കൊട്ടോടി: വീട് വെച്ച് മുപ്പത് വര്‍ഷം അധ്വാനിച്ച് പൊന്നുവിളയിച്ച മണ്ണില്‍ നിന്നും തങ്ങളെ കുടിയിറക്കുന്ന നിമിഷത്തെ ഭീതിയോടെ കാത്തിരിക്കുകയാണ് നാലുകുടുംബങ്ങള്‍. കള്ളാര്‍ പഞ്ചായത്ത് കൊട്ടോടി നാണംകുടല്‍ പ്രദേശത്തെ കെ.റംല, കെ.ബീവി, കലാവതി, ശ്യാമള എന്നീ നാലു കുടുംബങ്ങളാണ് തങ്ങള്‍ക്ക് വരാനിരിക്കുന്ന ദുര്‍ഗതിയെ ഓര്‍ത്ത് വിലപിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ ജന്മിയായിരുന്ന കൂക്കള്‍ നാരായണന് നായരുടെ ഭാര്യ കോടോത്ത് ഗംഗ സര്‍ക്കാരിലേക്ക് 4.10 ഏക്കര്‍ സ്ഥലം വിട്ടുനല്‍കിയിരുന്നു. ഇതില്‍ ഓരേക്കര് സ്ഥലം ഭൂരഹിതനായ ദേപ്പു നായക്കിന് സര്‍ക്കാര്‍ പതിച്ചു നല്കി.
ബാക്കിയുള്ള 3.10 ഏക്കര്‍ സ്ഥത്ത് ഭൂരഹിതരായ നാലുകുടുംബങ്ങള്‍ മുപ്പതുവര്‍ഷങ്ങളായി വീടുവച്ച് താമസിച്ച് കൃഷി ചെയ്തുവരികയാണ്. കൂടാതെ പ്രദേശത്തെ അഞ്ച് കുടുംബങ്ങള്‍ ഭൂമി കൈവശം വച്ച് കൃഷിയും ചെയുുണ്ട്.
കള്ളാര്‍ വില്ലേജില്‍ രണ്ടില്‍ ഒന്ന്് സര്‍വെ നമ്പറില്‍ പെടുന്ന ഈ സ്ഥലം വര്‍ഷങ്ങളായി പത്തുകുടുംബങ്ങളാണ് കൈവശം വച്ചിരിക്കുന്നത്. ഇതില്‍ നാല് കുടുംബങ്ങള്‍ വീടുവച്ച് താമസം തുടങ്ങിയിട്ട് മുപ്പത് വര്‍ഷമായി. ഇവര്‍ക്ക് പഞ്ചായത്ത് വീട്ടുനമ്പറും റേഷന്‍ കാര്‍ഡും വൈദ്യുതിയുമടക്കം അനുവധിച്ചിട്ടുമുണ്ട്.
പലരും റബറും മറ്റു വിളകളും നട്ട് വരുമാനമുണ്ടാക്കിവരുന്നു. കൈവശമുള്ള ഭൂമിക്ക് പട്ടയം ലഭിക്കാനായി പലപ്രാവശ്യം ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും നടപടിയായരുന്നില്ല. മന്ത്രിക്കും കളക്ടര്‍ക്കുമടക്കം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് സര്‍വെയും നടത്തിയിരുന്നു.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം ഒടുവില്‍ സര്‍ക്കാര്‍ ഭൂമി പതിച്ചുനല്കാന് തീരുമാനിച്ചതില്‍ സന്തോഷിച്ചിരിക്കുമ്പോഴാണ് കൃഷിചെയ്ത സ്ഥലം വരെ നഷ്ടമാകും വിധത്തിലാണ് ഭൂമി അനുവദിക്കുന്നതെന്ന് പാവം ഇവര്‍ അറിയുന്നത്.
കുടുംബസ്വത്തായി 62 സെന്റ് സ്ഥലം കൈവശമുള്ളയാള്‍ക്ക് ഭൂരഹിതനെന്ന് പറഞ്ഞ് രാഷ്ട്രീയ ഇടപെടല്‍ നടത്തി 45 സെന്റ് ഭൂമി പതിച്ചുനല്കിയതായും ഒരുസെന്റ് ഭൂമിപോലും സ്വന്തമായില്ലാത്ത തങ്ങളുടെ കൈവശമുള്ള 70 സെന്റ് സ്ഥലം ഏറ്റെടുത്ത് 17 സെന്റ് മാത്രം അനുവദിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും കൂലിപ്പണിയെടുത്ത് ജീവിക്കുന്ന റംല ചോദിക്കുന്നു.
ഭൂമി പതിച്ചുകിട്ടുതിനായി ചിലവഴിച്ച പണമുണ്ടായിരുന്നെങ്കില്‍ ഒരേക്കര്‍ സ്ഥലം വിലകൊടുത്ത് വാങ്ങാമായിരുന്നുവെന്നും ഇവര്‍ പറയുന്നു. കൈവശമുള്ള ഭൂമി പതിച്ചുകിട്ടിയില്ലെങ്കില് കലക്ടറേറ്റിനുമുന്നില്‍ സമരം നടത്താനുള്ള ഒരുക്കത്തിലാണ് ഈ കുടുംബങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: