കൊച്ചി: വിശാലകൊച്ചിയുടെ വികസന മാസ്റ്റര്‍പ്ലാന്‍ അപൂര്‍ണ്ണമാണെന്നും അതില്‍ കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കണമെന്ന് പൂര്വ്വകൊച്ചി വികസന സെമിനാര്‍. വികസനമേഖലയുമായി ബന്ധപ്പെടുന്ന സംഘടനകളോടും സാങ്കേതിക വിദഗ്ധരോടും കൂടിയാലോചനകള്‍ നടത്തിയശേഷമായിരിക്കണം മാസ്റ്റര്‍പ്ലാനിന് അന്തിമരൂപം നല്കുവാനുമെന്നും ഗ്രേറ്റര്‍ കൊച്ചിന് ഡെവലപ്മെന്റ് വാച്ച് നടത്തിയ പൂര്വ്വകൊച്ചി വികസന സെമിനാര്‍ ആവശ്യപ്പെട്ടു.
ആസൂത്രണത്തിലെ അടിസ്ഥാന പാളിച്ചകള്‍ മുഖാന്തരം കൊച്ചിയുടെ വികസനം ജനോപകാര പ്രദമല്ലാത്ത വിധത്തില്‍ മൂന്നോട്ടുപോകുകയാണെന്ന് സെമിനാര്‍ വിലയിരുത്തി.
മെട്രോറയില്‍ കാക്കനാട്ടോയ്ക്ക് നീട്ടുന്നതിനുമുമ്പായി നിര്‍ദ്ദിഷ്ട ചക്കരപ്പറമ്പ്- സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് സെമിനാര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ഫ്ളാറ്റ് സമുച്ചയങ്ങള്‍ ഉള്ള പ്രദേശം എന്ന നിലയില്‍ കാക്കനാട് പ്രദേശത്തെ അടിസ്ഥാന ഗതാഗതപ്രശ്നങ്ങളാണ് ആദ്യം പരിഹരിക്കപ്പെടേണ്ടത്. സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ സര്‍വ്വീസ് റോഡുകള്‍ ഡിഎല്‍എഫ് ഉള്‍പ്പെടെയുള്ള ഭൂമാഫിയകള്‍ കയ്യേറി നികത്തിയെടുത്തിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അതിന്റെ സര്‍വ്വീസ് റോഡുകള്‍ ഉപയോഗശൂന്യമായിരിക്കുകയാണ്. സര്‍വ്വീസ് റോഡുകളില്‍ ചെറുതും വലുതുമായ കച്ചവടക്കാര്‍ ഭീകരമായ കൈയ്യേറ്റമാണ് നടത്തിയിരിക്കുന്നതെന്നും സെമിനാര്‍ വിലയിരുത്തി.
സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ അനധികൃത കയ്യേറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിച്ച് റോഡ് പൂര്‍ണ്ണമായും ഗതാഗതയോഗ്യമാക്കണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു. ജലഗതാഗത മാര്‍ഗ്ഗങ്ങള്‍ യാത്രായോഗ്യമാക്കുക, പൂര്‍വ്വ കൊച്ചിയിലെ മാലിന്യപ്രശ്നവും ശുദ്ധജല ദൗര്‍ലഭ്യവും പരിഹരിക്കുക എന്നീ വിഷയങ്ങളില്‍ ഒരു നിര്‍ദ്ദേശ പത്രിക സര്‍ക്കാരിന് സമര്‍പ്പിക്കുവാന്‍ സെമിനാര്‍ തീരുമാനിച്ചു. ജിസിഡിഎ മുന്‍ ചെയര്മാന് പ്രൊഫ.ആന്റണി ഐസക് സെമിനാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ബെന്നി ബെഹന്നാന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. അഹമ്മദ് കബീര്‍ എംഎല്‍എ പൂര്‍വ്വ കൊച്ചി വികസനപതിപ്പിന്റെ പ്രകാശനം നിര്‍വ്വഹിച്ചു. മേഖലാ പ്രസിഡന്റ് പി.ബി.രവീന്ദ്രന് അദ്ധ്യക്ഷനായിരുന്നു. ജിസിഡി വാച്ച് ജനറല്‍ സെക്രട്ടറി ഫെലിക്സ് ജെ. പുല്ലൂടന്‍ മോഡറേറ്ററായിരുന്ന സെമിനാറില്‍ തൃക്കാക്കര മുന്‍ മുനിസിപ്പല്‍ ചെയര്മാന് ഷാജി വാഴക്കാല, സാങ്കേതിക വിദഗ്ധരായ പി.എ.ഷാനവാസ്, ജോര്‍ജ് കാട്ടുനിലത്ത് തുടങ്ങിയവര്‍ വിഷയാവതരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: