മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ തത്തേങ്ങലത്തും കാസര്‍ക്കോട് ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ ശേഖരം ഡിസംബര്‍ 12നകം നിര്‍വ്വീര്യമാക്കാന്‍ കൊണ്ടുപോവുമെന്ന സര്‍ക്കാറിന്റെ ഉറപ്പ് പാലിക്കണമെന്ന് ലീഗ് എംഎല്‍എ അഡ്വ.എന്‍ ഷംസുദ്ദീന്‍.
നിയമസഭയില്‍ സബ്മിഷനിലൂടെയാണ് ഈ ആവശ്യമുന്നയിച്ചത്. ഇതുവരെ ഉറപ്പുപാലിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി സമ്മതിക്കുകയും ചെയ്തു. നടപടി ക്രമങ്ങള്‍ തുടരുകയാണെന്നും ഫെബ്രുവരി 15നകം ഇവ നീക്കം ചെയ്യുമെന്നുമാണ് കൃഷി വകുപ്പ് മന്ത്രി കെ.പി മോഹനന്‍ നിയമസഭയില്‍ രേഖാമൂലം അറിയിച്ചത്.
എന്‍ഡോസള്‍ഫാന്‍ കാര്യത്തില്‍ സര്‍ക്കാര്‍ വാക്കുപാലിക്കണമെന്നാവശ്യപ്പെട്ട് ബിഎംഎസ്, യുവമോര്‍ച്ച സംഘടനകള്‍ സമരത്തിലാണ്. സര്‍ക്കാര്‍ വാക്കു പാലിക്കാനുള്ള അവസാന ദിവസമായ 12 ന് ബിഎംഎസ് വഞ്ചനാദിനം ആചരിച്ചിരുന്നു. അതിനിടയിലാണ് ഭരണപക്ഷ എംഎല്‍എ തന്നെ സര്‍ക്കാരിനെതിരെ രംഗത്തു വന്നിരിക്കുന്നത്.
2001 മുതല്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കാസര്‍ക്കോട്, പാലക്കാട് ജില്ലകളിലെ വിവിധ എസ്റ്റേറ്റുകളില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ ശേഖരം അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നിര്‍വീര്യമാക്കാനാണ് പദ്ധതിയിട്ടിരുന്നത്. ഓപ്പറേഷന്‍ ബ്ലോസം സ്പ്രിങ് എന്ന പേരില്‍ പദ്ധതി ആരംഭിക്കുകയും ഏറ്റവും അവസാനം കഴിഞ്ഞ ഒക്‌ടോബര്‍ 12ന് മണ്ണാര്‍ക്കാട് തത്തേങ്ങലത്തെ അവശേഷിക്കുന്ന 225 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ സുരക്ഷിത ബാരലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 12നകം സംസ്ഥാനത്ത് ഇത്തരത്തില്‍ ശേഖരിച്ച 2000 ലിറ്റര്‍ നിരോധിത കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ ഏറ്റവും സുരക്ഷിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് യു.എന്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നിര്‍വ്വീര്യമാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.
സംസ്ഥാനത്തിന് പുറത്തുളള പ്ലാന്റില്‍ കൊണ്ടുപോയി നിര്‍വ്വീര്യമാക്കുന്നതിനായി വിവിധ ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചിരുന്നു. രണ്ടു ഏജന്‍സികള്‍ മാത്രമാണ് നിര്‍വ്വീര്യമാക്കുന്നതിനുളള പ്രൊപ്പോസല്‍ നല്‍കിയത്. ഇതിന്‍മേലുളള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. നിലവില്‍ കീടനാശിനി മാറ്റിയ ബാരലുകളില്‍ 5 വര്‍ഷം വരെ ഇവ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയുമെങ്കിലും ഫെബ്രുവരി 15നകം ഇവ നിര്‍വ്വീര്യമാക്കുന്ന പദ്ധതി പൂര്‍ത്തിയാക്കി ജനങ്ങളുടെ ആശങ്കയകറ്റുമെന്നുമന്നണ് മന്ത്രിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: