തൃക്കരിപ്പൂര്‍: നടക്കാവ് വലിയകൊവ്വലില് നിര്‍ദിഷ്ട സിന്തറ്റിക്ക് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് കിറ്റ്ക്കോ സംഘം പരിശോധന നടത്തി. കരാര്‍ വ്യവസ്ഥ മറികടന്ന് നിശ്ചിത അളവില്‍ നിന്നും കുറവ് വരുത്തി സ്റ്റേഡിയം നിര്‍മ്മാണത്തിന് അടയാളപ്പെടുത്തിയത് സ്പോര്‍ട്സ് പ്രേമികളുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടന്ന് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ജില്ലയിലെ ഫുട്ബോള്‍ ആസ്വാദകരുടെയും കളിക്കാരുടെയും ചിരകാല സ്വപ്നമായ ആധുനീക സിന്തറ്റിക്ക് സ്റ്റേഡിയം നിര്‍മ്മാണ ഉപദേശകരാണ് കിറ്റ്ക്കോ സംഘം.
നിര്‍മ്മാണത്തില്‍ മേല്‍നോട്ടം വഹിക്കേണ്ട എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളോ പഞ്ചായത്ത് ഭരണ സമിതിയോ ഇക്കാര്യത്തില്‍ താല്‍പ്പര്യം കാട്ടത്തതാണ് കരാറുകാര്‍ കൃത്രിമം കാട്ടാന്‍ ശ്രമിക്കുന്നതിന് കാരണമെന്ന് നാട്ടുകാരും കായിക പ്രേമികളും ആരോപിക്കുന്നു . കേരളത്തില്‍ രണ്ട് ജില്ലകളില്‍ മാത്രമനുവദിച്ച സിന്തറ്റിക് ടര്‍ഫ് മലബാറില്‍ കാസര്‍ഗോഡ് ജില്ലയില്‍ മാത്രമാണ് . തൃക്കരിപ്പുരിന്റെ ഫുട്ബോള്‍ പാരമ്പര്യം കണക്കിലെടുത്ത് 4.5.കോടിയുടെ കളിക്കളം അനുവദിച്ച് രണ്ട് വര്‍ഷം കഴിഞ്ഞാണ് നിര്‍മ്മാണം ആരംഭിച്ചത് എന്നത് തന്നെ ജനപ്രതിനിധികളുടെ ഇടപെടല്‍ എത്രയുണ്ടെന്ന് മനസിലാക്കാന്‍ പോന്നതാണ് .സംസ്ഥാന സര്‍ക്കാര്‍ രണ്ട് വര്‍ഷം മുന്‍പ് ജില്ലക്ക് അനുവദിച്ച ആധുനീക സിന്തറ്റിക്ക് മൈതാനത്തിന്റെ നീളവും വീതിയും കുറച്ച് നിര്‍മ്മാണം നടത്താനായിരുന്നു ശ്രമം.
ഫുട്ബോള്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കാന്‍ സ്റ്റേഡിയത്തിന് 110 മീറ്റര്‍ നീളവും 75 മീറ്റര്‍ വീതിയുമാണ് ആവശ്യം. എന്നാല്‍ സ്റ്റേഡിയത്തിന് 75 മീറ്റര്‍ നീളത്തിലാണ് മാര്‍ക്ക് ചെയ്തിരിക്കുന്നത്. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ 2.75 കോടി രൂപ ഉള്‍പ്പെടെ 4.50 കോടി രൂപ ചിലവിട്ടാണ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്.
ഡല്‍ഹി ആസ്ഥാനമായ ശിവ നരേഷ് കമ്പനിയാണ് നിര്‍മ്മാണം ഏറ്റെടുത്തത്. വരും ദിവസങ്ങളില്‍ ഇവിടെ നടക്കുന്ന പ്രവര്‍ത്തികളുടെ മേല്‍നോട്ടം ആര് ഏറ്റെടുക്കുമെന്ന ചോദ്യത്തിന് മറുപടിപറയാന്‍ ആരുമില്ല. തൊട്ടടുത്ത നടക്കാവ് കോളനിയില്‍ സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വകുപ്പ് അനുവദിച്ച ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ സ്ഥിതി തന്നെ 4.5 കോടി രൂപയുടെ സിന്തറ്റിക് ടര്‍ഫ് നിര്‍മ്മാണത്തിനും വരുമോ എന്ന ആശങ്കയിലാണ് എല്ലാവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: