കാരവും ആത്മാവും മുന്‍നിര്‍ത്തിയുള്ള ചിന്തകള്‍ അദ്ദേഹത്തെ ദേശീയ പ്രസ്ഥാനങ്ങളോട് അടുപ്പിക്കുകയായിരുന്നു. നിലവില്‍ ഹിന്ദുഐക്യവേദി തിരുവനന്തപുരം ജില്ലാ രക്ഷാധികാരിയാണ്.
കായികമുന്നേറ്റത്തിലൂടെ ആരോഗ്യമുള്ള തലമുറ എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ ക്രീഡാഭാരതിയുടെ ഘടകമായ കേരള കായികവേദി രൂപീകരിച്ചപ്പോള്‍ മുതല്‍ സംഘടനയില്‍ സജീവമാണ്. ട്രിപ്പിള്‍ ജമ്പ്, ഷോട്ട്പുട്ട്, ലോംഗ് ജംമ്പ് എന്നീ ഇനങ്ങളെ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന അശോകന് വോളിബോള്‍ കോച്ചായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1970ല്‍ റഷ്യയിലും പിന്നീട് ഫ്രാന്‍സിലും നടന്നിട്ടുള്ള ലോക വോളിബോള്‍ ടൂര്‍ണമെന്റില്‍ റഫറിയായിരുന്നു. 1977ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ മീറ്റിലും 78ല്‍ യുഎസില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. ഒരേ സമയം അത്ലറ്റായും ടീം മാനേജരായുമാണ് 1977ലെ മീറ്റില്‍ പങ്കെടുത്തത്. വോളിബോള്‍ താരമായ അന്തരിച്ച ഉദയകുമാറിന് ആദ്യകാലത്ത് പരീശിലനം നല്‍കിയത് അശോകനാണ്.
കായികമേളയുമായി ബന്ധപ്പെട്ട് ചുറ്റിസഞ്ചരിച്ച രാജ്യങ്ങളില്‍ ഏറ്റവും പ്രിയം ക്വാലലംപൂര്, കൊളംബോ, ജക്കാര്‍ത്ത, യുഎസ് എന്നിവിടങ്ങളാണ്. എന്നാല്‍ ഇവയെക്കാള്‍ മികച്ച അത്ലറ്റുകളെ വാര്‍ത്തെടുക്കാനുള്ള കായികശക്തിയും മനുഷ്യവിഭവവും ഭാരതത്തിന് ഉണ്ടെന്നാണ് അശോകന് ശക്തിയുക്തം വാദിക്കുന്നത്.
ഭാരതീയ വിദ്യാനികേതന്‍ സ്കൂളുകളുടെ സ്പോര്‍ട്സ് കോര്‍ഡിനേറ്ററായി തിളക്കമാര്‍ന്ന പ്രവര്‍ത്തനമാണ് അദ്ദേഹം ഇപ്പോള്‍ കാഴ്ച വയ്ക്കുന്നത്.
തിരുവനന്തപുരം കരമന നീറമണ്‍കരയിലാണ് താമസം. ഭാര്യ വിജയലക്ഷ്മി റിട്ട. അധ്യാപികയാണ്. നോവല്‍, ബ്രൈറ്റ് എന്നിവര്‍ ആണ്മക്കളും ഷൈന്‍ മകളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: