അഞ്ചാലുംമൂട്: വര്‍ഷങ്ങളുടെ കാത്തിരിപ്പിനു വിരാമം. കൊല്ലം, ആലപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു.
കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം കഴിഞ്ഞദിവസം കൊല്ലം, ആലപ്പുഴ ബൈപ്പാസിന്റെ തുടര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്കി. നിര്‍മ്മാണത്തിന്റെ പകുതിചെലവ് കേന്ദ്രം വഹിക്കും. ബാക്കിവരുന്ന പകുതിചെലവ് സംസ്ഥാനസര്‍ക്കാരും വഹിക്കും.
കൊല്ലം ബൈപ്പാസ് നിര്‍മ്മാണത്തിന് 352 കോടിയുടെ നിര്‍മ്മാണചെലവ് കണക്കാക്കപ്പെടുന്നു. 30 വര്‍ഷത്തില്‍ കൂടുതലായി പദ്ധതിക്ക് സ്ഥലമേറ്റെടുത്തിട്ട്. വാജ്പേയി നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ഭരണത്തിലാണ് മേവറം മുതല്‍ കിളികൊല്ലൂര്‍ വരെയുള്ള പണി പൂര്‍ത്തീകരിച്ചത്. അതിനുശേഷം ഭരണത്തില്‍വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ബൈപ്പാസിനുവേണ്ടി ഒന്നും ചെയ്തില്ല.
ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനു കേന്ദ്രാനുമതി ലഭിച്ചതായി എംപി പ്രേമചന്ദ്രന് പറഞ്ഞു. രണ്ടുവലിയ പാലങ്ങള്‍ അഷ്ടമുടികായലിനു കുറുകെ വരും.
മങ്ങാട്ടു നിന്നും കടവൂരിനെയും കുരീപ്പുഴയില്‍ നിന്ന് കാവനാടിനെയും ബന്ധിപ്പിക്കുന്ന രണ്ടു പാലങ്ങളാണ് നിര്‍മ്മിക്കേണ്ടത്. 30 മാസം കൊണ്ട് ബൈപ്പാസ് പണികള്‍ പൂര്‍ത്തിയാക്കും. ബൈപ്പാസ് പണിക്കായി ഏറ്റെടുത്തിട്ടുള്ള ഭൂമികളെല്ലാം തന്നെ നിലവില്‍ കാടുകയറി കിടക്കുകയാണ്.
ചിലയിടങ്ങള്‍ സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ബൈപ്പാസ് പണി പൂര്‍ത്തിയാകുന്നതോടെ കൊല്ലം നഗരം ബന്ധിക്കാതെ വാഹനങ്ങള്‍ക്ക് തിരുവനന്തപുരത്തേക്ക് പോകാം. കൊല്ലത്തിന്റെ ഗതാഗതകുരുക്കിന് മാത്രമല്ല തെക്കന്‍കേരളത്തിലെ യാത്രാസൗകര്യവും സമയവും ലാഭിക്കാം.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതികൂടി ലഭിച്ചു കഴിഞ്ഞാല്‍ പണി എത്രയുംപെട്ടെന്ന് തുടങ്ങാന്‍ കഴിയുമെന്നാണ് അധികാരികളില്‍ നിന്നും അറിയാന്‍ സാധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: