പത്തനാപുരം: പാതയോരങ്ങളിലെ അനധികൃത മത്സ്യവിപണനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മിക്കഭാഗത്തും പഞ്ചായത്തിന്റെ അനുമതി പോലുമില്ലാതെയാണ് കച്ചവടം നടക്കുന്നത്.
പുനലൂര്‍-കായംകുളം പാതയില്‍ കല്ലുകടവ്, നടുക്കുന്ന്, നെടുംമ്പറമ്പ്, ചെമ്മണ്പാലം എന്നിവിടങ്ങളിലാണ് കച്ചവടം. അര്‍ധരാത്രി വരെ ഇത് തുടരുന്നുണ്ട്. താല്‍ക്കാലിക ഷെഡുകളിലും വാഹനങ്ങളിലുമാണ് മത്സ്യക്കച്ചവടം. പല മേഖലകളിലും മത്സ്യവിപണനം നിരോധിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് നോട്ടീസ് പതിപ്പിച്ചിരുന്നെങ്കിലും വിലക്കുകളെല്ലാം കാറ്റില്‍ പറത്തിയാണ് വിപണനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
പത്തനാപുരം ഗ്രാമപഞ്ചായത്തിന്റെ പൊതുമാര്‍ക്കറ്റിനുള്ളില്‍ മത്സ്യസ്റ്റാളുകള്‍ ലക്ഷങ്ങള്‍ മുടക്കി വാങ്ങിയും വാടക നല്‍കിയും പ്രവര്‍ത്തിക്കുന്ന നിരവധി സ്റ്റാളുകളാണുള്ളത്. പൊതുനിരത്തുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കച്ചവടം കാരണം ബുദ്ധിമുട്ടിലാകുന്നത് സാധാരണക്കാരായ മത്സ്യക്കച്ചവടക്കാരാണ്.
പൊതുവേ മാലിന്യക്കൂമ്പാരങ്ങള്‍ക്ക് പേരി കേട്ട നഗരപരിസരത്ത് ഇത്തരത്തിലുള്ള മത്യവിപണനം കൂടിയായതോടെ യാത്രക്കാരടക്കമുള്ള പൊതുജനങ്ങളും ബുദ്ധിമുട്ടിലാണ്. മലിനജലമടക്കമുള്ള മാലിന്യങ്ങള്‍ ഇവര്‍ റോഡിലേക്കാണ് ഒഴുക്കുന്നത്. ചെമ്മണ്പാലത്തിന് സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ പാതയോരത്തെ തോടിലേക്കാണ് നിക്ഷേപിക്കുന്നത്.
മാര്‍ക്കറ്റിലെ വ്യാപാരികളുടെ നിരന്തരപരാതിയെത്തുടര്ന്ന് കഴിഞ്ഞതവണ ഗ്രാമപഞ്ചായത്ത് കല്ലുകടവില്‍ ബോര്‍ഡ് സ്ഥാപിക്കുകയും മത്സ്യം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് വിപണനം തകൃതിയായാണ് നടക്കുന്നത്. ഇതിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: