ആലപ്പുഴ: തമിഴ്നാട്ടില്‍ നിന്ന് ഗുണമേന്മയുള്ള കയറും വന്നു തുടങ്ങിയതോടെ കേരളത്തിലെ കയര്‍പിരി മേഖലയും കടുത്ത പ്രതിസന്ധിയിലായി. നേരത്തെ തന്നെ അസംസ്കൃത വസ്തുവായ ചകിരി വ്യാപകമായി തന്നെ തമിഴ്നാട്ടില്‍ നിന്ന് ഇവിടേക്ക് എത്തിയിരുന്നു. എന്നാല്‍ കയറിന്റെ ഗുണമേന്മയില് കേരളത്തിലെ കയറിനോട് കിടപിടിക്കാന്‍ തമിഴ്നാടിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഏറ്റവും ഡിമാന്റുള്ള വൈക്കം കയറിനോട് കിടപിടിക്കുന്ന കയര്‍ തമിഴ്നാട്ടില്‍ നിന്ന് ഇവിടേക്ക് എത്തിത്തുടങ്ങി. ഇവിടെ ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ വിലക്കുറവില്‍ ലഭിക്കുമെന്നതിനാല്‍ കേരളത്തിലെ കയര്‍പിരി മേഖലയില്‍ പണിയെടുക്കന്നവരുടെ തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്.
സ്ത്രീകളാണ് ഈ മേഖലയില്‍ പണിയെടുക്കുന്നതില്‍ 99 ശതമാനവും എന്നതും പ്രത്യേകതയാണ്. നേരത്തെ ചകിരിയായിരുന്നു ഇവിടേക്ക് വ്യാപകമായി ഇറക്കുമതി ചെയ്തിരുന്നത്. ഈ ചകിരി ഉപയോഗിച്ച് ഇനിടുത്തെ തൊഴിലാളികളെ കൊണ്ട് പിരിച്ചെടുക്കുന്ന കയറായിരുന്നു ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ വന്‍കിടക്കാരും ചെറുകിട ഫാക്ടറികളും ഉപയോഗിച്ചിരുന്നത്. എന്നാല്‍ നിലവില്‍ ലാഭം തമിഴ്നാട്ടില്‍ നിന്നുള്ള കയര്‍ ഉപയോഗിക്കുന്നതാണ്. ഇതോടെ സംരംഭകരും തൊഴിലാളികളും ഉള്‍പ്പടെ കടുത്ത പ്രതിസന്ധിയിലായി. തമിഴ്നാട്ടില്‍ നിന്നെത്തുന്ന കയറിന് കിലോഗ്രാമിന് 47 രൂപ മാത്രമുള്ളപ്പോള്‍ വൈക്കം കയര്‍ എന്നറിയപ്പെടുന്ന പ്രാദേശിക കയറിന് 57 രൂപയാണ് വില. കിലോയ്ക്ക് 10 രൂപയുടെ വ്യത്യാസം അനുഭവപ്പെടുന്നതിനാല്‍ പ്രാദേശികമായി നിര്‍മ്മിക്കുന്ന കയര്‍ ടണ്‍ കണക്കിനു കെട്ടിക്കിടക്കുകയാണ്.
പൊള്ളാച്ചിയില്‍ നിന്നു ഒരു ലോഡ് ചകിരി ഇവിടെ എത്തണമെങ്കില്‍ വാഹനക്കൂലിയായ 10,000 രൂപ നല്‍കണം. ഇതിനു പുറമെ ചകിരി സംസ്കരിച്ചെടുക്കുന്നതിന് ഒരു ലോഡിന് 12,000 രൂപയും ചെലവഴിക്കണം. മാത്രമല്ല ഇത് സംസ്കരിച്ചെടുക്കണമെങ്കില്‍ ഏറെ കാലതാമസവും നേരിടും. തമിഴ്നാട് കയര്‍ എത്തിത്തുടങ്ങിയതോടെ ഇത്തരം പ്രശ്നങ്ങള്‍ക്കൊക്കെ പരിഹാരമായെന്ന് കയര്‍ ഉത്പാദക മേഖലയിലുള്ളവര്‍ പറയുന്നു.
പ്രാദേശികമായി 20 കിലോ കയര്‍ നിര്‍മിക്കുന്നതിന് 300 രൂപയാണ് ചെലവാകുന്നത്. എന്നാല്‍ ഇതേ തുകയ്ക്ക് 60 കിലോ കയര്‍ തമിഴ്നാട്ടില്‍ നിര്‍മ്മിക്കുന്നു. ഇവിടുത്തെ സഹകരണസംഘങ്ങള്‍ക്ക് ഉല്പാദനത്തിന്റെ 50 ശതമാനം വരെ സബ്സിഡി ലഭിക്കും. എന്നാല്‍ സംസ്ഥാനത്തെ ഉല്പാദനത്തിന്റെ ഇരുപതു ശതമാനം മാത്രമാണ് സഹകരണമേഖലയിലുള്ളത്. ബാക്കി എണ്പതു സ്വകാര്യ മേഖലയിലാണുള്ളത്. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും മറ്റുമായി വായ്പയെടുത്ത് ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ പലരും തിരിച്ചടവിനു മാര്‍ഗമില്ലാതെ ജപ്തി ഭീഷണിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: