കുട്ടനാട്: മങ്കൊമ്പ് അവിട്ടം തിരുനാള്‍ വിഎച്ച്എസ്എസ് കെട്ടിടം തകര്‍ന്നുവീണിട്ടു നാലുമാസമെത്തുമ്പോഴും പകരം സംവിധാനമൊരുക്കാത്തതില്‍ വ്യാപക പ്രതിഷേധം. കഴിഞ്ഞ ആഗസ്റ്റ് 16നാണ് രണ്ടുവര്‍ഷം മാത്രം പഴക്കമുണ്ടായിരുന്ന എസ്എസ്എ ഫണ്ടുപയോഗിച്ചു നിര്‍മ്മിച്ച 12 ക്ലാസ് മുറികളുള്ള ഇരുനിലകെട്ടിടം തകര്‍ന്നുവീണത്. 2009-10, 2010-11 വര്‍ഷങ്ങളിലെ എസ്എസ്എ ഫണ്ടില്‍ നിന്നുള്ള 32 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു കെട്ടിടം നിര്‍മ്മിച്ചത്. പിന്നീട് ക്ലാസ്മുറികളുടെ പോരായ്മ പരിഹരിക്കാന്‍ സ്കൂളിന്റെ തന്നെ അഞ്ചുക്ലാസ് മുറികളുള്ള ഓടുമേഞ്ഞ പഴയകെട്ടിടം അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ തീരുമാനമായി. ഇതിനായി പഞ്ചായത്തില്‍ നിന്നും എട്ടുലക്ഷം രൂപ അനുവദിക്കാമെന്നും അറിയിച്ചിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും പ്രഖ്യാപനം കടലാസില്‍ ഒതുങ്ങി. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ജില്ലാ പഞ്ചായത്ത് ഓഫീസിലേയ്ക്കു മാര്‍ച്ച് നടത്തി.
പിടിഎ പ്രസിഡന്റ് കെ.സി. രമേഷ്കുമാര്‍, വൈസ് പ്രസിഡന്റ് പി. രാധാകൃഷ്ണന്, ജനപ്രതിനിധികളായ പി. പത്മകുമാര്‍, ആര്. രമേഷ്കുമാര്‍, വിദ്യാര്‍ത്ഥി പ്രതിനിധികളായ കീര്‍ത്തി, അപര്‍ണ, ഗിരീഷ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി. സര്‍ക്കാരില്‍ നിന്നും അനുമതി ലഭിക്കാത്തതാണ് പണം അനുവദിക്കാന്‍ സാധിക്കാതിരുന്നതെന്ന് പ്രതിഭാഹരി സമരക്കാരെ അറിയിച്ചു.
ടെന്‍ഡര്‍ നടത്തുന്നതിനുള്ള കാലതാമസമാണ് തുക അനുവദിക്കാന്‍ വൈകിയത്. മാനുവല്‍ ടെന്‍ഡറിനായി സംസ്ഥാന കോഡിനേഷന്‍ കമ്മറ്റിയുടെ അനുമതി കാത്തു കഴിയുകയായിരുന്നു. എന്നാല്‍ ഇ-ടെന്‍ഡര്‍ നടത്തുന്നതിനുള്ള സമയപരിധി അനുകൂലമായതിനാല്‍ ഏറേ വൈകാതെ ജില്ലാ പഞ്ചായത്തില്‍ നിന്നും നേരിട്ട് ടെന്‍ഡര്‍ നടത്തുന്നതിനുള്ള നടപടികള്‍ ഉടനെയുണ്ടാകുമെന്നും, ജില്ലാ പഞ്ചായത്തിന്റെ അടുത്തവര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പെടുത്തി പുതിയ സ്കൂള്‍ കെട്ടിടം അനുവദിക്കാമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പുനല്‍കിയതായി സമരക്കാര്‍ അറിയിച്ചു. നിര്‍മ്മാണം പൂര്‍ത്തിയായി രണ്ടുവര്‍ഷത്തിനുള്ളില്‍ തന്നെ കെട്ടിടം തകര്‍ന്നു വീണതില്‍ ദുരൂഹതയുണ്ട്. നിര്‍മ്മാണത്തിലെ പോരായ്മയും, നിര്‍മ്മാണ സാമഗ്രികള്‍ വേണ്ടത്ര ഉപയോഗിക്കാത്തതുമാണ് കെട്ടിടം തകര്‍ന്നു വീഴാന്‍ കാരണം. ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: