ചവറ: കെഎംഎംഎല്ലിന്റെയും വിക്രം സാരാഭായ് സ്പെയ്സ് സെന്ററിന്റെയും സംയുക്ത സംരംഭമായ ടൈറ്റാനിയം സ്പോഞ്ച് യൂണിറ്റില്‍ അനധികൃത നിയമനത്തിലൂടെ കോടികളുടെ അഴിമതിയെന്ന് ആക്ഷേപമുയര്‍ന്നു. പരീക്ഷണ അടിസ്ഥാനത്തില്‍ ടൈറ്റാനിയം സ്പോഞ്ച് ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയാണിത്.
ഇവിടെ സ്ഥിരം നിയമനങ്ങള്‍ക്ക് പകരം മുന്‍പരിചയം ഇല്ലാത്ത പതിനൊന്ന് ഐടിഐക്കാരെ കരാര്‍ വ്യവസ്ഥയില്‍ മൂന്ന് വര്‍ഷക്കാലത്തേക്ക് നിയമിച്ചിരുന്നു. കാലാവധി കഴിഞ്ഞിട്ടും യുഡിഎഫ് സര്‍ക്കാര്‍ ഇവര്‍ക്ക് വീണ്ടും മൂന്ന് വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കി ജോലി നല്‍കിയിരിക്കുകയാണ്. ഇപ്പോള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അറുപത്തിമൂന്ന് വിവിധ ട്രേഡുകാരെ കൂടി ആറ് മാസത്തേക്ക് നിയമിച്ചു. എന്നാല്‍ ഇവര്‍ക്ക് ട്രേഡുമായി യാതൊരു ബന്ധവും ഇല്ലാത്ത ജോലിയാണ് നല്‍കുന്നത്. ഈ വ്യവസ്ഥയില്‍ ജോലി ചെയ്ത് വരുന്ന 74 പേരില്‍ നിന്നും അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷംവരെ വാങ്ങി മൂന്നുവര്‍ഷത്തേക്ക് കൂടി ഇവരുടെ കാലാവധി നീട്ടാനുളള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. തുടര്‍ന്ന് ഈ തൊഴിലാളികള്‍ കോടതിയെ സമീപിച്ച് നിയമനം ഉറപ്പാക്കുക എന്ന വ്യവസ്ഥയിലാണ് നിയമനം. ടൈറ്റാനിയം സ്പോഞ്ച് യൂണിറ്റിന്റെ നിര്‍മ്മാണ കാലഘട്ടം മുതല്‍ പണിയെടുത്ത് വിവിധ മേഖലകളില്‍ കഴിവുളള തൊഴിലാളികളെ ഒഴിവാക്കിക്കൊണ്ടാണ് കുഞ്ഞാലിക്കുട്ടിയുടേയും ഷിബുബേബിജോണിന്റെയും ഓഫീസ് ഇടപെട്ട് പണംവാങ്ങി 74 പേര്‍ക്ക് കരാര്‍ വ്യവസ്ഥ പുതുക്കി നല്‍കിയിരിക്കുന്നത്.
കെഎംഎംഎല്ലിന്റെയും ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റിന്റെയും പരിസര പ്രദേശത്ത് താമസിക്കുന്ന മലിനീകരണ പ്രശ്നം അനുഭവിക്കുന്ന കമ്പനി അംഗീകരിച്ച നൂറോളം തൊഴിലാളികളില്‍ നിന്നും ഒരാള്‍ക്ക് പോലും തൊഴില്‍ നല്‍കാതെയാണ് കമ്പനി മാനേജ്മെന്റും ഭരണപക്ഷത്തെ ചില പ്രമുഖരും ചേര്‍ന്ന് കോടികള്‍ തട്ടിയെടുത്ത് കരാര്‍ വ്യവസ്ഥ പുതുക്കി നല്‍കുന്നത്.
നിലവില്‍ ആറ് മാസത്തെ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന എംപ്ലോയിമെന്റ് തൊഴിലാളികള്‍ക്ക് ഭീമമായ തുകയാണ് കമ്പനി മാനേജ്മെന്റ് നല്‍കുന്നത്. ഇത് ട്രേഡ് യൂണിയനുകളും മാനേജ്മെന്റും ഒത്തുകളിച്ച് തൊഴിലാളികളെ വഞ്ചിക്കുകയും കമ്പനിയ്ക്ക് ഭീമമായ നഷ്ടം വരുത്തുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: