ആലപ്പുഴ: മുല്ലയ്ക്കല് ചിറപ്പു മഹോത്സവത്തോട് അനുബന്ധിച്ചുള്ള കാര്‍ണിവല്‍ മുല്ലയ്ക്കലില്‍ നടത്തുന്നതിന് നഗരസഭയുടെ വിലക്ക്. ചിറപ്പു മഹോത്സവത്തിന്റെ പകിട്ടു കുറയ്ക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ പ്രതിഷേധമുയര്‍ന്നു. സിപിഎമ്മിലെ ഗ്രൂപ്പ് യുദ്ധവും കാരണമായതായി പറയപ്പെടുന്നു. മുല്ലയ്ക്കല് ക്ഷേത്രത്തിനു പരിസരത്ത് പോപ്പി അംബ്രല്ല മാര്‍ട്ട് വക സ്ഥലത്ത് കാര്‍ണിവല്‍ നടത്തുന്നതിനാണു നഗരസഭ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഇഎംഎസ് സ്റ്റേഡിയത്തില്‍ കാര്‍ണിവല്‍ നടത്തിയാല്‍ മതിയെന്നും നഗരസഭാധികൃതര്‍ ഉത്തരവിട്ടു.
മുല്ലയ്ക്കല് ചിറപ്പിനു വരുന്നവര്‍ കാര്‍ണിവലില്‍ പങ്കെടുക്കണമെങ്കില്‍ കിലോമീറ്ററുകള്‍ അകലെയുള്ള ഇഎംഎസ് സ്റ്റേഡിയത്തിലെത്തണമെന്ന നഗരസഭയുടെ പിടിവാശി ചിറപ്പു മഹോത്സവത്തിന്റെ ശോഭ കുറയ്ക്കാനുള്ള ആസൂത്രിത നീക്കമാണെന്നു ആക്ഷേപമുയര്‍ന്നു കഴിഞ്ഞു. മുല്ലയ്ക്കല് തെരുവിന്റെ ഇരുവശങ്ങളിലും വഴിയോര കച്ചവടക്കാര്‍ക്കു നഗരസഭ ലേലം ചെയ്തു നല്കിയിട്ടുള്ളതിനാല് കാര്‍ണിവല്‍ കൂടി വരുന്നതോടെ തിരക്ക് അനിയന്ത്രിതമാകുമെന്നാണ് നഗരസഭയുടെ ഭാഷ്യം. എന്നാല്‍ കടകള്‍ ലേലം ചെയ്യുന്നതു നഗരസഭ ഒഴിവാക്കിയാല്‍ തിരക്കു കുറയ്ക്കാനാകുമെന്ന മറുവശം കൂടിയുണ്ട്.
സിപിഎമ്മിലെ ഗ്രൂപ്പ് സമവാക്യങ്ങളും മുല്ലയ്ക്കലെ കാര്‍ണിവല്‍ വിലക്കുന്നതിനും ഇടയാക്കിയതായി പറയപ്പെടുന്നു. ഇവിടെ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറിനകം പൊളിച്ചുമാറ്റണമെന്നും വിവരം രേഖാമൂലം അറിയിക്കണമെന്നും നഗരസഭാ സെക്രട്ടറി കത്തു നല്‍കിക്കഴിഞ്ഞു. അതിനിടെ ഒരു കൗണ്‍സിലര്‍ പ്രശ്നം പരിഹരിക്കുന്നതിനു ലക്ഷങ്ങള്‍ ആവശ്യപ്പെട്ടതായും ആക്ഷേപമുയര്‍ന്നു കഴിഞ്ഞു. നേരത്തെ ചിറപ്പു മഹോത്സവത്തിന്റെ ദീപാലങ്കാര കമാനം സ്ഥാപിക്കുന്നതിനെതിരെ രംഗത്തെത്തിയ വിവാദ കൗണ്‍സിലറാണു ഇതിനു പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: