ധര്‍മ്മടം : സ്ത്രീയും പുരുഷനും അടുത്തുനിന്നാല്‍ ഇല്ലാതാവുന്ന ഒന്നല്ല സദാചാരമെന്നാണ് ഇന്ദുലേഖയിലൂടെ ചന്തുമേനോന്‍ സ്ഥാപിച്ചതെന്ന് കെ കെ മാരാര്‍ പറഞ്ഞു. തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഇന്ദുലേഖ നോവലിന്റെ 125-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
125-ാം വയസ്സിലും ഇന്ദുലേഖ കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. രണ്ടു സംസ്കാരങ്ങളുടെ സമന്വയം മനോഹരമായി വരച്ചുചേര്‍ത്ത കൃതിയാണ് ഇന്ദുലേഖ. ഭാരതീയ സംസ്കാരവും പാശ്ചാത്യസംസ്കാരവും മനോഹരമായി ഇതില്‍ സമന്വയിച്ചിരിക്കുന്നു. വായനക്കാരന്റെ ഉള്ളില്‍ ചിരി വിരിയിക്കുന്ന ഹാസ്യത്തിന്റെ ഭാവങ്ങള്‍ ഇന്ദുലേഖയില്‍ കാണാം. തന്റെ കുട്ടിക്കാലത്ത് ഇന്ദുലേഖയെന്നു കേള്‍ക്കുമ്പോള്‍ ഒയ്യാരത്ത് വീടിന്റെ പുളിമരത്തിലുണ്ടെന്നു പറഞ്ഞുകേട്ട കുട്ടികളെ ഇഷ്ടപ്പെടുന്ന സുന്ദരിയായ യക്ഷിയെയാണ് ഓര്‍മവരിക. മുതിര്‍ന്നപ്പോഴാണ് ഒരു സമൂഹത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെ അടയാളപ്പെടുത്തലായി അതിനെ വായിച്ചു മനസ്സിലാക്കിയത്. ഒയ്യാരത്ത് വീടും സഞ്ജയന്റെ വീടുമുള്‍പ്പെടെ സ്മാരകമാക്കി സംരക്ഷിക്കേണ്ടിയിരുന്ന തലശ്ശേരിയിലെ വീടുകളില്‍ പലതും നശിപ്പിക്കപ്പെട്ടത് ദു:ഖകരമാണ്.
സ്ത്രീയും പുരുഷനും അടുത്തിടപഴകുന്നതിനെ വിവാദമാക്കുന്ന കാലഘട്ടത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇന്ദുലേഖയും മാധവനും ചുംബനത്തിലൂടെ സ്നേഹം പകര്‍ന്ന രംഗം ഓര്ത്തെടുക്കേണ്ടതാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ സി പി ഹരീന്ദ്രന്‍ അഭിപ്രായപ്പെട്ടു. മലയാള വിഭാഗവും അധ്യാപക രക്ഷാകര്‍തൃസമിതിയും ചേര്‍ന്ന് നവീകരിച്ച ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെ സമര്‍പ്പണം പിടിഎ പ്രസിഡന്റ് ടി എം സുധാകരന് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എന്‍ ലീന അധ്യക്ഷയായി. വി കെ പ്രസന്ന, ഡോ. എ കെ അനില്‍കുമാര്‍, മേരിക്കുട്ടി അലക്സ്, കോളേജ് യൂണിയന് ചെയര്മാന് കെ രാഗില്‍ എന്നിവര്‍ സംസാരിച്ചു. മലയാളവിഭാഗം മേധാവി ഡോ. ജിസാ ജോസ് സ്വാഗതവും കെ പി പ്രശോഭിത് നന്ദിയും പറഞ്ഞു. ചടങ്ങില്‍ കോളേജില്‍നിന്നുള്ള സര്‍വകലാശാലാ റാങ്ക് ജേതാക്കളെ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: