ചേര്‍ത്തല: വീട്ടമ്മ ജീവനൊടുക്കിയത് കിടപ്പാടം തട്ടിയെടുക്കുവാന്‍ ബ്ലേഡ് മാഫിയയുടെ ശ്രമിച്ചതില്‍ മനംനൊന്താണെന്ന് പരാതി.അര്‍ത്തുങ്കല്‍ പാല്യത്ത് തയ്യില്‍ നെല്‍സന്റെ ഭാര്യയും നെടുമ്പ്രക്കാട് ഗവ. യുപി സ്കൂളിലെ അദ്ധ്യാപികയുമായ കെ.ജെ. ത്രേസ്യാക്കുട്ടി (53)യാണ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. കെഎസ്എഫ്ഇ ചേര്‍ത്തല ശാഖയില്‍ നിന്ന് എടുത്ത വായ്പ്പ കുടിശികയായതിനെ തുടര്‍ന്ന് വീടും സ്ഥലവും വിറ്റ് കടം തീര്‍ക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവര്‍. ഇതിനിടെ കുബേര റെയ്ഡില്‍ പിടിയിലായ ബ്ലേഡ് മാഫിയ തലവന്‍ ഇവരുടെ ഭൂമി തട്ടിയെടുക്കുവാന്‍ ശ്രമിച്ചു. ഇതിനായി അയാള്‍ ഭൂമി വില്‍ക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കോടതിയില്‍ നിന്ന് സ്വന്തമാക്കി. ഇയാളുടെ പക്കല്‍ നിന്ന് ത്രേസ്യാക്കുട്ടി മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി പണം കടം വാങ്ങിയിരുന്നു. പലിശയുള്‍പ്പെടെ വാങ്ങിയ സംഖ്യയുടെ ഇരട്ടിയോളം തുക മടക്കിയും നല്കി.
വീണ്ടും പണം ആവശ്യപ്പെട്ട് വീടും സ്ഥലവും തട്ടിയെടുക്കുകയായിരുന്നു ഇയാളുടെ ഉദ്ദേശമെന്നും ഇതിനായി അര്‍ത്തുങ്കല്‍ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാരുടെ സഹായത്തോടെ ത്രേസ്യാക്കുട്ടിയില് നിന്ന് തട്ടിയെടുത്ത രേഖകള്‍ ഉപയോഗിച്ച് പ്രതി കോടതിയില്‍ പരാതി നല്‍കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. വീട് വാങ്ങാനെന്ന പേരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ത്രേസ്യാക്കുട്ടിയില് നിന്ന് രേഖകള്‍ കൈക്കലാക്കുകയായിരുന്നു. കോടതി വിധിയുടെ പിന്‍ബലത്തില്‍ പ്രതി പലതവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും പറയുന്നു.
ഇതിനിടെ കെഎസ്എഫ്ഇ യില്‍ നിന്ന് വീടും സ്ഥലവും ജപ്തി ചെയ്യുമെന്നുള്ള അറിയിപ്പും കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് ത്രേസ്യാക്കുട്ടി ആത്മഹത്യ ചെയ്തതെന്ന് നെല്‍സണ്‍ പറഞ്ഞു. അദ്ധ്യാപികയുടെ ആത്മഹത്യ അന്വേഷിച്ച് പ്രതികള്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: