ഇടുക്കി : ജില്ലയില്‍ ഡയറക്ട് എസ്.ഐമാരില്ലാത്തത് ജില്ലാ പോലീസിനെ കിതപ്പിക്കുന്നു. ജില്ലയിലെ 27 പോലീസ് സ്റ്റേഷനുകളില്‍ ഇരുപതിടത്തും ഗ്രേഡ് എസ്.ഐമാരാണ് സ്റ്റേഷന് ചുമതല വഹിക്കുന്നത്.
പോലീസായി ജോലിയില്‍ കയറി പ്രമോഷനിലൂടെ ഗ്രേഡ് എസ്.ഐമാരായ പോലീസുകാര്‍ മിക്കവരും അന്പതിന് മേല്‍ പ്രായമായവരാണ്.
ഇടുക്കിയുടെ ഭൂമി ശാസ്ത്രത്തിനനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള ആരോഗ്യം ഗ്രേഡ് എസ്.ഐമാര്ക്കില്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഡയറക്ട് എസ്.ഐമാര്‍ മിക്കവരും ഊര്‍ജ്ജസ്വലരാണ്. കാര്യങ്ങളെ പഠിക്കുകയും പുതിയ കാലത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവരുമാണ്.
ഡയറക്ട് എസ്.ഐമാര്‍ തൊടുപുഴ, കട്ടപ്പന, പെരുവന്താനം, കുമളി, മൂന്നാര്‍, അടിമാലി, ശാന്തന്‍പാറ എന്നീ സ്റ്റേഷനുകളില്‍ മാത്രമാണുള്ളത്. ഒരു സ്റ്റേഷനിലെ എസ്.ഐമാത്രമാണ് പലപ്പോഴും വിവാദങ്ങളില്‍ പെടുന്നത്. ഈ വിവാദ എസ്.ഐയെ സ്ഥലം മാറ്റാന്‍ എസ്.പി ആലോചിച്ചെങ്കിലും പകരം ആര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ നടപടികളെടുത്തില്ല.
ഏഴില്‍ ആറ് ഡയറക്ട് എസ്.ഐമാരും പ്രവര്‍ത്തന മികവ് പുലര്‍ത്തിയവരാണ്. ശാന്തന്‍പാറ എസ്.ഐ സഞ്ചയ് സാഹസികമായി കാട്ടിലൂടെ യാത്ര ചെയ്ത് മൃഗവേട്ടക്കാരെ പിടിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ചുറുചുറുക്കുള്ള യുവ എസ്.ഐമാരെ ലഭിച്ചെങ്കിലേ കൃത്യമായ പട്രോളിംങും അച്ചടക്കമുള്ള സ്റ്റേഷന് പ്രവര്‍ത്തനവും നടക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: