പരവൂര്‍: പിണറായി പക്ഷത്തിന്റെ അവസാന ചിറകുകളും അരിഞ്ഞുവീഴ്ത്തി പി.കെ ഗുരുദാസന്റെ തട്ടകമായ പരവൂരില്‍ വി എസ് പക്ഷം ആധിപത്യം ഉറപ്പിച്ചു. പിണറായി പക്ഷത്തെ പ്രമുഖരും പാര്‍ട്ടി അച്ചടക്ക നടപടി നേരിടുന്നവരുമായ റഷീദ്, അനില്‍ പ്രകാശ് എന്നിവരെ ഒഴിവാക്കി കൊണ്ടാണ് പാനല്‍ അവതരിപ്പിച്ചത്.
13 അംഗ ലോക്കല്‍കമ്മിറ്റിയില്‍ ഒമ്പതുപേര്‍ വിഎസ് പക്ഷക്കാരും നാലുപേര്‍ പിണറായി പക്ഷക്കാരുമാണ്. രണ്ടുപേരേ ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പിണറായി പക്ഷക്കാര്‍ എത്തിയെങ്കിലും അച്ചടക്കനടപടിയുണ്ടാവുമെന്ന് ഭയന്ന് പിന്മാറുകയായിരുന്നു. മത്സരിക്കാന്‍ പോലും തയാറായില്ല. ഏരിയ സമ്മേളനത്തിലേക്ക് 19 പ്രതിനിധികളെയും തിരഞ്ഞെടുത്തതിലും വി.എസ് പക്ഷക്കാര്‍ ആധിപത്യം പുലര്‍ത്തി. 19 പേരില്‍ 15 പേരും വിഎസ് പക്ഷക്കാരാണ്. പി കെ ഗുരുദാസന്റെ തട്ടകത്തില്‍ ശക്തമായ ആരോപണങ്ങളാണ് സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ പരവൂരില്‍ പ്രതിനിധികള്‍ ഉന്നയിച്ചത്.
പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമാണ്. അതിനു പരിഹാരം ഉണ്ടാക്കണം. ജനകീയ സമരങ്ങള്‍ എന്ന് പറയുമ്പോഴും സമരങ്ങള്‍ എല്ലാംതന്നെ പരാജയപ്പെടുന്നു. സെക്രട്ടറിയേറ്റ് സ്തംഭിപ്പിക്കല്‍ സമരം പോലും പ്രഹസനമായി മാറി. ജനങ്ങളുടെ മുന്നില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ അനുദിനം മോശമായി വരുന്നു. അഴിമതിക്കും ജനദ്രോഹഭരണത്തിനുമെതിരെ സന്ധിയില്ലാത്ത പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. വിഎസ് ഉയര്‍ത്തുന്ന ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ പാര്‍ട്ടി തയാറാവണമെന്ന് പ്രതിനിധികള്‍ ഒറ്റക്കെട്ടായി ആവശ്യമുന്നയിച്ചു. യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ അഴിമതികള്‍ സംസ്ഥാനത്തുണ്ടായിട്ടും ഇതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. അതിനു പകരം സര്‍ക്കാരുമായി ഉടമ്പടി രാഷ്ട്രീയമാണ് നടക്കുന്നതെന്നും പ്രതിനിധികള്‍ ആരോപണമുന്നയിച്ചു. പി.കെ.ഗുരുദാസന്റെ നാട്ടില്‍ പിണാറായിയുടെ പേരെടുത്തു പറയാതെ പ്രതിനിധികള്‍ നടത്തിയ ആരോപണം വരാന്‍പോകുന്ന ഏരിയാ, ജില്ലാ സമ്മേളനങ്ങളില്‍ ചര്‍ച്ചയാകും എന്ന കാര്യത്തില്‍ സംശയമില്ല.
ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ തന്നെ ഏരിയാ സമ്മേളന പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വി.എസ് പക്ഷത്തിന്റെ ശക്തനായ നേതാവ് തുളസീധരകുറുപ്പ് സമ്മേളന വേദിയില്‍ മുഴുവന്‍ സമയമുണ്ടായിരുന്നതും ചര്‍ച്ചകള്‍ക്ക് മറുപടി പറയുമ്പോള്‍ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ഉപരികമ്മിറ്റി നേതാക്കള്‍ തയാറാവാത്തതും മറുപടിപ്രസംഗം പോലുമില്ലാതെ സമ്മേളനം അവസാനിപ്പിച്ചതും പിണറായിപക്ഷം ആയുധമാക്കി മേല്‍ ഘടകങ്ങള്‍ക്ക് പരാതി നല്‍കുന്നുണ്ട്.
പരവൂര്‍ മുന്‍സിപ്പല്‍ ഭരണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പലപ്രതിനിധികളും വിമര്‍ശനമുയര്‍ത്തി. പരവൂര്‍-ചാത്തന്നൂര്‍ റോഡ് നിര്‍മ്മാണത്തിലെ അപാകതകളും പാരിപ്പള്ളി-പരവൂര്‍ റോഡ് നിര്‍മ്മാണത്തിലെ അപാകതകളും ചൂണ്ടിക്കാട്ടി പ്രതിനിധികള്‍ സിപിഐക്കാരനായ ചാത്തന്നൂര്‍ എംഎല്‍എക്ക് എതിരെ ആഞ്ഞടിച്ചു.
എംഎല്‍എ സിപിഎമ്മിനെ അവഗണിച്ചുകൊണ്ടാണു വികസനപ്രവര്‍ത്തങ്ങള്‍ക്ക് സമിതികള്‍ രൂപീകരിക്കുന്നതെന്ന വാദമാണ് ഉന്നയിച്ചതില്‍ പ്രധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: