കൊച്ചി: മുപ്പത്തിരണ്ടാമത് മഹാത്മാഗാന്ധി സര്‍വ്വകലാശാല അത്ലറ്റിക് മീറ്റിന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കില്‍ തുടക്കമായി. മീറ്റിന്റെ ആദ്യദിവസമായ ഇന്നലെ പുരുഷ-വനിതാ ഹാഫ് മാരത്തോണ്‍ മത്സരങ്ങളാണ് നടന്നത്. പുരുഷ വിഭാഗത്തില്‍ ചങ്ങനാശ്ശേരി എസ്ബി കോളേജിലെ ജി. അജിത്ത് ഒരു മണിക്കൂര്‍ 15 മിനിറ്റ് 14.20 സെക്കന്റില്‍ സ്വര്‍ണ്ണം നേടി. വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോണ്‍സാ കോളേജിലെ ഗോപിക ആര്. നായര്‍ ഒരു മണിക്കൂര്‍ 25 മിനിറ്റ് 23.90 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ഒന്നാമതെത്തി.
വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സ കോളേജിലെ തന്നെ വി.ടി. ആഷ്ലി ഒരുമണിക്കൂര്‍ 27 മിനിറ്റ് 35 സെക്കന്റില്‍ വെള്ളിയും, ചങ്ങനാശേരി അസംപ്ഷന്‍ കോളേജിലെ പി.എസ്. അഞ്ജലി ഒരുമണിക്കൂര്‍ 28 മിനിറ്റ് 12.50 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെങ്കലവും സ്വന്തമാക്കി.
പുരുഷവിഭാഗത്തില്‍ കോതമംഗലം എംഎ കോളേജിലെ ജിബിന്‍ തോമസ് ഒരുമണിക്കൂര്‍ 16 മിനിറ്റ് 23.90 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളിയും, പാല സെന്റ് തോമസ് കോളേജിലെ പി.ഡി. ദിനൂപ് ഒരുമണിക്കൂര്‍ 16 മിനിറ്റ് 53.30 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെങ്കലവും കരസ്ഥമാക്കി.
ഇന്ന് രാവിലെ ആറിന് പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തത്തോടെ ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനങ്ങള്‍ക്ക് തുടക്കമാകും. വനിതാ വിഭാഗത്തില്‍ അഞ്ച് കിലോമീറ്റര്‍ നടത്തമാണ് ഇന്ന് ആദ്യം. മീറ്റിലെ വേഗതയേറിയ താരങ്ങളെ കണ്ടെത്താനുള്ള 100 മീറ്റര്‍ ഫൈനല്‍ മത്സരങ്ങള്‍ ഉച്ചയക്കുശേഷം നടക്കും. മീറ്റ് നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: