കാഞ്ഞങ്ങാട്: അന്യജില്ലകളിലെ ലൈലന്റ് വള്ളങ്ങള്‍ അനധികൃതമായി മത്സ്യബന്ധനം നടത്തുകവഴി മത്സ്യസമ്പത്ത് നഷ്ടപ്പെട്ട് ജില്ലയിലെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ പട്ടിണിയിലാകുന്നതായി പരാതി. ലൈലന്റ് വള്ളങ്ങളുടെ അനധികൃത മത്സ്യബന്ധനം തടയണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയായിട്ടില്ലെന്ന് പറയുന്നു. പകലും രാത്രിയുമില്ലാതെ ഇത്തരം വള്ളങ്ങള്‍ മത്സ്യബന്ധനം നടത്തുന്നതുമൂലം മത്സ്യത്തെ കിട്ടാനില്ലെന്നും, പരമ്പാരാഗത തൊഴിലാളികള്‍ പറയുന്നു.
കൊച്ചി, കോഴിക്കോട്, എറണാകുളം, വാടാനപ്പള്ളി, താനൂര്‍ എന്നിവിടങ്ങളില്‍ നിന്നുംഎണ്പതോളം ലൈലന്റ് വള്ളങ്ങളാണ് ജില്ലയില്‍ ആഴ്ചകളോളം തമ്പടിച്ച് മത്സ്യബന്ധനം നടത്തുന്നത്. ഇവര്‍ മടക്കര, അഴിത്തല കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്നതും ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ വരുമാനത്തെ ബാധിക്കുന്നു. എണ്‍പതോളം തൊഴിലാളികളാണ് ഇത്തരം വള്ളങ്ങളിലുണ്ടാകുന്നത്. മത്സ്യ ഏജന്റുമാര്‍ ഇവരെ സഹായിക്കുന്നതായി ശ്രീകുറുമ്പ ഫിഷിങ്ങ് ക്രാഫ്റ്റ് ഓണേഴ്സ് അസോസിയേഷന്, ശ്രീ കുറുംബ ഭഗവതിക്ഷേത്രം ഭാരവാഹികളായ പി.സാമിക്കുട്ടി, ബിജു, പി.വി.ചാത്തു, കെ.എസ്.ഗോപി, കെ.രവീന്ദ്രന് എന്നിവര്‍ പറഞ്ഞു.
ഈ മാസം 17ന് ശേഷം അനധികൃത മത്സ്യബന്ധനത്തിനായി അന്യജില്ലകളില്‍ നിന്നുവരുന്ന ഫൈബര്‍ വോട്ടുകളെ തടയാനാണ് കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനികരുടേയും, ഫിഷിങ്ങ് ക്രാഫ്റ്റ് ഓണേഴ്സ് സംഘടന ഭാരവാഹികളുടേയും തീരുമാനം. കണ്ണൂര്‍, ആയിക്കര വരെയുള്ള ലൈലന്റ് വള്ളങ്ങള്‍ മാത്രമേ മടക്കര, തൈക്കടപ്പുറം ബോട്ട്ജെട്ടി കേന്ദ്രീകരിച്ചുള്ള മത്സ്യബന്ധനം നടത്താന്‍ പാടുള്ളൂവെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പ്രതിഷേധത്തില്‍ കൂടിത്തന്നെ പ്രശ്നത്തെ നേരിടാനാണ് ഇവരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: